Emedia

അംബേദ്കറെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ മറുഭാഗത്ത് പ്രതിഷ്ഠിക്കുന്നത് ഗുരുതര പ്രശ്‌നം...; ശ്രുതീഷ് കണ്ണാടി എഴുതുന്നു

വസ്തുതാപരമായ പിശകുകളെ മുസ് ലിം വിരുദ്ധതയുടെ തലത്തില്‍ അവതരിപ്പിക്കുന്ന രീതിക്ക് കൃത്യമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടായിരിക്കണം

അംബേദ്കറെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ മറുഭാഗത്ത് പ്രതിഷ്ഠിക്കുന്നത് ഗുരുതര പ്രശ്‌നം...; ശ്രുതീഷ് കണ്ണാടി എഴുതുന്നു
X
കോഴിക്കോട്: 'വാരിയന്‍കുന്നന്‍' അഭ്രപാളിയിലെത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ സ്വാതന്ത്ര്യ സമര പോരാളിയും ഖിലാഫത്ത് നേതാവുമായിരുന്ന വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള വാദ-പ്രതിവാദങ്ങള്‍ ശക്തമായി തുടരുകയാണ്. നാലോളം സിനിമകളാണ് പുറത്തുവരാനിരിക്കുന്നത്. ഇതിനിടെ വാരിയന്‍ കുന്നത്തിനെയും അദ്ദേഹത്തിന്റെ കാലത്തെ ജന്‍മിത്വ-കൊളോണിയല്‍ വിരുദ്ധ സമരങ്ങളെയും ഡോ. ബി ആര്‍ അംബേദ്കര്‍ എതിര്‍ത്തിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കെ കെ കൊച്ച് ഉള്‍പ്പെടെയുള്ള ദലിത് ചിന്തകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഇടപെടല്‍ നടത്തുന്നുണ്ട്. എന്നാല്‍, അംബേദ്കര്‍ കൊളോണിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിമര്‍ശനമായിരുന്നു അതെന്നാണ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേതാവ് ശ്രുതീഷ് കണ്ണാടിയുടെ വിലയിരുത്തല്‍.

ശ്രുതീഷ് കണ്ണാടിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'വാരിയംകുന്നന്‍' സിനിമയുടെ പശ്ചാത്തലത്തില്‍ അംബേദ്കറെ മുസ് ലിം രാഷ്ട്രീയത്തിന്റെ മറുഭാഗത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നത് ഗുരുതരമായ ഒരു പ്രശ്‌നമായാണ് മനസ്സിലാക്കുന്നത്. അംബേദ്കറിന്റെ എഴുത്തില്‍ സംഭവിച്ചിട്ടുള്ള വസ്തുതാപരമായ പിശകുകളെ മുസ് ലിം വിരുദ്ധതയുടെ തലത്തില്‍ അവതരിപ്പിക്കുന്ന രീതിക്ക് കൃത്യമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടായിരിക്കണം. അംബേദ്കര്‍ എഴുതിയ ഓരോ വരിയും വസ്തുതാപരമായി ശരിയാകണമെന്നു ശഠിക്കുന്നവര്‍ സത്യത്തില്‍ 'മുസ് ലിം' ക്വസ്റ്റ്യനെ പൊതുവായി അദ്ദേഹം എങ്ങനെയായിരുന്നു അഡ്രസ് ചെയ്തിരുന്നത് എന്ന യാഥാര്‍ത്ഥ്യ ബോധത്തെ അദൃശ്യവല്‍ക്കരിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 'പാകിസ്താന്‍ ഓര്‍ പാര്‍ടീഷന്‍ ഓഫ് ഇന്ത്യ' എന്ന പുസ്തകത്തിലെ വസ്തുതാപരമായ പിശകുകള്‍ മാത്രം മുന്‍ നിര്‍ത്തിക്കൊണ്ട് സംഘപരിവാറും ലിബറല്‍ ഇടതുപക്ഷവും ഇപ്പോള്‍ ഉയര്‍ത്തുന്ന ചര്‍ച്ചയുടെ പുറകിലും ഈ ഒരു താല്‍പര്യം വ്യക്തമായി കാണാന്‍ സാധിക്കും.

ഒന്നാമതായി മലബാറിന്റെ രാഷ്ട്രീയ പരിസരത്തെ നേരിട്ട് അനുഭവിച്ച് ബോധ്യപ്പെട്ട വ്യക്തി ആയിരുന്നില്ല അംബേദ്കര്‍. ……. 'The relationship is well described in the annual reports in the affairs of India submitted year by year to Parliament by the Government of India under the old Government of India act. It is on these reports that I have drawn for the facts recorded below' എന്ന് വിശദീകരിച്ചുകൊണ്ടാണ് മലബാര്‍ സമരത്തെ കുറിച്ചുള്ള എഴുത്ത് തന്നെ അംബേദ്കര്‍ ആരംഭിക്കുന്നത്. (ഒറിജിനല്‍ ടെക്സ്റ്റിലെ പല ഭാഗങ്ങളും ഇപ്പോള്‍ പ്രചരിക്കുന്ന മലയാളം തര്‍ജമയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്). അതായത് 1921ല്‍ നടന്ന സമരത്തെ കുറിച്ച് ലഭ്യമായ കൊളോണിയല്‍ രേഖകളുടെ പശ്ചാത്തലത്തില്‍ നടത്തിയ ഒരു ആഖ്യാനം മാത്രമായിരുന്നു അതെന്ന് അംബേദ്കര്‍ തന്നെ വ്യക്തമാക്കുന്നു. ഇവിടെ ചരിത്രത്തിന്റെ ബോധപൂര്‍വമായ തിരസ്‌കരണമല്ല മലബാര്‍ സമരത്തിന്റെ കാര്യത്തില്‍ അംബേദ്കര്‍ നടത്തിയിട്ടുള്ളതെന്ന് ഉറപ്പാണ്. മറിച്ച് അംബേദ്കര്‍ എന്ന ചിന്തകന്റെയോ സാമൂഹിക ശാസ്ത്രഞ്ജന്റെയോ കാഴ്ച്ചയെക്കാളുപരി റഫറന്‍സുകളുടെ തിരഞ്ഞെടുപ്പില്‍ അംബേദ്കര്‍ എന്ന ഗവേഷകന്‍ നേരിട്ട പരിമിതിയായാണ് ഈ വിഷയത്തെ മനസ്സിലാക്കുന്നത്.

1920ല്‍ കോഴിക്കോട് സന്ദര്‍ശിച്ച്, മലബാറിലെ മുസ് ലിംകളുമായി അടുത്തിടപഴകി മടങ്ങിയ ഗാന്ധിയുടെ പ്രസ്താവനകളുമായി അംബേദ്കറുടെ ടെക്സ്റ്റിനെ സമീകരിക്കുന്നതില്‍ തന്നെ പിഴവുണ്ട്. അംബേദ്കര്‍ 1945 ലാണ് അന്ന് അദ്ദേഹത്തിനു ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ ഈ വിവരണം നടത്തുന്നത്. ഈ വ്യത്യാസം കണ്ടില്ലെന്നു നടിക്കുന്നതിന്റെ താല്‍പര്യം വളരെ വ്യക്തമാണ്. ഇത് അംബേദ്കര്‍ക്ക് പറ്റിയ വസ്തുതാപരമായ ഒരു തെറ്റായി തന്നെ അംഗീകരിച്ചാല്‍ പോലും മുസ് ലിം ക്വസ്റ്റ്യന്‍ എന്ന വിശാലമായ ആശയ മണ്ഡലത്തെ തന്റെ രചനകളിലൂടെയും രാഷ്ട്രീയ ഇടപെടലുകളിലൂടെയും ഉള്‍ക്കൊള്ളാനും അഡ്രസ് ചെയ്യാനും ശ്രമിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളെ ആര്‍ക്കാണ് റദ്ദ് ചെയ്യാന്‍ സാധിക്കുക? പ്രത്യേകിച്ച് വിഭജന കാലത്ത് പോലും രാഷ്ട്ര നിര്‍മിതിക്കപ്പുറം minortiy existence എന്ന രീതിയില്‍ മുസ് ലിം വൈകാരിതകളെ മനസ്സിലാക്കാന്‍ ശ്രമിച്ച ഒരു മനുഷ്യന്‍ കൂടെയാണ് അദ്ദേഹം. Minortiy existence സംബന്ധിച്ച ഈ ഉത്കണ്ഠ 'പാകിസ്താന്‍ ഓര്‍ പാര്‍ടീഷന്‍ ഓഫ് ഇന്ത്യ' എന്ന ടെക്സ്റ്റില്‍ തന്നെ പലയിടത്തും പ്രതിഫലിക്കുന്നതും നമുക്ക് കാണാന്‍ സാധിക്കും. ന്യൂനപക്ഷ പ്രശ്‌നത്തിനു അധീശ ദേശീയതയുമായി നിരന്തരം സംഘര്‍ഷത്തില്‍ പോകേണ്ടി വരുന്നതിലുള്ള പ്രശ്‌നങ്ങള്‍ അംബേദ്കര്‍ മനസ്സിലാക്കിയിരുന്നു.

അതേസമയം വസ്തുതാപരമായ പിശകുകള്‍ പറ്റിയെന്ന് നാം വിചാരിക്കുന്ന അംബേദ്കറെ മുന്‍നിര്‍ത്തിക്കൊണ്ട് തന്നെ കെ കെ കൊച്ച് നടത്തിയ മലബാര്‍ ചരിത്ര വായനകള്‍ ശ്രദ്ധേയമായ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. പ്രശ്‌നകരമെന്ന് നാം കരുതുന്ന അംബേദ്കറില്‍ നിന്ന് തന്നെ മറ്റൊരു മലബാര്‍ വായന നടത്താന്‍ കെ കെ കൊച്ചിനെ പോലുള്ളവര്‍ക്ക് സാധ്യമാകുന്ന ആ പ്രക്രിയ തന്നെയാണ് അംബേദ്കറിസം എന്ന വിശാലമായ അര്‍ത്ഥത്തില്‍ നാം പറയാന്‍ ശ്രമിക്കുന്നത്. അംബേദ്കര്‍ എന്ന ഗവേഷകന്‍ നേരിട്ട ചരിത്രപരമായ പരിമിതികളെ പുനര്‍വായനകളിലൂടെ മറികടക്കുന്നത് കൂടെ അംബേദ്കറിസത്തിന്റെ അഥവാ അംബേദ്കറൈറ്റുകളുടെ ഉത്തരവാദിത്തം ആണെന്ന് കരുതുന്നു.

ഇത്തരം ചില പുനര്‍ വായനകളിലൂടെ തന്നെയല്ലേ മാര്‍ക്‌സിനെ പോലെയുള്ള ചിന്തകര്‍ക്ക് കാലാതീതമായി നിലനില്‍ക്കാന്‍ സാധിക്കുന്നത്. ആദ്യകാല മാര്‍ക്‌സും പില്‍ക്കാല മാര്‍ക്‌സും എന്നൊക്കെ വായിക്കുന്നവര്‍ തന്നെയല്ലേ ഇവിടെയുള്ളത്. ഗ്രാംഷി, പോലുള്ള ചിന്തകരെ പുനര്‍വായിച്ചല്ലേ നിയോ മാര്‍ക്‌സിസ്റ്റ് ചിന്തകരുണ്ടാവുന്നത് ? എന്തിനധികം ഇ എം എസ് മലബാര്‍ സമരത്തെ കാര്‍ഷിക സമരമാക്കി ചുരുക്കിയതിന്റെ അതൃപ്തി പങ്കുവച്ചല്ലേ കെ എന്‍ പണിക്കര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും മറ്റും ഗ്രാംഷിയെ ഉപയോഗിച്ച് ജൈവബുദ്ധിജീവിയാക്കി ഇടതു വായനകളെ പുതുക്കിപ്പണിഞ്ഞത്.

യൂറോപ്യന്‍ ചിന്തകര്‍ക്കും ഇഎംഎസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സവര്‍ണ ചിന്തകര്‍ക്കും അനുവദിച്ചു കൊടുക്കുന്ന ഈ സൗജന്യം പക്ഷേ അംബേദ്കര്‍ ഉള്‍പ്പെടെയുള്ള കീഴാള ബുദ്ധിജീവികള്‍ക്ക് മാത്രം അനുവദിച്ചുകൊടുക്കാന്‍ നാം തയ്യാറാവുന്നില്ല എന്നിടത്താണ് യഥാര്‍ത്ഥ പ്രശ്‌നം നിലനില്‍ക്കുന്നത്. ചരിത്രപരമായ അംബേദ്കറെ കണ്ടെടുക്കുകയും അതിന്റെ ടെക്സ്റ്റ്വല്‍ വായനകളിലൂടെ വിവിധങ്ങളായ അംബേദ്കറിയന്‍ ആശയ മണ്ഡലങ്ങള്‍ നിര്‍മിച്ചെടുത്തും തന്നെയാണ് അംബേദ്കറൈറ്റ് രാഷ്ട്രീയ ധാര ഇതുവരെയും മുന്നോട്ടുപോയിട്ടുള്ളത്. സമ്പൂര്‍ണമായ വിധേയത്വമല്ല(absolute loyatly) അംബേദ്കറിസത്തിന്റെ കാതല്‍. മറിച്ച് ഇത്തരം ചില ചരിത്രപരമായ പുനര്‍വായനകളും വീണ്ടെടുപ്പുകളും കൂടിയാലോചനകളും ഒക്കെ ഒന്നിച്ചുചേരുന്ന ഒരു പ്രക്രിയയിലാണ് അംബേദ്കറൈറ്റ് രാഷ്ട്രീയം നിലനില്‍ക്കുന്നത്.

#1921malabarrevolution

#variyankunnan

Putting Ambedkar on the other side of Muslim politics is a serious issue ...; Srutheesh kannadi writes



Next Story

RELATED STORIES

Share it