Emedia

'സാര്‍, ഇപ്പോളിത് വായിക്കരുത്, പിന്നീട് വായിച്ച് ഒരു ഹെല്‍പ്പ് ചെയ്താല്‍ മതി'

'ഞങ്ങള്‍ക്കുള്ള ഒരു ഭാഗ്യം അവള്‍ക്കില്ല..' മാതൃത്വത്തെ മഹാഭാഗ്യമായി കണ്ട ആ വരികള്‍ ഉള്ളം ഉലച്ചു

സാര്‍, ഇപ്പോളിത് വായിക്കരുത്, പിന്നീട് വായിച്ച് ഒരു ഹെല്‍പ്പ് ചെയ്താല്‍ മതി
X

ചെറുപ്പത്തില്‍ അമ്മ നഷ്ടപ്പെട്ട കൂട്ടുകാരിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകന് കുരുന്നുകള്‍ നല്‍കിയ ഹൃദയസ്പര്‍ശിയായ കത്ത് അറബിക് അധ്യാപകന്‍ സിറാജ് വേങ്ങൂര് ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയാണ്.


സിറാജ് വേങ്ങൂരിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം.....

ഇത്, കാക്കവയല്‍ ഗവ. എച്ച്എസ്എസിലെ മൂന്നാംതരം വിദ്യാര്‍ഥികള്‍.കഴിഞ്ഞ ദിവസം ക്ലാസില്‍ നിന്നിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ദില്‍ഷ ഓടി വന്ന് ഒരെഴുത്ത് കീശയിലിട്ടു. 'സാര്‍, ഇപ്പോളിത് വായിക്കരുത്, പിന്നീട് വായിച്ച് ഒരു ഹെല്‍പ്പ് ചെയ്താല്‍ മതി' എന്നായി അവള്‍.

സ്റ്റാഫ് റൂമിലെത്തി കുറിപ്പ് നോക്കിയപ്പോള്‍ മനസ്സൊന്ന് വിങ്ങി, പിന്നെ കണ്ണുകള്‍ നിറഞ്ഞു.

വളരെ ചെറുപ്പത്തില്‍ അമ്മ നഷ്ടപ്പെട്ട തങ്ങളുടെ കൂട്ടുകാരിയുടെ പിറന്നാള്‍ സന്തോഷം അവര്‍ പങ്കുവക്കാന്‍ തീരുമാനിച്ചുവെന്നും അതിലേക്ക് സഹായിക്കണമെന്നുമായിരുന്നു ആ എഴുത്തിന്റെ ഉള്ളടക്കം. 'ഞങ്ങള്‍ക്കുള്ള ഒരു ഭാഗ്യം അവള്‍ക്കില്ല..' മാതൃത്വത്തെ മഹാഭാഗ്യമായി കണ്ട ആ വരികള്‍ ഉള്ളം ഉലച്ചു. കാരണം എന്റെ ആ മഹാ സൗഭാഗ്യവും ഇയ്യിടെയാണ് എന്റെ കണ്‍മറഞ്ഞത്.

അടുത്ത ദിവസം, ദില്‍ഷയും ശഹാനയും പുത്തനുടുപ്പ് കൊണ്ടുവന്നിരുന്നു. ഹിബയുടെ വക കമ്മലുമുണ്ട്. കേക്കും മധുരവും നല്‍കി ഞങ്ങള്‍ അധ്യാപകര്‍ കൂടെ നിന്നു.അങ്ങനെ അവര്‍ സഹജീവി സ്‌നേഹത്തിന്റെ, ആര്‍ദ്രതയുടെ,സഹാനുഭൂതിയുടെ, നല്ല പാഠങ്ങള്‍ സ്വയം പകര്‍ത്തുകയായിരുന്നു.ദാരിദ്രത്തിന്റെ പാരമ്യതയില്‍ പൊന്നുമോളുടെ പിറന്നാളിന് പുത്തനുടുപ്പ് വാങ്ങാനില്ലാതെ പകച്ചുപോയ ഒരമ്മയുടെയും ഒരച്ഛന്റെയും കഥ പറയുന്ന 'മഞ്ഞപ്പാവാട' അവര്‍ മലയാളത്തില്‍ പഠിച്ചതാണ്. അണ്ണാരക്കണ്ണനെ കൂട്ടിലടച്ച റാഷിദിന്റെ കഥയും ഉമ്മനോവ് എന്ന അറബി അധ്യായത്തില്‍ അവര്‍ പഠിക്കുന്നുമുണ്ട്. അമ്മ അണ്ണാന്‍ കൂടിന് ചുറ്റും കരഞ്ഞ് നടക്കുന്നത് കണ്ട വല്യുപ്പ അമ്മ മനസ്സ് നോവരുതെന്ന് പറഞ്ഞ് വിട്ടയക്കാന്‍ ആവശ്യപ്പെടുന്നതാണ് കഥാതന്തു.

ഈ കുഞ്ഞിളം മക്കളുടെ വര്‍ണ്ണ-വര്‍ഗ്ഗ-ജാതി-മതങ്ങള്‍ക്കതീതമായ കരുതലും കാത്തുവെപ്പും പുതിയ കാലത്ത് പ്രതീക്ഷയുടെ പുതുനാമ്പുകളാണ്.

സഹജീവി സ്‌നേഹത്തിന്റെ വര്‍ത്തമാന പരിസരം പറഞ്ഞുതരുന്ന ബെന്യാമിന്‍ എഴുതിയ ഒരു കഥയുണ്ട്; 'മനുഷ്യന്‍ എന്ന സഹജീവി'. പരിസ്ഥിതിക്കും ജന്തുക്കള്‍ക്കും വേണ്ടി പകല്‍ മുഴുവന്‍ ഓടിനടന്ന പൊതുപ്രവര്‍ത്തകനായ കഥാനായകന്‍ രാത്രി വൈകി വീട്ടിലെത്തിയപ്പോള്‍ ഭാര്യ പറഞ്ഞു. അയല്‍പക്കത്തെ കുട്ടി എന്തോ അസുഖമായി കിടക്കുന്നു. അവനെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ഒന്ന് സഹായിക്കാമോ? 'എന്നെപ്പോലെ തിരക്കുള്ള ഒരാളെ ഇതിനൊക്കെ വിളിക്കാമോ? എനിക്കെവിടെ സമയം..?! എന്ന് ക്ഷുഭിതനായി ആക്രോശിക്കുകയാണയാള്‍.ബെന്യാമിന്‍ വരച്ചിടുന്ന സഹജീവി സ്‌നേഹത്തിന്റെ പൊള്ളയായ വര്‍ത്തമാന വിശേഷങ്ങള്‍ക്കിടയിലും ഇന്നലകളിലെ സ്‌നേഹവായ്പ്പിന്റെയും കരുതലിന്റെയും ചില ഈടുവെപ്പുകള്‍ അങ്ങിങ്ങായി മായാതെ നില്‍ക്കുന്നുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണീ സ്‌കൂള്‍ അനുഭവം.

മാനവിക മൂല്യങ്ങളുടെ ഇത്തരം പഠനനേട്ടങ്ങള്‍ പുതുതലമുറയുടെ ജീവിതത്തില്‍ പ്രകടമാവുമ്പോഴാണ് പഠനം ഉത്സവമാകുന്നത്.

അതാണ് ശരിക്കും 'പഠനോത്സവം'.





Next Story

RELATED STORIES

Share it