Emedia

ഈ ബധിര കര്‍ണ്ണങ്ങള്‍ ഇന്ത്യയുടെ ശവക്കുഴി തോണ്ടും

ഈ ബധിര കര്‍ണ്ണങ്ങള്‍ ഇന്ത്യയുടെ ശവക്കുഴി തോണ്ടും
X

ആബിദ് അടിവാരം

കര്‍ഷക സമരം തുടങ്ങിയിട്ട് നാലരമാസമായി. കൊടും തണുപ്പിനെ അവഗണിച്ച് സമരക്കാര്‍ കൂട്ടത്തോടെ ഡല്‍ഹിയിലെത്തി സമരം ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു മാസമാവുന്നു. സര്‍ക്കാര്‍ മിണ്ടുന്നില്ല, നരേന്ദ്ര മോദി പതിവു പോലെ ഗിമ്മിക്കുകള്‍ കാണിക്കുകയാണ്. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് രണ്ടായിരം രൂപ വീതം ഇട്ടു കൊടുത്തും, ഗുരുദ്വാരയില്‍ കുമ്പിട്ട് ഫോട്ടോ ഷൂട്ട് നടത്തിയും പതിവ് തട്ടിപ്പ് പരിപാടികള്‍.

നിരന്തരമായി ഒരു വിഭാഗത്തിന്റെ ശബ്ദം അവഗണിക്കപ്പെട്ടാല്‍ ഉണ്ടാവാന്‍ പോകുന്നത് അപകടകരമായ സ്ഥിതിവിശേഷമാണ്. അവര്‍ സ്വന്തം പാടു നോക്കി പോകും. കഴിഞ്ഞ 70 വര്‍ഷം മുമ്പ് വരെ സ്വന്തമായ അസ്തിത്വവുമായി 200 ലേറെ രാജ്യങ്ങളിലായി ജീവിച്ച മനുഷ്യരാണ് ഇന്ത്യയിലുള്ളത്. ബ്രിട്ടീഷുകാരുടെ ഉരുക്കുമുഷ്ടി ഒന്നാക്കി നിര്‍ത്തിയ ബ്രിട്ടീഷ് ഇന്ത്യയിലേക്ക് സ്വാതന്ത്ര്യാനന്തരം കൂട്ടിച്ചേര്‍ക്കപ്പെട്ട കശ്മീരും ഹൈദരാബാദും ഇന്‍ഡോറും മൈസൂരും തിരുവിതാംകൂറും എല്ലാം ഉള്‍പ്പെട്ട ഇന്നത്തെ ഇന്ത്യക്ക് വെറും 73 വയസ്സ് പ്രായമേയുള്ളൂ...

സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളും പഞ്ചാബും ഹരിയാനയുമാണ് ഇക്കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഇന്ത്യയെ പോറ്റുന്നത്. അവര്‍ അധ്വാനിക്കുന്ന പണം കൊണ്ടാണ് പശു ബെല്‍റ്റിലെ നിരക്ഷരകുക്ഷികളായ മനുഷ്യരെ തീറ്റിപോറ്റുന്നത്. പശു ബെല്‍റ്റിലെ സ്‌കൂള്‍ ഡ്രോപ്പൗട്ടുകളായ ബിജെപി നേതാക്കളും അവരുടെ ഗുജറാത്തി മുതലാളിമാരും ചേര്‍ന്ന് രാജ്യത്തിന് അന്നം നല്‍കുന്നവരുടെ അഭിമാനത്തിന് മുറിവേല്‍പ്പിച്ചാല്‍ അവര്‍ പണി നോക്കിപ്പോകും. നമ്മളതിനെ ഖാലിസ്ഥാന്‍വാദമെന്നോ വിഘടനവാദമെന്നോ വിളിച്ചിട്ട് കാര്യമുണ്ടാവില്ല.

ഇന്ത്യയിലെ വെറും അഞ്ചു സംസ്ഥാനങ്ങള്‍ ഇടഞ്ഞാല്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യ പ്രതിസന്ധിയിലാകും. പലവട്ടം മാറ്റി വരക്കപ്പെട്ട അതിര്‍ത്തികളാണ് നമ്മുടേത്,ചിലപ്പോള്‍ ഭരണ സൗകര്യാര്‍ത്ഥം ചിലപ്പോള്‍ രാഷ്ട്രീയകരണങ്ങളാല്‍ പലവട്ടം അതിര്‍ത്തികള്‍ പുനര്‍ നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 73 കൊല്ലം പഴയ 200 നാട്ടുരാജ്യങ്ങള്‍ ഒറ്റ രാജ്യമായി നിന്നത്, ഓരോ പൗരന്റെയും ശബ്ദം പരിഗണിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തിയത് കൊണ്ടാണ്. എത്ര ചെറിയ ശബ്ദത്തിനും ഡല്‍ഹിയിലിരുക്കുന്നവര്‍ ചെവി കൊടുത്തത് കൊണ്ടാണ്. എല്ലാവരും അംഗീകരിക്കുന്ന ഒരു ഭരണഘടനക്ക് ബഹുമാനം കല്‍പ്പിച്ചതു കൊണ്ടാണ്. അതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്.

ഒരിക്കല്‍ രാജ്യം വെട്ടിമുറിച്ച് ഹിന്ദു രാജ്യമുണ്ടാക്കാന്‍ ശ്രമിച്ചവരാണ് ആര്‍എസ്എസ്. അന്ന് ഹിന്ദുരാജ്യം എന്ന സ്വപനത്തിന് തടസ്സമായി നിന്നവരെ വെട്ടിമാറ്റിയ പോലെ പശുബെല്‍റ്റില്‍ ഹിന്ദുരാജ്യം സ്ഥാപിക്കാന്‍ തടസ്സം നില്‍ക്കുന്നവര്‍ 'രാജ്യം വിട്ട്' പോവട്ടെ എന്നവര്‍ കരുതുന്നണ്ടോ...? സമരക്കാരോട് തികഞ്ഞ അവഗണന കാണിക്കുന്ന നരേന്ദ്ര മോദിയുടെ ശരീരഭാഷ പറയുന്നത് അതാണ്.

കര്‍ഷകരോട് മുഖം തിരിക്കുന്നത് രാജ്യത്തിന്റെ നിലനില്പിനെപ്പോലും ബാധിക്കുമെന്ന് ഒരന്തവും കുന്തവുമില്ലാത്ത ആ മാനുഷനോട് ആരാണ് പറഞ്ഞു കൊടുക്കുക?

Next Story

RELATED STORIES

Share it