Flash News

കോട്ടയം മെഡിക്കല്‍ കോളേജ് ആധുനികവല്‍ക്കരിക്കുന്നതിന് 564 കോടി

കോട്ടയം മെഡിക്കല്‍ കോളേജ് ആധുനികവല്‍ക്കരിക്കുന്നതിന് 564 കോടി
X


തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആധുനികവത്ക്കരിക്കുന്നതിന് വേണ്ടി കിഫ്ബി വഴി 564 കോടി രൂപ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി ഹിറ്റ്‌സിനെ (HITES) ചുമതലപ്പെടുത്തിയിരുന്നു. ഹിറ്റ്‌സ് സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ട് പ്രകാരമാണ് ഭരണാനുമതി നല്‍കിയത്. ഭൗതികമായ അടിസ്ഥാന സൗകര്യ വികസനത്തിനായി 418.46 കോടി രൂപയും ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കുമായി 131.76 കോടി രൂപയും കണ്‍സള്‍ട്ടസി ചാര്‍ജും മറ്റുള്ളവയ്ക്കുമായി 13.78 കോടി രൂപയും അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

ഭൗതികമായ അടിസ്ഥാന സൗകര്യ വികസനത്തില്‍ സര്‍ജിക്കല്‍ ബ്ലോക്കിനായി 194.29 കോടി രൂപയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിനായി 202.71 കോടി രൂപയും ഇ & എം സേവനങ്ങള്‍ക്കായി സര്‍ജിക്കല്‍ ബ്ലോക്കിനായി 10.69 കോടി രൂപയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിനായി 10.76 കോടി രൂപയും അനുവദിച്ചു.

ഉപകരണങ്ങളും ഫര്‍ണിച്ചറുകള്‍ക്കുമായി സര്‍ജിക്കല്‍ ബ്ലോക്കില്‍ 68.28 കോടി രൂപയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ 63.48 കോടി രൂപയുമാണ് അനുവദിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സമഗ്ര പുരോഗതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി നിരവധി തവണ മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

കോളേജിന്റെ സമഗ്ര വികസനത്തിനായി അടുത്തിടെ 5.50 കോടി രൂപ അനുവദിച്ചിരുന്നു. ക്യാന്‍സര്‍ ചികിത്സാ രംഗത്തെ അത്യാധുനിക മെഷീനായ ലീനിയര്‍ ആക്‌സിലേറ്റര്‍ വാങ്ങുന്നതിന് 12 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 181 തസ്തികകളാണ് അനുവദിച്ചത്. ആര്‍സിസി മോഡല്‍ ചികിത്സയ്ക്കായി സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം തുടങ്ങുകയും അതിനാവശ്യമായ അധ്യാപകരെ നിയമിക്കുകയും ചെയ്തു. ഇതോടൊപ്പം 21 തസ്തികകള്‍ സൃഷ്ടിക്കുക്കയും ചെയ്തു.

ആധുനിക രീതിയിലുള്ള അത്യാഹിത വിഭാഗത്തിനും ട്രോമ കെയറിനുമായി 16 കോടി രൂപ അനുവദിച്ച് പ്രവര്‍ത്തനസജ്ജമാക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 10.39 കോടി രൂപ ചെലവഴിച്ച ഒ.പി. നവീകരണം, 89 ലക്ഷം രൂപ മുടക്കി അവയവ മാറ്റ ശസ്ത്രക്രിയയ്ക്കുള്ള അത്യാധുനിക ഡ്യുവല്‍ മോഡുലാര്‍ ട്രാന്‍സ്പ്ലാന്റ് ഓപ്പറേഷന്‍ തീയറ്റര്‍, 20 ലക്ഷം രൂപ മുടക്കി ഹീമോഫിലിയ വാര്‍ഡ്, 70 ലക്ഷം രൂപ മുടക്കി പുതിയ മോര്‍ച്ചറി ബ്ലോക്ക് എന്നിവ പ്രവര്‍ത്തന സജ്ജമാക്കി ഉദ്ഘാടനം നടത്തി.

ഈ മെഡിക്കല്‍ കോളേജിലെ രണ്ടാമത്തെ കാത്ത് ലാബ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. 4.45 കോടി രൂപയാണ് പുതിയ കാത്ത് ലാബിനായി അനുവദിച്ചത്. 5.31 കോടി രൂപ മുടക്കി സ്ഥാപിക്കുന്ന 128 സ്ലൈസ് സി.ടി. സ്‌കാനിംഗ് മെഷീനും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യമായി എം.ആര്‍.ഐ. സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കുകയും ആദ്യ ഘട്ടമായി 2 കോടി രൂപ അനുവദിക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു എം.ആര്‍.ഐ. സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കുക എന്നത്. എം.ആര്‍.ഐ. പരിശോധനയ്ക്കായി സ്വകാര്യ ലാബുകളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് ഇത് വലിയ അനുഗ്രഹമായി മാറും.

ക്യാമ്പസ് റോഡിനും ട്രെയിനേജിനുമായി 6 കോടി രൂപ അനുവദിച്ചു. ക്യാന്‍സര്‍ ചികിത്സാ വിഭാഗത്തിന്റെ രണ്ടാംഘട്ടത്തിന് 11.5 കോടി രൂപ അനുവദിച്ചു. ഇതുകൂടാതെയാണ് മെഡിക്കല്‍ കോളേജ് ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് 564 കോടി രൂപയുടെ ഭരണാനുമതി നല്‍കിയത്.
Next Story

RELATED STORIES

Share it