Emedia

പുഴു: ബോധത്തിലും അബോധത്തിലും ജാതിപേറുന്ന 'നല്ലവനായ' സവര്‍ണ്ണന്റെ ഡീറ്റെയിലിങ്

പുഴു: ബോധത്തിലും അബോധത്തിലും ജാതിപേറുന്ന നല്ലവനായ സവര്‍ണ്ണന്റെ ഡീറ്റെയിലിങ്
X

അവനീത് അരവിന്ദ്

കോഴിക്കോട്: പുഴു എന്ന സിനിമയെക്കുറിച്ചും അതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളെക്കുറിച്ചുമാണ് അവനീത് അരവിന്ദ് എഴുതുന്നത്. ടോക്‌സിക് പാരന്റിങ്, ജാതിവെറിഓണര്‍ കില്ലിങ്, മുസ് ലിം അപരവല്‍ക്കരണം എന്നിങ്ങനെ പലവിഷയങ്ങളിലേക്ക് സിനിമ തെന്നിത്തെന്നിപ്പോവുന്നു എന്ന വിര്‍ശനങ്ങള്‍ ശരിയല്ലെന്നും ജാതി എന്ന ഒരൊറ്റ ഘടകത്തെമാത്രമാണ് സിനിമ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം എഴുതുന്നു:

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇറങ്ങി ആദ്യമണിക്കൂറുകളില്‍ത്തന്നെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്ത സിനിമയാണ് പുഴു. അതിഗംഭീര പെര്‍ഫോമന്‍സുകളാല്‍ സമൃദ്ധമായ, ചിലയിടങ്ങളില്‍ ബ്രില്ല്യന്റും ചിലയിടങ്ങളില്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നതുമായ ഒരു സിനിമ എന്നാണ് ആദ്യ കാഴ്ചയില്‍ തോന്നിയത്.. സിനിമയുടെ പോസിറ്റീവും നെഗറ്റീവും ആയ ഒരുപാട് രാഷ്ട്രീയവിശകലങ്ങള്‍ തുടര്‍ദിവസങ്ങളില്‍ വായിച്ചു. അതിലെ ചില രാഷ്ട്രീയ നിരീക്ഷണങ്ങള്‍ ആണ് ഈ എഴുത്തിന്റെ പ്രകോപനം.

ടോക്‌സിക് പാരന്റിങ്, ജാതിവെറിഓണര്‍ കില്ലിങ്, മുസ്ലീം അപരവല്‍ക്കരണം എന്നിങ്ങനെ പലവിഷയങ്ങളിലേക്ക് സിനിമ തെന്നിത്തെന്നിപ്പോവുന്നു എന്നതാണ് കേട്ട വിമര്‍ശനങ്ങളിലൊന്ന്. മറ്റൊന്ന്, സിനിമയില്‍ കുട്ടപ്പന്‍ എന്ന കാരക്റ്ററിന്റെ സ്‌ക്രീന്‍സ്‌പേസ് കുറവായതിനാല്‍ കുട്ടന്‍ എന്ന മമ്മൂട്ടി കാരക്റ്ററിന്റെ നിഴലില്‍ ആയിപ്പോയി എന്ന്. കുട്ടന്റെ, ആരോ തന്നെ കൊല്ലാന്‍ വരുന്നു എന്ന പോലുള്ള പേടികള്‍ക്ക് ആള്‍രൂപം കൊടുക്കുക വഴി സിനിമ കുട്ടന്റെ തോന്നലുകളെ ശരിവെക്കുന്നു എന്നതാണ് മറ്റൊരു വിമര്‍ശനം. അവസാനം കേട്ട, വളരെ വിചിത്രമെന്ന് എനിക്ക് തോന്നിയ, എന്നാല്‍ ഇപ്പോള്‍ പലരും പിന്തുണക്കുന്നതായിക്കണ്ട ഒരു വാദം പശ്ചാത്തല സംഗീതം കൊണ്ടും, അമ്മയുടെ അടുത്ത് നിസ്സഹായനായി കരയുന്ന രംഗങ്ങള്‍ വഴിയും, മകനോട് നിസ്സഹായനാവുന്ന സീനുകള്‍ വഴിയുമൊക്കെ സിനിമ മമ്മൂട്ടിയുടെ കാരക്ള്‍റ്ററിനോട് സിമ്പതികാണിക്കുന്നു, അയാളെ ഹീറോ ആക്കുന്നു എന്നതാണ്.

എന്റെ അഭിപ്രായത്തില്‍ 'പുഴു' സിനിമ ഒരുപാട് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നില്ല. ഒരേയൊരു വിഷയം മാത്രം ജാതി. ബോധത്തിലും അബോധത്തിലും ജാതിപേറുന്ന 'നല്ലവനായ' ഒരു സവര്‍ണ്ണന്റെ ജീവിതത്തിലേക്കുള്ള ഡീറ്റെയിലിങ് ആണ് സിനിമ ഒറ്റവാക്യത്തില്‍. ഒരു ബ്രാഹ്മിണിക് മോറല്‍ സെന്‍സിബിലിറ്റിയില്‍ കണ്ടീഷന്‍ ചെയ്യപ്പെട്ട, സമൂഹത്തില്‍ നമുക്ക് വളരെ പരിചിതനായ ഒരു മനുഷ്യന്റെ സെല്‍ഫിനെ ശ്രദ്ധാപൂര്‍വം ഡൈസെക്റ്റ് ചെയ്ത് തുറന്നുവെച്ച്, അതുവഴി ഒരു സിസ്റ്റത്തെ പ്രശ്‌നവല്‍ക്കരിക്കാനുള്ള ശ്രമമാണ് സിനിമ നടത്തുന്നത് എന്നാണ് എന്റെ മനസ്സിലാക്കല്‍. അതില്‍ അയാള്‍ ചെയ്യുന്ന പാരന്റിങ് ഉണ്ട്, അയാളുടെ കൂടപ്പിറപ്പിന്റെ ചോയ്‌സുകളോടുള്ള അയാളുടെ നിലപാടുകള്‍ ഉണ്ട്, താമസസ്ഥലത്ത് അധികാരത്തിന്റെ വിവിധ തട്ടുകളിലുള്ള മറ്റുമനുഷ്യരോടും 'നമ്മുടെ കൂട്ടക്കാരോടും' അയാള്‍ ഇടപഴകുന്ന രീതികള്‍ ഉണ്ട്, അമ്മയോടുള്ള അയാളുടെ അടുപ്പവും, അമ്മയുടെ ചിന്തകളെ അയാള്‍ മനസ്സിലാക്കുന്ന രീതിയും ഉണ്ട്, സ്വന്തം ജോലിക്കാരോടുള്ള അയാളുടെ പെരുമാറ്റമുണ്ട്, പണ്ടത്തെ ജോലിസ്ഥലത്തെ അയാളുടെ പ്രവൃത്തികളുടെ ചില സൂചനകളുണ്ട്, ബിസിനസ് ഡീലുകളില്‍ അയാളുടെ പെരുമാറ്റരീതികളുണ്ട്, അങ്ങനെ പലതുമുണ്ട്. അയാള്‍ തന്നെയാണ് ഫോക്കസ്. അയാളെ ഫോക്കസ് ചെയ്തുകൊണ്ടാണ് എത്രമാത്രം ശക്തമായാണ് ജാതിഅധീശബോധം ഒരു സവര്‍ണ്ണന്റെ പേഴ്‌സണലും പ്രൊഫഷണലും ആയ എല്ലാ ട്രാന്‍സാക്ഷനുകളിലും അയാള്‍പോലുമറിയാതെ പ്രവര്‍ത്തിക്കുന്നത് എന്ന് കാണിക്കുന്നത്!. എന്നിട്ടും അയാള്‍ ബഹുമാന്യനും നല്ലവനും സ്‌നേഹമയനും ത്യാഗിയുമൊക്കെ ആയിരിക്കുന്നത് എന്നും.

ഹീറൊയിക് ആയി മലയാള സിനിമ കണ്ടിരുന്ന ഈ സവര്‍ണ്ണബഹുമാന്യന്റെ ധാര്‍മ്മികതയെ, മൂല്യബോധത്തെ പ്രശ്‌നവല്‍ക്കരിക്കാന്‍ വേണ്ടി സിനിമ ഉപയോഗിക്കുന്ന ടൂളുകള്‍ ആണ് അയാളുടെ മകനും, പെങ്ങളും, കുട്ടപ്പനും, ജമാലും, പോള്‍വര്‍ഗ്ഗീസും, മാത്തച്ചനും അവസാനം അമീറും എല്ലാം. അയാളേക്കാള്‍ അധികാരം കുറഞ്ഞവര്‍, അയാളുടെ റീസണ്‍ എന്തുതന്നെ ആണെങ്കിലും അപ്പുറത്ത് നില്‍ക്കുന്ന ഈ കാരക്ള്‍റ്ററുകളെയെല്ലാം സംബധിച്ച് ക്രൂരമായ അനീതി സംഭവിക്കുന്നു എന്ന് സംശയത്തിനിടനല്‍കാതെ വ്യക്തമാക്കുന്ന കഥാപാത്രസന്ദര്‍ഭ ചിത്രീകരണങ്ങള്‍. അങ്ങനെയാണ് കുട്ടന്റെ ആത്മാര്‍ത്ഥമായ നിസ്സഹായതയും കരച്ചിലും ധാര്‍മ്മിക പ്രതിസന്ധികളും സിനിമയില്‍ അനുതാപത്തിനുപകരം ഒരു Terror feel കൊണ്ടുവരുന്നത്. അയാളുടെ എല്ലാ റീസണിന്റെയും പുറകിലെ റീസണ്‍ Nothing but caste ആണെന്ന് പൊളിച്ച് തുറന്ന് വെക്കുന്നത്. ഇതൊരു ബുദ്ധിമുട്ടുള്ള ശ്രമമാണ്. മറ്റേ വശത്തുകൂടിയുള്ള ഇതിന്റെ ചിത്രീകരണം നമ്മള്‍ പല സിനിമകളിലും കണ്ടിട്ടുണ്ട്. അതായത് ജാതിവിവേചനത്തിന്റെ തെളിഞ്ഞും ഒളിഞ്ഞുമുള്ള പ്രയോഗങ്ങള്‍ ഫേസ് ചെയ്യുന്ന മനുഷ്യരെ നായകവല്‍ക്കരിച്ചുകൊണ്ടുള്ള സിനിമകള്‍. വളരെ ഡയറക്റ്റ് ആയ ഒരു വില്ലനൈസിങ് സംഭവിക്കുന്നത്‌കൊണ്ട് ആ ആംഗിള്‍ സിനിമയാക്കാന്‍ കുറച്ചുകൂടി എളുപ്പമായാണ് എനിക്ക് തോന്നുന്നത്. പക്ഷെ നമ്മുടെ നാട്ടിലെ ജാതി പ്രൊപൊഗേറ്റ് ചെയ്യപ്പെടുന്നത് 'പ്രത്യക്ഷക്രൂരന്മാരി'ലൂടെയല്ല പലപ്പോഴും. പുഴുവിലേതുപോലുള്ള കാരക്റ്ററൈസേഷന്‍ ഡേറ്റെയിലിങ്, കുറച്ചുകൂടി സമൂഹത്തിന്റെ 'നോര്‍മലി'ല്‍ നില്‍ക്കുന്ന, കുറച്ചുകൂടി അദൃശ്യമായ ജാതിപ്രാക്ടീസിങ്ങിനെ അഡ്രസ്സ് ചെയ്യുന്നുണ്ടെന്നും, പരിചിതമായ പലരെയും വെച്ച് റിലേറ്റ് ചെയ്യാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുന്നതാണെന്നും ആണ് എന്റെ തോന്നല്‍. വളരെ ഡയറക്റ്റ് ആയ ഒരു വില്ലനൈസിങ് കഥപറച്ചിലില്‍ ഈ റിലേറ്റ് ചെയ്യല്‍ അത്രത്തോളം നടക്കില്ലെന്നും എനിക്ക് തോന്നുന്നു. പുഴു കണ്ട ശേഷം സംസാരിച്ച ഒരു സുഹൃത്ത് തന്റെ അച്ഛനെ ഓര്‍മ്മപ്പെടുത്തി ഈ കഥാപാത്രം (നെഗറ്റീവ് ആയിത്തന്നെ) എന്ന് പറഞ്ഞത് ഓര്‍മ്മവരുന്നു. ഇതില്‍ ആര്‍ക്കെങ്കിലും ഒരു ഹീറോയിക് എലമെന്റോ ഗ്ലോറിഫികേഷനോ കണ്ടെത്താനാവുന്നത് എന്നെ അല്‍ഭുതപ്പെടുത്തുന്നു.

(https://www.facebook.com/avaneeth.aravind/posts/pfbid0ADK6E87eNeuFGpygYR4jKBsnGdSGLBH2AAwtEqZ4YQGo2ENzeSBEht7mPfP7roAkl)

Next Story

RELATED STORIES

Share it