Emedia

'നാനോ' കാറിന് പിന്നിലെ 'മാസ്സീവ്' തട്ടിപ്പ്: രത്തന്‍ ടാറ്റയെക്കുറിച്ചൊരു എതിര്‍വായന

നാനോ കാറിന് പിന്നിലെ മാസ്സീവ് തട്ടിപ്പ്:   രത്തന്‍ ടാറ്റയെക്കുറിച്ചൊരു എതിര്‍വായന
X

കോഴിക്കോട്: ടാറ്റാ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റയുടെ വിയോഗമായിരുന്നു കഴിഞ്ഞ ദിവസത്തെ ഇന്ത്യന്‍ മാധ്യമങ്ങളിലെ പ്രധാനവാര്‍ത്തകള്‍. അദ്ദേഹം വ്യാവസായിക ലോകത്തിന് നല്‍കിയ സംഭാവനയും കാര്യണ്യപ്രവര്‍ത്തനങ്ങളുമെല്ലാം വാതോരാതെ പ്രസിദ്ധീകരിച്ചു. എന്നാല്‍, രത്തന്‍ ടാറ്റ ഉള്‍പ്പെട്ട ടാറ്റയുടെ വ്യവസായത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരെയും മറ്റും കുറിച്ച് പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ സഹദേവന്റ കുറിക്കുന്നത്. രത്തന്‍ ടാറ്റയെ കുറിച്ചും അദ്ദേഹത്തിന്റെ പാവങ്ങള്‍ക്കു വേണ്ടിയുള്ള കാര്‍ എന്നറിയപ്പെട്ട നാനോ കാറിനെയും കുറിച്ചുള്ള എതിര്‍വായനയാണത്.

കെ സഹദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

1991ല്‍ ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാനായി രത്തന്‍ ടാറ്റ അധികാരമേറ്റെടുക്കുമ്പോള്‍ ടാറ്റാ ഗ്രൂപ്പിന്റെ വാര്‍ഷിക റവന്യൂ 4 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നുവെന്നും 2012ല്‍ രത്തന്‍ ടാറ്റ റിട്ടയര്‍ ചെയ്യുമ്പോഴേക്കും അത് 100 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ത്തിയെന്നും അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് എഴുതപ്പെട്ട ലേഖനങ്ങളില്‍ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. പതിനായിരക്കണക്കിന് കോടി രൂപ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ച രത്തന്‍ ടാറ്റ രാജ്യത്തെ ഏറ്റവും വലിയ കാരുണ്യ പ്രവര്‍ത്തകനായും വാഴ്ത്തപ്പെട്ടു. ''സാധാരണക്കാരന് സ്വന്തമായൊരു കാര്‍ എന്ന സ്വപ്നത്തിന് ചിറകുമുളപ്പിച്ച വ്യക്തി'', ''കോര്‍പറേറ്റ് കാരുണ്യത്തിന്റെ മുഖം'' രത്തന്‍ ടാറ്റയെക്കുറിച്ച് ഏതാണ്ടെല്ലാ മാധ്യമങ്ങളും ഒരേസ്വരത്തില്‍ പാടിയ പാട്ടുകളുടെ സാരാംശം ഇതുതന്നെയായിരുന്നു. എന്നാല്‍ നാല് ബില്യണ്‍ ഡോളറില്‍ നിന്നും 100 ബില്യണ്‍ ഡോളറിലേക്ക് വാര്‍ഷിക വരുമാനം വര്‍ധിപ്പിച്ച ടാറ്റാ തന്ത്രത്തില്‍ രാജ്യത്തെ പൊതുവിഭവങ്ങള്‍ കൊള്ളയടിക്കപ്പെട്ടതിന്റെയോ നിര്‍ധനരായ സാധാരണ മനുഷ്യരെ കൊലയ്ക്ക് കൊടുത്തതിന്റെയോ ചരിത്രം പറയാന്‍ ആരും മെനക്കെട്ടില്ല. കടമ്മനിട്ട 'ചാക്കാല' ചൊല്ലിയതുപോലെ:

''വെറ്റില തിന്നു ചവച്ചു തുപ്പി

കൂട്ടത്തില്‍ കൂടണം നന്മ ചൊല്ലാന്‍.

ഭാഗ്യവാനെന്നേ പറയാവൂ

യോഗ്യതയുച്ചത്തിലോര്‍ക്കേണം

ചാവിന്നു ബന്ധുത്വമേറുമല്ലോ

ചാവാതിരിക്കൊമ്പോളെന്തുമാട്ടെ'' എന്ന മട്ടിലായിരുന്നു കാര്യങ്ങള്‍.

'നാനോ' കാറിന് പിന്നിലെ 'മാസ്സീവ്' തട്ടിപ്പ്

ഒരു ലക്ഷം രൂപയ്ക്ക് സാധാരണക്കാരന് ഒരു കാര്‍ എന്ന വാഗ്ദാനവുമായി പശ്ചിമബംഗാളിലെ ഹൂഗ്‌ളി ജില്ലയിലെ സിംഗൂരില്‍ കാര്‍ ഫാക്ടറി ആരംഭിക്കാന്‍ തീരുമാനിച്ച ടാറ്റയ്ക്ക് സിംഗൂരിലെ കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിയേണ്ടി വന്നു. തങ്ങളുടെ ഭൂമി സംരക്ഷിക്കാന്‍ പ്രക്ഷോഭത്തിലേര്‍പ്പെട്ട കര്‍ഷകര്‍ക്കെതിരേ പോലിസ് ആക്ഷനടക്കം പ്രയോഗിച്ച് നോക്കിയതിന് ശേഷം മാത്രമാണ് ടാറ്റ പിന്മാറിയത്.

സിംഗൂരിലെ അവസാനത്തെ അടവും പരാജയപ്പെട്ട ടാറ്റയെ തന്റെ സംസ്ഥാനത്തേക്ക് ക്ഷണിച്ചുവരുത്തിയത് അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയായിരുന്നു. ഗുജറാത്തിലെ സാനന്ദില്‍ 2010ല്‍ ടാറ്റയുടെ നാനോ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചു. ഒരു ലക്ഷം രൂപയ്ക്ക് കാര്‍ യാഥാര്‍ഥ്യമാക്കിയ ടാറ്റ മഹാത്മാവായി വാഴ്ത്തപ്പെട്ടു.

ആരുടെ പണം?.

ബംഗാള്‍ ഗവണ്‍മെന്റിന്റെ പിടിപ്പുകേടായും മോദിയുടെ സാമര്‍ഥ്യമായും പ്രചരിപ്പിക്കപ്പെടുന്ന നാനോ കഥയ്ക്ക് പിന്നില്‍ പൊതുഖജനാവില്‍ നിന്ന് നഷ്ടമാവുന്ന കോടികളുടെ കണക്ക് കൂടി ചേര്‍ക്കുമ്പോള്‍ മാത്രമാണ് ആരുടെ പണത്തിന്മേലായിരുന്നു ടാറ്റയുടെ നാനോ സ്വപ്നം പൂവണിഞ്ഞതെന്ന് മനസ്സിലാവൂ.

ചതുരശ്ര മീറ്ററിന് 10,000 രൂപ വിപണി മൂല്യമുള്ള ഭൂമി ടാറ്റയ്ക്ക് പതിച്ചു നല്‍കിയത് 900 രൂപയ്ക്കായിരുന്നുവെന്നത് നാനോ കാറുകളുടെ വാഴ്ത്തുപാട്ടുകാരില്‍ ആരും തന്നെ മിണ്ടിയില്ല. ഇത്രയും തുച്ഛമായ വിലയ്ക്ക് 1,106 ഏക്കര്‍ ഭൂമിയാണ് സാനന്ദില്‍ നാനോ ഫാക്ടറിക്കായി നല്‍കപ്പെട്ടത്. സാനന്ദ് ഭൂമി ഇടപാടില്‍ യാതൊരു വിധ സ്റ്റാമ്പ് ഡ്യൂട്ടിയും ടാറ്റയ്ക്ക് നല്‍കേണ്ടി വന്നില്ല. ഈയൊരു ഭൂമി ഇടപാടിലൂടെ മാത്രം ടാറ്റ ഗ്രൂപ്പ് ലാഭിച്ചത് 33,000 കോടി രൂപയായിരുന്നു. തീര്‍ന്നില്ല, തുച്ഛമായ ഈ ഭൂമി വിലപോലും തവണകളായി അടയ്ക്കാനുള്ള സൗകര്യവും ഗവണ്‍മെന്റ് അനുവദിച്ചുകൊടുത്തു. സാനന്ദിലെ നാനോ ഫാക്ടറിക്കായി 9,570 കോടി രൂപ പൊതുമേഖലാ ബാങ്കില്‍ നിന്ന് കടമായി അനുവദിച്ചത് കേവലം 0.01% പലിശ നിരക്കിലായിരുന്നു. അതും 20 വര്‍ഷത്തെ മൊറൊട്ടോറിയത്തോടെ!!! കമ്പനിയിലേക്കുള്ള റോഡ്, റെയില്‍ സൗകര്യങ്ങള്‍ സര്‍ക്കാര്‍ വക വേറെയും!!. 14000 ഘന മീറ്റര്‍ വെള്ളം ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ക്കായി സൗജന്യമായി അനുവദിച്ചുകൊടുത്തു. 220 കെവി വൈദ്യുതി ഇരുപത്തിനാലു മണിക്കൂറും ഇടതടവില്ലാതെ നികുതി ഭാരങ്ങളില്ലാതെ നല്‍കപ്പെട്ടു. ടാറ്റയുടെ ഒരു നാനോ കാര്‍ ഫാക്ടറിയില്‍ നിന്ന് പുറത്തുകടക്കുമ്പോഴേക്കും 60,000 രൂപയിലധികം പൊതുഖജനാവില്‍ ചെലവഴിക്കപ്പെട്ടിരുന്നുവെന്ന സത്യം മാത്രം ആരും പറഞ്ഞില്ല. സാനന്ദില്‍ ആനന്ദതുന്ദിലനായ ടാറ്റ സന്തോഷം സഹിക്കവയ്യാതെ വിളിച്ചുപറഞ്ഞു; 'You are stupid if you are not in Gujarat'

പ്രതിവര്‍ഷം 2,50,000 നാനോ കാറുകള്‍ നിര്‍cിക്കുമെന്നായിരുന്നു ടാറ്റാ കമ്പനി അവകാശപ്പെട്ടിരുന്നത്. 2010ല്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഏതാണ്ട് 3 ലക്ഷം കാറുകള്‍ മാത്രമേ ടാറ്റയുടെ നാനോ ഫാക്ടറിയില്‍ നിന്നു പുറത്തിറങ്ങുകയുണ്ടായുള്ളൂ എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2019ല്‍ കേവലം 319 നാനോ കാര്‍ മാത്രമായിരുന്നു സാനന്ദ് ഫാക്ടറിയില്‍ നിര്‍മിക്കപ്പെട്ടത്. 2020ല്‍ നാനോ നിര്‍മാണം ഏതാണ്ട് പൂര്‍ണമായും നിലച്ചു. സാധാരണക്കാരന്റെ കാര്‍ സ്വപ്നം യാഥാര്‍ഥ്യമാക്കിയ ടാറ്റയുടെ വിശാല മനസ്സിനെക്കുറിച്ച് വായ്ത്താരി ചൊല്ലുന്നവര്‍ ആരും തന്നെ ഈ കണക്കുകളോ യാഥാര്‍ഥ്യങ്ങളോ ജനങ്ങളോട് പറയാന്‍ മെനക്കെട്ടില്ല.

ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത തുച്ഛമായ കടം തിരിച്ചടക്കാന്‍ സാധിക്കാതെ ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യയെ അഭയം പ്രാപിച്ചുകൊണ്ടിരുന്ന അതേ കാലയളവിലാണ് വ്യാവസായിക വികസനത്തിന്റെയും തൊഴില്‍ സൃഷ്ടിയുടെയും പേരില്‍ ടാറ്റയ്ക്ക് ഈ രീതിയില്‍ അസാധാരണാംവിധമുള്ള സൗജന്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുകൊടുത്തുകൊണ്ടിരുന്നത്.

(2013 ജൂണ്‍ 2329 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാന്‍ എഴുതിയ 'ഗുജറാത്തിലെ വംശഹത്യാനന്തര വികസനം' എന്ന ലേഖനത്തില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വായിക്കാം)

ചിത്രം: കലിംഗ നഗറില്‍ 2006 ജനുവരി 2ന് ടാറ്റയുടെ സ്റ്റീല്‍ പ്ലാന്റിനെതിരായി നടന്ന പ്രതിഷേധത്തിനെതിരേ പോലിസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട 13 ഗ്രാമീണരുടെ ശവസംസ്‌കാര ചടങ്ങിന്റെ ദൃശ്യം

അടുത്തത്: വ്യാവസായിക വളര്‍ച്ചയ്ക്ക് സ്വകാര്യ സേനയെ സൃഷ്ടിച്ച ആദ്യ വ്യവസായി(തുടരും)


Next Story

RELATED STORIES

Share it