Latest News

കണിച്ചാംതുറ ഓക്‌സ്‌ബോ തടാകം സംരക്ഷിക്കണം

കണിച്ചാംതുറ ഓക്‌സ്‌ബോ തടാകം സംരക്ഷിക്കണം
X

മാള: നോക്കെത്താദൂരം പരന്നു കിടക്കുന്ന പാളയംപറമ്പിലെ കണിച്ചാംതുറ ഓക്‌സ്‌ബോ തടാകം വിനോദ സഞ്ചാര വികസനത്തിന്റെ കാലൊച്ചക്ക് കാതോര്‍ക്കുന്നു. ഈ തടാകം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ പാളയംപറമ്പില്‍ നാലോളം ഏക്കര്‍ വിസ്ത്രിതിയിലുള്ള ഈ ശുദ്ധജല തടാകം അപൂര്‍വ്വ ഇനങ്ങളായ മത്സ്യസമ്പത്തിന്റേയും ജലജീവികളുടേയും സങ്കേതം കൂടിയാണ്.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഏഴേക്കര്‍ വിസ്തൃതിയിലുണ്ടായിരുന്ന ഈ തടാകത്തിന് ഇന്നതിന്റെ പകുതി വിസ്ത്രിതിയേയുള്ളൂ. ബാക്കിയെല്ലാം കയ്യേറ്റക്കാരുടെ കൈവശമാണ്. ചാലക്കുടി പുഴയില്‍ നിന്ന് പാളയംപറമ്പ് ചെറാല്‍പ്പാടം തുമ്പുമുറിതോട് വഴിയാണ് ഈ തടാകത്തിലേക്ക് വെള്ളമെത്തുന്നത്. എല്ലാ കാലത്തും ജലസമൃദ്ധമാണ് ഓക്‌സ്‌ബൊ തടാകം. ചാലക്കുടിപ്പുഴ ഗതിമാറി ഒഴുകിയതിന്റെ ഭാഗമായാണ് ഇങ്ങിനെയൊരു തടാകം ഇവിടെ രൂപപ്പെട്ടതെന്നാണ് ചരിത്രം പറയുന്നത്.

ബ്ലോക്ക് പഞ്ചായത്തിന്റെ നിര്‍ദേശാനുസരണം 1998 ല്‍ ജൈവ വൈവിദ്യപഠന രംഗത്തെ ശാസ്ത്ര പ്രതിഭയായ ഡോ. സണ്ണി ജോര്‍ജ്ജ് ഈ തടാകത്തിന്റെ പ്രത്യേകതകളെകുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് ജൈവ വൈവിദ്യ ബോര്‍ഡിന് സമര്‍പ്പിക്കുകയുണ്ടായി. മാറിമാറി ഭരിച്ച സര്‍ക്കാരുകളൊന്നും ഈ തടാകത്തിന്റെ സംരക്ഷണത്തിനും വികസനത്തിനും യാതൊരു പരിഗണനയും നല്‍കിയിട്ടില്ലെന്നാണ് ജനപ്രതിനിധികളും പരിസ്ഥിതി സ്‌നേഹികളും പറയുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടി എന്‍ പ്രതാപന്‍ എം എല്‍ എ ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചെങ്കിലും ഫണ്ട് അനുവദിപ്പിക്കാന്‍ കഴിഞ്ഞില്ല. എം എല്‍ എ യുടെ ശ്രമഫലമായി കേന്ദ്രസംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് പ്രതിനിധികള്‍ തടാകം സന്ദര്‍ശിച്ചെങ്കിലും തുടര്‍ നടപടികള്‍ ഒന്നുംതന്നെയുണ്ടായില്ല.

തടാകത്തില്‍ അടിഞ്ഞ് കൂടിയ ചെളിയും ചണ്ടിയും നീക്കം ചെയ്ത് വിറ്റാല്‍ തന്നെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാനുള്ള തുക ലഭിക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ നിഗമനം. സൗകര്യങ്ങളൊരുക്കിയാല്‍ ഈ തടാകം ഒരു വിനോദ സഞ്ചാരികളുടെ പറുദീസയായി മാറുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ഈ സര്‍ക്കാരിന്റെ കാലത്ത് തടാകത്തില്‍ സര്‍വ്വെ നടത്തുകയും ഫണ്ടനുവദിച്ചെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും യാതൊരു നടപടികളുമുണ്ടായിട്ടില്ല.

Next Story

RELATED STORIES

Share it