Emedia

പോലിസിന്റെ മനോവീര്യത്തെക്കുറിച്ച് പിണറായി വിജയന്‍ നല്‍കിയ ഉപദേശനിര്‍ദേശങ്ങള്‍ ജീര്‍ണതയെ ആവോളം സഹായിച്ചിട്ടുണ്ട്...

പോലിസിന്റെ മനോവീര്യത്തെക്കുറിച്ച് പിണറായി വിജയന്‍ നല്‍കിയ ഉപദേശനിര്‍ദേശങ്ങള്‍ ജീര്‍ണതയെ ആവോളം സഹായിച്ചിട്ടുണ്ട്...
X
കോഴിക്കോട്: നെയ്യാറ്റിന്‍കരയില്‍ പോലിസിന്റെ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം കേരള മനസ്സാക്ഷിക്കു മേല്‍ നിരവധി ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. മൂന്നുസെന്റില്‍ കഴിയുന്നവരോട് പോലിസ് കാട്ടിയ ക്രൂരതയും വെന്തുമരിച്ച പിതാവിനു വേണ്ടി കുഴിവെട്ടുന്ന കൗമാരക്കാരനായ മകനോട് കാക്കിവസ്ത്രധാരിയുടെ മറുപടിയുമെല്ലാം ലോകം കണ്ടു. ഈയവസരത്തില്‍ കേരള പോലിസില്‍ കാലങ്ങളായി തുടരുന്ന പെരുമാറ്റ രീതികളെ കുറിച്ച് പ്രമോദ് പുഴങ്കര എഴുതുന്നു.


പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നെയ്യാറ്റിന്‍കരയില്‍ വസ്തു ഒഴിപ്പിക്കലിനുള്ള കോടതി ഉത്തരവ് നടപ്പാക്കുന്നതിനിടെ ഭാര്യയും ഭര്‍ത്താവും തീകൊളുത്തി മരിക്കാനിടയായ സംഭവത്തില്‍ അടിസ്ഥാനപരമായ രണ്ടു പ്രശ്‌നങ്ങള്‍ കേരളത്തിലെ ഭൂവിതരണവുമായും പോലിസ് സേനയുമായും ബന്ധപ്പെട്ടതാണ്. കുത്തക കമ്പനികള്‍ അനധികൃതമായി അഞ്ചരലക്ഷത്തോളം ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന കേരളത്തില്‍ മൂന്നര സെന്റ് ഭൂമിയില്ലാത്ത മനുഷ്യര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത് ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. നെയ്യാറ്റിന്‍കര സംഭവത്തില്‍ പ്രത്യക്ഷത്തില്‍ അത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള വസ്തുതര്‍ക്കവും തുടര്‍ന്നുള്ള കൈയേറ്റം ഒഴിപ്പിക്കല്‍ വിധിയുമാണ്. എന്നാലതിലേക്ക് എത്തിക്കുന്ന സാമൂഹികഘടനയുടെ ദൗര്‍ബല്യങ്ങള്‍ ഈ രാഷ്ട്രീയ പ്രശ്‌നത്തില്‍ നിന്നും ഉണ്ടാവുന്നതാണ്. ഭൂരഹിതരുടെ പ്രശ്‌നം ഭവന പ്രശ്‌നം മാത്രമല്ല. അത് മനുഷ്യര്‍ക്ക് തങ്ങള്‍ ജീവിക്കുന്ന ഭൂപ്രദേശത്ത് സ്വാഭാവികമായ അടിസ്ഥാനജീവിതം നയിക്കുന്നതിനാവശ്യമായ അവകാശവുമായി ബന്ധപ്പെട്ടതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുണ്ടായ കേരളത്തിലെ ഒന്നാം മന്ത്രിസഭ അടിയന്തരമായി കുടിയൊഴിപ്പിക്കല്‍ തടയുന്ന ഓര്‍ഡിനന്‍സും പിന്നീട് ഭൂപരിഷ്‌കരണ ബില്ലും കൊണ്ടുവന്നത് ഇതിനായുള്ള അതിരൂക്ഷമായ രാഷ്ട്രീയ പോരാട്ടങ്ങളുടെ തുടര്‍ച്ചയായിട്ടായിരുന്നു. ആ സമരങ്ങള്‍ നയിച്ചത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായിരുന്നു.

എന്നാല്‍ ആ ഭൂപരിഷ്‌കരണ ബില്ലിനുണ്ടായിരുന്ന ദൗര്‍ബല്യങ്ങളെ, രാഷ്ട്രീയ പിഴവുകളെ തിരുത്താനും ആ ബില്ലിനാസ്പദമായ രാഷ്ട്രീയ സമരങ്ങളുടെ സത്തയെ മുന്നോട്ടുകൊണ്ടുപോവാനും ഒരു പ്രസ്ഥാനം എന്ന നിലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പിന്നീട് വേണ്ടത്ര സാധിച്ചില്ല എന്ന ഗൗരവമായ സ്വയം വിമര്‍ശനത്തിന് ഇപ്പോഴും വിധേയമാക്കേണ്ട കാര്യമാണ്. കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികളൊക്കെ എക്കാലത്തും ഇത്തരത്തിലുള്ള എല്ലാത്തരം ഭൂപരിഷ്‌കരണത്തിനും എതിരായതുകൊണ്ട് അവരൊന്നും ഇത് സംബന്ധിച്ച ചര്‍ച്ചയിലേ ഉള്‍പ്പെടുന്നില്ല. മരടിലെ സമ്പന്നരുടെ അനധികൃത സമുച്ചയങ്ങള്‍ പൊളിക്കേണ്ടി വന്നപ്പോള്‍ സര്‍ക്കാരും ഇടതുപക്ഷമടക്കമുള്ള രാഷ്ട്രീയ കക്ഷികളും അവിടെ താമസക്കാര്‍ക്കുവേണ്ടി കണ്ണീരൊഴുക്കിയതും ഇപ്പോള്‍ നടന്ന സംഭവത്തില്‍ ആത്മഹത്യയ്ക്കു ശേഷം മാത്രം ഇടപെടല്‍ വരുന്നതും നമ്മുടെ രാഷ്ട്രീയ സംവേദന സ്വീകരണികള്‍ എങ്ങോട്ടാണ് തിരിച്ചുവച്ചിരിക്കുന്നത് എന്നതിന്റെ വര്‍ഗപക്ഷപാതിത്വത്തിന്റെ അടയാളങ്ങളാണ്.

കേരളത്തില്‍ ഇപ്പോഴും 29000ത്തിലേറെ പട്ടികജാതി കോളനികള്‍ എന്ന പേരില്‍ ജാതി, സാമൂഹ്യ, സാമ്പത്തിക ഘടനയില്‍ വേര്‍തിരിക്കപ്പെട്ട നിലയിലുള്ള ദലിത് ആവാസ കേന്ദ്രങ്ങള്‍ തുടരുന്നു എന്നതുതന്നെ ഈ പ്രശ്‌നത്തിന്റെ ഭീകരതയാണ് വ്യക്തമാക്കുന്നത്. കേരളത്തിലെ ഭൂവിതരണ പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്ന നിലയില്‍ വികസന ചര്‍ച്ചകളെ മുന്നോട്ടുകൊണ്ടുപോവുന്നത് ഇടതുപക്ഷത്തിന് വന്ന ഗുരുതരമായ രാഷ്ട്രീയപിഴവാണ്. അത് കേവലമായ പിഴവ് മാത്രമല്ല, വര്‍ഗരാഷ്ട്രീയ കാഴ്പ്പാടില്‍ വന്ന വ്യതിയാനം കൂടിയാണ്. നെയ്യാറ്റിന്‍കരയിലുണ്ടായ സംഭവം പോലുള്ളവ വര്‍ഗരാഷ്ട്രീയത്തിലൂന്നിയ കടുത്ത വിമര്‍ശനങ്ങള്‍ വീണ്ടും ഉയര്‍ത്താനുള്ള രാഷ്ട്രീയ ചുമതല നമുക്കുണ്ടാക്കുന്നുണ്ട്.

മറ്റൊന്ന് കേരളത്തിലെ പോലിസിന്റെ ജനങ്ങളോടുള്ള ഇടപെടലിന്റെ ജനാധിപത്യ വിരുദ്ധതയാണ്. എത്രയോ കാലങ്ങളായി മാറിവരുന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ അലംഭാവത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് നെയ്യാറ്റിന്‍കരയില്‍ നമ്മള്‍ കണ്ടത്. ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍, പോലിസിന്റെ മനോവീര്യത്തെക്കുറിച്ച് നല്‍കിയ ഉപദേശനിര്‍ദേശങ്ങള്‍ ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ ജീര്‍ണതയെ ആവോളം സഹായിച്ചിട്ടുണ്ട് എന്നത് ഇനിയും മൂടിവയ്ക്കാതെ ഇടതുപക്ഷം ചര്‍ച്ച ചെയ്യേണ്ട വസ്തുതയാണ്. ഒരു സിവില്‍ തര്‍ക്കത്തില്‍ പോലിസ് ഇടപെടേണ്ട രീതി പോലും തള്ളാം. അത് കോടതി വിധി നടപ്പാക്കാനായാലും. ആരാണ് എടാ, പോടാ എന്നൊക്കെ വിളിച്ചു നാട്ടുകാരെ ഭീഷണിപ്പെടുത്താന്‍ പോലിസിന് അധികാരം നല്‍കുന്നത്? പെട്രോളൊഴിച്ച് ആത്മഹത്യയ്ക്കു മുതിര്‍ന്ന ഒരു മനുഷ്യനെ തടയാനുള്ള പ്രാഥമികമായ പരിശീലനം പോലുമില്ലാതെ അയാളുടെ കൈയിലെ തീ തട്ടിക്കളയാന്‍ നോക്കുന്ന പോലിസുകാരന്‍ ഏതൊരു ആധുനിക പോലിസ് സേനയ്ക്കും നാണക്കേടാണ്.

കേരളത്തിലെ പോലിസ് സംവിധാനം ഈ കൊവിഡ്‌ ലോക്ക്ഡൗണ്‍ കാലത്ത് കാട്ടിക്കൂട്ടിയ അധികാര ദുര്‍വിനിയോഗം നാടകങ്ങള്‍ കേരളം സമൂഹത്തെ ലജ്ജിപ്പിക്കേണ്ടതാണ്. മനുഷ്യരെ പെരുവഴിയില്‍ ഏത്തമിടുവിപ്പിച്ച യതീഷ് ചന്ദ്രയെന്ന ഐഎഎസ് ഗുണ്ട മുതല്‍ ലോക്ഡൗണ്‍ ലംഘനത്തിന് പിടിച്ച ചെറുപ്പക്കാരനെ കളിയാക്കുന്ന വീഡിയോ വൈറലാകുന്ന സിഐ വരെയുള്ള ആഭാസന്മാര്‍ അക്കൂട്ടത്തിലുണ്ട്. നിരവധി ലോക്കപ്പ് കൊലപാതകങ്ങള്‍, മനുഷ്യത്വരഹിതമായ പെരുമാറ്റരീതികള്‍ തുടങ്ങി പൊതുസമൂഹത്തിനോട് യാതൊരുവിധ അക്കൗണ്ടബിലിറ്റിയും ഇല്ലാത്ത വിധത്തില്‍ പെരുമാറുന്ന ഒരു പോലിസ് സംവിധാനത്തെ ഒരുതരത്തിലും നിയന്ത്രിക്കാന്‍ കഴിയാത്ത ആഭ്യന്തര വകുപ്പ് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ പാളിച്ചകളിലൊന്നാണ്.

അതിനൊപ്പം തന്നെ ഈ പ്രശ്‌നങ്ങളെല്ലാം ഇക്കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ സംഭാവനയാണെന്ന ലളിതവല്‍ക്കരണത്തിനു കേവലമായ കക്ഷിരാഷ്ട്രീയ ഗുസ്തിയുടെ സ്വഭാവമല്ലാതെ മറ്റൊന്നുമില്ല. ജാതി വിവേചനത്തിന്റെ സാമ്പത്തിക സ്വഭാവം എന്താണെന്ന് ഒന്നുകൂടി വെളിവാക്കുന്ന ഈ സംഭവം ജാതി പ്രശ്‌നത്തെയും അതിന്റെ രാഷ്ട്രീയ സാമ്പത്തിക കാതലിനേയും വര്‍ഗരാഷ്ട്രീയത്തിന്റെ നിലപാടുകളിലൂന്നി, ഭൂവിതരണവും ഭൂമിക്ക് മേലുള്ള പൊതുകാര്‍ഷികാവകാശവും തുടങ്ങിയ പുതുകാല സമീപനങ്ങളിലൂടെ പരിഹരിക്കേണ്ട ചുമതലയുടെ അടിയന്തര ആവശ്യകതയും ഇത് മുന്നോട്ടിവയ്ക്കുന്നുണ്ട്. എന്നാല്‍ ഉടനെത്തന്നെ യുവതികള്‍ ഭരണസാരഥ്യത്തിലെത്തിയതിനെ നേട്ടമായി കാണിച്ചവരെല്ലാം ഈ സംഭവത്തോടെ മാപ്പുപറയണം എന്നൊക്കെയുള്ള ഓരിയിടല്‍ സ്വത്വവാദികളുടെ പൊള്ളയായ ഗീര്‍വാണങ്ങളാണ്. കേരളത്തിലെന്നല്ല, ഇന്ത്യയിലൊരിടത്തും ഭൂമിപ്രശ്‌നമോ ഭൂബന്ധങ്ങളുടെ പൊളിച്ചെഴുത്തോ, മുതലാളിത്ത സാമ്പത്തിക പ്രക്രിയ രൂക്ഷമാകുന്ന ദരിദ്രവല്‍ക്കരണമോ തൊഴിലവസരം ശൂന്യതയോ ഒന്നും ഒരുകാലത്തും ഒരു രാഷ്ട്രീയ പ്രശ്‌നമാക്കി ഉന്നയിക്കാത്ത, അംബേദ്ക്കറുടെ കാലത്തുപോലും, സ്വത്വവാദികള്‍ക്ക് ഇതും തങ്ങളുടെ സുഖലാവണങ്ങളില്‍ ഇരുന്നുകൊണ്ടുള്ള കേവലമായ ഗാ ഗ്വാ വിളികളാണ്. മുതലാളിത്തക്കാലത്തെ ഭൂപരിഷ്‌ക്കണം അവര്‍ക്ക് ചര്‍ച്ച ചെയ്യാനുള്ള രാഷ്ട്രീയ അജണ്ടയല്ല.


നെയ്യാറ്റിൻകരയിൽ വസ്തു ഒഴിപ്പിക്കലിനുള്ള കോടതി ഉത്തരവ് നടപ്പാക്കുന്നതിനിടെ ഭാര്യയും ഭർത്താവും തീകൊളുത്തി മരിക്കാനിടയായ...

Posted by Pramod Puzhankara on Tuesday, 29 December 2020


Next Story

RELATED STORIES

Share it