- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാരാജാസിലെ എന്റെ ജീവിതാന്വേഷണ പരീക്ഷണങ്ങള്‍- ഡോ. എ കെ വാസു
കേരളത്തിലെ വിപ്ലവകേന്ദ്രമെന്ന് ഇടതുപക്ഷം കാല്പനിക ഭംഗിയോടെ അവതരിപ്പിച്ച കലാലയമാണ് എറണാകുളം മഹാരാജാസ് കോളജ്. പില്‍ക്കാലത്ത് കേരളത്തില്‍ പ്രശസ്തരായ നിരവധി പേരുടെ അനുഭവങ്ങള്‍ ഈ കാല്‍പനിക ഭംഗിയെ ആവോളം ഊതിപ്പെരുപ്പിക്കുകയും ചെയ്തു.എന്നാല്‍, ഈ ഇടത് ആഖ്യാനങ്ങള്‍ക്കുളളില്‍ അരികുവല്‍ക്കരിക്കപ്പെടുകയും അവരുടെ ഹിംസയ്ക്ക് പാത്രമാവുകയുംചെയ്ത ദലിത് വിദ്യാര്‍ത്ഥി അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ഡോ. എ കെ വാസു.
കേരളത്തിലെ വിപ്ലവകേന്ദ്രമെന്ന് ഇടതുപക്ഷം കാല്പനിക ഭംഗിയോടെ അവതരിപ്പിച്ച കലാലയമാണ് എറണാകുളം മഹാരാജാസ് കോളജ്. പില്‍ക്കാലത്ത് കേരളത്തില്‍ പ്രശസ്തരായ നിരവധി പേരുടെ അനുഭവങ്ങള്‍ ഈ കാല്‍പനിക ഭംഗിയെ ആവോളം ഊതിപ്പെരുപ്പിക്കുകയും ചെയ്തു.എന്നാല്‍, ഈ ഇടത് ആഖ്യാനങ്ങള്‍ക്കുളളില്‍ അരികുവല്‍ക്കരിക്കപ്പെടുകയും അവരുടെ ഹിംസയ്ക്ക് പാത്രമാവുകയുംചെയ്ത ദലിത് വിദ്യാര്‍ത്ഥി അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ഡോ. എ കെ വാസു. 'ഒന്നിപ്പ്' ഓണ്‍ലൈന്‍ മാസികയിലെഴുതിയ ലേഖനത്തിലാണ് കാംപസുകളില്‍ എസ്എഫ്‌ഐ നടത്തിവരുന്ന ജനാധിപത്യവിരുദ്ധവും അരാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളെ തുറന്നുകാട്ടുന്നത്.
ലേഖനത്തിന്റെ പൂര്‍ണ രൂപം
എന്റെ സ്വന്തത്തിലുള്ളവര്‍ എല്ലാവരും തന്നെ എന്റെ ജാതിയില്‍പ്പെട്ടവരാണ് എന്നതുപോലെ അവരെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ കൂടി ആയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ സ്വയംഭൂവായ ഒരു കമ്മ്യൂണിസ്റ്റ് ജീവിതമായിരുന്നു ബാല്യത്തില്‍ എനിക്കുണ്ടായിരുന്നത്. സാധാരണ ദലത് യുവാക്കള്‍ ചെയ്യുന്നത് പോലെ പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കുക, ചുവരെഴുതുക, വഴക്കുണ്ടാക്കുക, അടി മേടിക്കുക എന്നുള്ള കാര്യങ്ങള്‍ ഞാന്‍ തുടര്‍ന്നും ചെയ്തുകൊണ്ടേയിരുന്നു.
കാക്കനാട് മാര്‍ അത്താനിയേഷ്യസ് ഹൈസ്‌ക്കൂളിലും തൃക്കാക്കര ഭാരത് മാതാ കോളജിലും എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്ന ഞാന്‍ ആ ആവേശത്തിന്റെ ഒരു തുടര്‍ച്ച എന്ന രീതിയിലാണ് എറണാകുളം മഹാരാജാസ് കോളജിലേക്ക് ചെല്ലുന്നത്. എസ്എഫ്‌ഐയുടെ കോട്ട എന്നാണല്ലോ മഹാരാജാസ് കോളജ് അറിയപ്പെടുന്നത്. എസ്എഫ്‌ഐയുടെ വാഗ്ദത്ത ഭൂമിയില്‍ എത്തുന്നത് പോലെയാണ് ഞാനടക്കമുള്ള മുഴുവന്‍ ദലിത് വിദ്യാര്‍ത്ഥികളും മഹാരാജാസില്‍ എത്തുന്നത്. ദലിതനാണെങ്കില്‍ എസ്‌സി സംവരണം കിട്ടാന്‍ ഹിന്ദു ആയിരിക്കണം എന്നത് പോലെ പട്ടിക ജാതിക്കാരനാണെങ്കില്‍ മഹാരാജാസില്‍ എസ്എഫ്‌ഐ ആയിരിക്കണം എന്നതു അവിടത്തെ അലിഖിത നിയമമാണ്. അങ്ങനെയൊരു ഇടത്തേക്കാണ് ഞാന്‍ ചെല്ലുന്നത്.
മഹാരാജാസിന്റേത് അന്ന് വല്ലാത്ത ഒരു ലോകം ആയിരുന്നു. ഭ്രമിപ്പിക്കുന്ന ഒരു ലോകം. നാട്ടിലേതു പോലുള്ള സംഘടനാ പ്രവര്‍ത്തനം അല്ല മഹാരാജാസിന് ഉള്ളത്. നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം എന്നാല്‍ ദലിതരും പിന്നാക്കക്കാരും ഉള്ള പാര്‍ട്ടി എന്ന നിലക്ക് പലയിടത്തും വില കുറഞ്ഞ പരിപാടി ആണ്. എന്നാല്‍ മഹാരാജാസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തനം എന്നത് വലിയ ഒരു 'മെക്‌സിക്കന്‍ അപാരത' ആണല്ലോ. മഹാരാജാസില്‍ എസ്എഫ്‌ഐ ആയിരിക്കുക എന്നത് ഒരു ഗ്ലാമര്‍ കൂട്ടുന്ന പരിപാടി കൂടിയാണ്. സിനിമ സംവിധായകരായ അമല്‍ നീരദും രാജീവ് രവിയുമൊക്കെ ഞാന്‍ പഠിച്ച കാലത്ത് മഹാരാജാസിലെ എസ്എഫ്‌ഐ ഭാരവാഹികള്‍ എന്നതിന് പുറമെ കോളജ് യൂനിയന്‍ ചെയര്‍മാന്‍മാരും ആയിരുന്നു. അന്നത്തെ കാലഘട്ടങ്ങളില്‍ അവിടത്തെ എസ്എഫ്‌ഐയിലെ പ്രധാന ഭാരവാഹികള്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ കൂടുതലായും ഉന്നത ജാതിയില്‍ പെട്ടവര്‍ ആയിരിക്കും. നാട്ടില്‍ അവര്‍ ചിലപ്പോള്‍ ഇടതു പക്ഷമല്ലാത്ത പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും ആകാറുണ്ട്. അതുകൊണ്ടു തന്നെ ഞങ്ങളെ പോലുള്ള സാധാരണ വീടുകളില്‍ നിന്നു വരുന്ന പ്രവര്‍ത്തകര്‍ക്ക് അക്കാര്യത്തില്‍ കടുത്ത അമര്‍ഷം ഉണ്ടായിരുന്നു. പോസ്റ്റര്‍ ഒട്ടിക്കാന്‍ ഞങ്ങളും പദവി കളിക്കാനും അധികാരങ്ങളില്‍ ഇരിക്കാനും സവര്‍ണ വിഭാഗങ്ങളും എന്നതായിരുന്നു അന്നത്തെ ലോജിക്. പൊതുവിദ്യാര്‍ത്ഥികളുടെ ശ്രദ്ധ കിട്ടാനും ആരാധന കിട്ടാനും ഉള്ള 'അടവ് നയം' ആണത് എന്നാണ് അവര്‍ പറഞ്ഞിരുന്നത്. അത്തരം അവസ്ഥകളില്‍/പദവികളില്‍ എനിക്കൊന്നും ഒരിയ്ക്കലും എത്താന്‍ കഴിയില്ല എന്നു ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ അത് തുറന്നുപറഞ്ഞിട്ടുമുണ്ട്. അവര്‍ അത് പാര്‍ലമെന്ററി വ്യാമോഹം കൊണ്ട് പറയുന്നതാണ് എന്നു വിശേഷിപ്പിച്ചപ്പോള്‍ 'ഞങ്ങള്‍ക്കെന്താ പാര്‍ലമെന്ററി വ്യാമോഹം പാടില്ലേ?' എന്ന് അക്കാലത്ത് ഞാന്‍ ചോദിച്ചിട്ടുണ്ട്. അങ്ങനെ ജന്മസിദ്ധമായ ജാതിയും ജന്മസിദ്ധമായ സംഘടനയും തമ്മിലുള്ള ഒരു അന്ത: സംഘര്‍ഷം നിലനില്‍ക്കുന്ന കാലത്താണ് മലയാളം ഡിപ്പാര്‍ട്‌മെന്റില്‍ എന്റെ സീനിയര്‍ ആയ രാധാകൃഷ്ണന്‍ ചെങ്ങാട്ട് എന്ന വിദ്യാര്‍ഥിയെ ഞാന്‍ പരിചയപ്പെടുന്നത്. അദ്ദേഹമാണ് കെ കെ കൊച്ച്, സണ്ണി എം കപിക്കാട്, ശശികുമാരന്‍ മാഷ്, ജോണ്‍ ജോസഫ്, പി സി ഉഷ തുടങ്ങിയവരുമായി എന്നെ പരിചയപ്പെടുത്തുന്നത്. അങ്ങനെയാണ് ഞാന്‍ എറണാകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ എത്തുന്നത്.
പിന്നീട് പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ ചെല്ലുമ്പോല്‍ ദലിത് ചര്‍ച്ചകളുമായി ബന്ധപ്പെട്ട് യു എന്‍ സുധീര്‍, അനില്‍കുമാര്‍, പി പി അശോകന്‍ തുടങ്ങി നിരവധി പേരെ പരിചയപ്പെടാന്‍ ഇടയായി. അന്ന് ദലിത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഈറ്റില്ലമായി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ മാറുകയായിരുന്നു. സ്വഭാവികമായും ഒരു കാല്‍ എസ്എഫ്‌ഐയിലും മറ്റെ കാല്‍ ദലിത് ചര്‍ച്ചകളിലും ആയി ഞാന്‍ ജീവിച്ചു.
ആ കാലഘട്ടത്തില്‍ ദലിത് വിദ്യാര്‍ത്ഥി ഏകോപന സമിതി ഉണ്ടാക്കാമെന്ന തീരുമാനം ഉണ്ടായി. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ദലിത് വിദ്യാര്‍ഥികള്‍ പെട്ടെന്നു ഈ സംഘടനയുടെ പ്രവര്‍ത്തകര്‍ ആയി മാറുകയും ചെയ്തു. മഹാരാജാസിലെ ഫിലോസഫി ഡിപ്പാര്‍ട്‌മെന്റിലെ ദലിതരും മുസ്‌ലിംകളും പിന്നാക്കക്കാരും സുറിയാനി ക്രിസ്ത്യാനികളും ആംഗ്ലോ ഇന്ത്യന്‍സ് അടക്കമുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളും അടങ്ങിയ ശക്തമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി ദലിത് വിദ്യാര്‍ത്ഥി ഏകോപന സമിതി ഉയര്‍ന്നു വന്നു. എസ്എഫ്‌ഐയുടെ കൊടികളും തോരണങ്ങളും ദലിത് വിദ്യാര്‍ത്ഥികളുടെ റൂമുകളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു.
ഈ പ്രസ്ഥാനം ദലിത് വിദ്യാര്‍ത്ഥികളോട് ആദ്യമായി പഠിക്കാനാണ് പറഞ്ഞത്. എസ്എഫ്‌ഐയുടെ മുദ്രാവാക്യം പഠിക്കുക പോരാടുക എന്നാകുമ്പോള്‍, അത് ഉയര്‍ന്ന ജാതി വിദ്യാര്‍ഥികള് പഠിപ്പ് മാത്രം ഏറ്റെടുത്തപ്പോള് ദളിത് വിദ്യാര്‍ത്ഥികള്‍ പോരാട്ടം മാത്രം ഏറ്റെടുക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നു. എന്നാല്‍ കോച്ചേട്ടനെ (കെ കെ കൊച്ച്) പോലുള്ളവര്‍ ദലിത് വിദ്യാര്‍ത്ഥികളോട് 'പഠിക്കുക, പഠിക്കുക, പഠിക്കുക' എന്നു തന്നെ പറഞ്ഞു കൊണ്ടിരുന്നു. 'നിങ്ങള്‍ നിങ്ങളുടെ വെളിച്ചമാവുക' എന്ന അംബേദ്കര്‍ വാചകമാണ് കോച്ചേട്ടന്‍ നിത്യമായി ഉന്നയിച്ചിരുന്നത്. എസ്എഫ്‌ഐക്കു ഇത് സഹിച്ചില്ല. അവര്‍ക്ക് അന്ന് ഡീലിങ് കമ്മറ്റി എന്നൊരു വിങ്ങ് തന്നെ ഉണ്ടായിരുന്നു. ഡീലിങ് കമ്മറ്റിയുടെ പ്രവര്‍ത്തനം തന്നെ എസ്എഫ്‌ഐ അല്ലാത്തവരുടെ പ്രണയങ്ങള്‍ കണ്ടുപിടിക്കുക എസ്എഫ്‌ഐ അല്ലാത്തവര്‍ രാഷ്ട്രീയ പ്രവര്‍ത്തനവുമായി കാംപസ് സമയം കഴിഞ്ഞു അവിടെ നിന്നാല്‍ ശത്രുതാബോധത്തോടെ അതിക്രൂരമായി മര്‍ദ്ദിക്കുക എന്നിവയായിരുന്നു. എസ്എഫ്‌ഐ ആയിരുന്ന കാലത്ത് ഞാനും അതില്‍ ഉണ്ടായിരുന്നത് കൊണ്ട് ഡീലിങ് കമ്മറ്റി എന്താണ് എന്നു എനിക്കു നല്ല ധാരണ ഉണ്ടായിരുന്നു. എസ്എഫ്‌ഐയില്‍ നിന്നു വിട്ടു മറ്റൊരു വിദ്യാര്‍ത്ഥി പ്രസ്ഥാനം ഉണ്ടാക്കിയതു കൊണ്ട് ഞാന്‍ എസ്എഫ്‌ഐയുടെ പ്രധാന ശത്രുവായി.
അന്ന് എസ്എഫ്‌ഐക്കാര്‍ക്ക് താമസിക്കാനുള്ള ഒരു ഇടമായിരുന്നു എംസിആര്‍വി ഹോസ്റ്റല്‍. അന്തേവാസികളെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ അവര്‍ ഹോസ്റ്റലില്‍ കയറി താമസിച്ചു. അതിനാല്‍ ദലിതരായ അന്തേവാസികള്‍ക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥ പോലും ഉണ്ടായി. അതുകൊണ്ട് മെസ്സ് കമ്മറ്റി ജനാധിപത്യപരമായി തിരഞ്ഞെടുക്കണമെന്ന് ദലിത് വിദ്യാര്‍ത്ഥികള്‍ ആവശ്യം ഉന്നയിച്ചു. അത് എസ്എഫ്‌ഐക്കാര്‍ക്ക് പ്രകോപനം ഉണ്ടാക്കുകയും അന്ന് രാത്രി തന്നെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഹോസ്റ്റലില്‍ വലിയ മര്‍ദ്ദനം അഴിച്ചുവിടുകയും ചെയ്തു. കെ അപ്പുക്കുട്ടന്‍ എന്ന പി ജി വിദ്യാര്‍ത്ഥിക്ക് നട്ടെല്ലിന് അടി കൊണ്ടതിന്റെ വേദനയ്ക്ക് ഇപ്പൊഴും ചികില്‍സയിലാണ്. ഇടുക്കി ഇരുമ്പ്പാലത്തുള്ള ജയചന്ദ്രന്‍, ഇരുമ്പ്പാലത്തു തന്നെയുള്ള സുനില്‍, പ്രധാന നേതാവായിരുന്ന യു എന്‍ സുധീര്‍ എന്നിവരെ ഭീകരമായി മര്‍ദ്ദിച്ചു അവശരാക്കി. അതിഭീകരമായ മര്‍ദ്ദനം ആയിരുന്നു അവിടെ നടന്നത്. അന്നുവരെ എസ്എഫ്‌ഐക്കു വേണ്ടി കൈ പൊക്കല്‍ ആയിരുന്നു ആ ഹോസ്റ്റലിലെ തിരഞ്ഞെടുപ്പ്. പകരം ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് വേണം എന്നു പറഞ്ഞതിനായിരുന്നു മര്‍ദ്ദനം. പിന്നീട് ഹോസ്റ്റല്‍ കുറെക്കാലം അടച്ചിട്ടു. അതിനു ശേഷം തിരഞ്ഞെടുപ്പ് ഉണ്ടായപ്പോഴാണ് ദലിത് വിദ്യാര്‍ത്ഥി ഏകോപന സമിതി ഹോസ്റ്റല്‍ മെസ് കമ്മറ്റിയുടെ അധികാരത്തില്‍ വന്നത്. ഞങ്ങള്‍ക്കെതിരേ എസ്എഫ്‌ഐക്കാര്‍ കൊടുത്ത കൗണ്ടര്‍ കേസില്‍ എസ്എഫ്‌ഐക്കാരായ ദലിത് വിദ്യാര്‍ത്ഥികളെത്തന്നെയാണ് അവര്‍ പ്രതി ചേര്‍ത്തത്. ശരിക്കും തല്ലിയവരായിരുന്നില്ല പ്രതികള്‍. എസ്‌സിഎസ്ടി അട്രോസിറ്റി കേസ് വരാതിക്കാനായിരുന്നു ഇത്തരത്തില്‍ ഒരു നീക്കം. പിറ്റേ ദിവസം ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത, 'ഹോസ്റ്റലില്‍ നക്‌സല്‍ ആക്രമണം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്' എന്ന രീതിയില്‍ ആയിരുന്നു. യഥാര്ത്ഥത്തില്‍ അടി കൊണ്ട് അവിടെ കിടന്ന ഞങ്ങളുടെ പ്രവര്‍ത്തകരെ പേടിപ്പിച്ചു ഡിസ്ചാര്‍ജ് ചെയ്യിക്കാനാണ് എസ്എഫ്‌ഐ ശ്രമിച്ചത്.
ഹോസ്റ്റലില്‍ ആ മര്‍ദ്ദനം നടക്കുമ്പോള്‍ ഡേ സ്‌കോളര്‍ വിദ്യാര്‍ത്ഥി ആയത് കൊണ്ട് ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. അന്ന് ഞാന്‍ വിദ്യാഭ്യാസത്തിനിടയില്‍ കെട്ടിട നിര്‍മ്മാണ ജോലിക്കു പോയിരുന്നു. പക്ഷേ ആ കേസില്‍ എസ്എഫ്‌ഐക്കാരെ മര്‍ദ്ദിച്ചു എന്നു പറഞ്ഞു എന്നെയും പ്രതി ചേര്‍ത്തു. അന്ന് അപ്പുക്കുട്ടന്‍, ജയചന്ദ്രന്‍ സുധീര്‍ എന്നിവര്‍ക്കൊപ്പം ഞാനും ജില്ലാ കോടതിയില്‍ കേസിനായി കാത്തു കെട്ടി നിന്നതോര്‍ക്കുന്നു. ഞങ്ങള്‍ക്കായി ജില്ല കോടതിയിലെ ഒരു വക്കീല്‍ ദാനമായി വാദിച്ചു. മാത്രമല്ല കോടതിക്ക് മുന്നില്‍ കാത്തു നിന്ന ഞങ്ങള്‍ക്കു അദ്ദേഹം ഭക്ഷണം വരെ വാങ്ങിത്തന്നു. പിന്നീട് എന്നെയും യു എന്‍ സുധീറിനെയും യൂനിയന്‍ ഓഫീസില്‍ വെച്ചു എസ്എഫ്‌ഐക്കാര്‍ കുട്ടികളൊഴിഞ്ഞ സമയത്ത് മര്‍ദ്ദിച്ചു. ആ യൂനിയന്‍ ഓഫിസ് ഒരു ആയുധപ്പുര തന്നെ ആയിരുന്നു. മുകളില്‍ മഹാന്മാരായ നേതാക്കളുടെ ഫോട്ടോയും താഴെ കൊടികളും ബാനറുകളും അതിന്റെ അടിയില്‍ ആയുധങ്ങളുമാണ് ഉണ്ടായിരുന്നത്. അവിടെ എന്നെയും സുധീറിനെയും കഴുത്തിന് കുത്തിപ്പിടിച്ചു പൊക്കി നിര്‍ത്തിയിട്ടു എസ്എഫ്‌ഐ ക്കാര്‍ വളരെ മൃഗീയമായാണ് 'ഡീല്‍' ചെയ്തത്. ഞങ്ങളോട് വിദ്യാഭ്യാസം നിര്‍ത്തി പൊയ്‌ക്കോളണം എന്ന ഭീഷണിയും ഉണ്ടായി. പിന്നീട് കോളജ് പഠനങ്ങള്‍ക്ക് ശേഷം കാലങ്ങള്‍ക്കപ്പുറം അവര്‍ എന്റെ സുഹൃത്തുക്കള്‍ ആയി മാറി. അവര്‍ കാലം കഴിഞ്ഞപ്പോള്‍ എന്നോടു ചെയ്ത തെറ്റുകള്‍ ഏറ്റു പറഞ്ഞു. അതില്‍ പ്രധാനിയാണ് കമ്മട്ടിപ്പാടം എന്ന സിനിമയില്‍ അച്ഛന്‍ വേഷം ചെയ്ത അഭിലാഷ്. മഹാരാജാസിലെ എസ്എഫ്‌ഐ, കുട്ടികള്‍ നിറഞ്ഞു ക്യാംപസ് സജീവമായിരിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ മുഖംമൂടി അണിയുകയും ആളൊഴിഞ്ഞാല്‍ തികഞ്ഞ അക്രമരാഷ്ട്രീയക്കാരായി മാറുകയും ചെയ്യും. അതുകൊണ്ടു തന്നെ പലപ്പോഴും ഞങ്ങള്‍ കുട്ടികള്‍ ഉള്ളപ്പോള്‍ തന്നെ രക്ഷപ്പെടുകയാണ് പതിവ്.
പിറ്റേ വര്‍ഷത്തെ തിരഞ്ഞെടുപ്പിനും ഞങ്ങള്‍ മര്‍ദ്ദിക്കപ്പെടും എന്നു ഉറപ്പായതോടെ കോച്ചേട്ടന്‍ ദലിതര്‍ ആക്രമിക്കപ്പെടുമ്പോഴെല്ലാം ഓടിയെത്തിയിരുന്ന ദ്രാവിഡ ക്ലാസ് യുനൈറ്റഡ് ഫ്രണ്ട് നേതാവ് പി ജെ സഭാരാജ് തിരുമേനിയെ കണ്ടു വിവരം പറഞ്ഞു. അദ്ദേഹം രണ്ടു ജീപ്പുകളില്‍ അനുയായികളുമായി പാര്ട്ടി നേതൃത്വങ്ങളെയും കണ്ടു. കമ്മീഷണര്‍ ഓഫിസിലും പോയി ''ഞങ്ങളുടെ കുട്ടികളെ തൊട്ടാല്‍ ഞങ്ങള് കൈകെട്ടിയിരിക്കില്ല'' എന്നു പറഞ്ഞതിന് ശേഷം ആണ് മര്‍ദ്ദനങ്ങള്‍ ഇത്തിരിയെങ്കിലും കുറഞ്ഞത്. ഏതായലും ദലിത് വിദ്യാര്‍ഥി ഏകോപന സമിതിയിലെ എം ബി മനോജ്, സണ്ണി മര്‍ട്ടിന്‍, അജീഷ് തങ്കപ്പന്‍, വി ബി ബിജു, വി ബി രാജേഷ്, അമ്പിളി, സുനന്ദ മോള്‍ സദാനന്ദന്‍, പി പി അശോകന്‍ കൂടെ ഞാനും കാംപസ് വിടുന്നതോടെ പൂര്‍ണ്ണമായി എസ്എഫ്‌ഐക്കാര്‍ സ്വത്വരാഷ്ട്രീയത്തിന്റെ മഹാരാജാസിലെ ചരിത്രം മര്‍ദ്ദിച്ചു ഇല്ലാതാക്കി.
അന്ന് ദലിത് വിദ്യാര്‍ത്ഥികള്‍ ഏത് പ്രസ്ഥാനത്തില്‍ നടന്നാലും പരീക്ഷകളില്‍ ഉറപ്പായും തോറ്റുപോകുന്ന അവസ്ഥ ആയിരുന്നു. പക്ഷേ ഞങ്ങളുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനം കാരണം ഞങ്ങളില്‍ ഭൂരിഭാഗവും നല്ല മാര്‍ക്കോടു കൂടി ഡിഗ്രി പാസായി. തുടര്‍ന്നു ഉന്നത വിദ്യാഭ്യാസ പഠനങ്ങള്‍ക്കു വേണ്ടി പോയി. പിന്നീട് ഞാന് കേരള യൂനിവേഴ്‌സിറ്റി കാംപസില്‍ എം ഫിലിന് ചേര്‍ന്നപ്പോള്‍ എന്റെ മഹാരാജാസിലെ ചരിത്രം അറിയാവുന്നത് കൊണ്ട് അവിടെ ഹോസ്റ്റലില്‍ അഡ്മിഷന്‍ പോലും തരപ്പെട്ടില്ല. അവിടത്തെ വാര്‍ഡന്‍ പല തരം ന്യായങ്ങള്‍ പറഞ്ഞും എനിക്കു ഹോസ്റ്റല്‍ നിഷേധിച്ചു. എനിക്കു ഹോസ്റ്റല്‍ അഡ്മിഷന്‍ കിട്ടാത്തതു കൊണ്ട് ഒരു ദിവസം ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിന് മുന്നിലെ കാര്‍ പോര്‍ച്ചില്‍ രാത്രിയില്‍ പേപ്പര്‍ വിരിച്ച് കിടന്നു. എനിക്കു പോകാന്‍ ഇടമില്ല എന്നു പറഞ്ഞു. അതോടെയാണ് എനിക്കു കാര്യവട്ടത്ത് റിസര്‍ച്ച് ഹോസ്റ്റലില്‍ അഡ്മിഷന്‍ കിട്ടിയത്.
RELATED STORIES
പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMT