Latest News

''ഹിന്ദുക്കള്‍ക്ക് ബലാല്‍സംഗം ചെയ്യാനാവില്ല!'' ആര്‍എസ്എസ്സിന്റെ നുണയന്ത്രം പ്രവര്‍ത്തിക്കുന്നതെങ്ങനെ?

ഹിന്ദുക്കള്‍ക്ക് ബലാല്‍സംഗം ചെയ്യാനാവില്ല! ആര്‍എസ്എസ്സിന്റെ നുണയന്ത്രം പ്രവര്‍ത്തിക്കുന്നതെങ്ങനെ?
X

ആര്‍എസ്എസ് എല്ലാ പാര്‍ട്ടികളെയും പോലല്ല. അവര്‍ നുണകളെ സത്യങ്ങളായി അവതരിപ്പിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുമാണ് തങ്ങളുടെ അധീശത്വം നിലനിര്‍ത്തുന്നത്. അവര്‍ നുണകള്‍ തലമുറകളിലൂടെ കൈമാറുകയും അത് തുടര്‍വിജയങ്ങള്‍ക്കുള്ള ഇന്ധനമാക്കി മാറ്റുകയും ചെയ്യും. പലയാവര്‍ത്തി കേട്ടും പറഞ്ഞും ശീലിക്കുന്ന തലമുറ അത് സത്യമെന്നല്ല, സനാതന സത്യമായി മനസ്സിലാക്കും. സത്യം പുറത്തുവരും മുമ്പ് നുണ ലോകം ചുറ്റി വന്നുകഴിഞ്ഞിരിക്കും. സത്യം തെളിഞ്ഞുവരും മുമ്പ് ചെയ്യേണ്ട എല്ലാ ദുഷ്‌കൃത്യങ്ങളും അത് ചെയ്തുകഴിഞ്ഞിരിക്കും- അതിലെ അപകടവും അതുതന്നെ.

എന്തിനും വര്‍ഗീയവ്യാഖ്യാനങ്ങള്‍ നല്‍കിയും നുണകള്‍ പരത്തിയും പാതിസത്യങ്ങള്‍ വേണ്ടവിധം ചേര്‍ത്തുമൊക്കെ സാമര്‍ത്ഥ്യത്തോടെയാണ് സംഘ്പരിവാര സംഘടനകളും നേതാക്കളും സംഘപരിവാര്‍ നുണഫാക്ടറികളും ഐടി സെല്ലുമൊക്കെപ്രവര്‍ത്തിക്കുന്നത്.

കൊവിഡ് കാലം അതിന്റെ ഒരു വിളനിലമായിരുന്നു. ഇന്നും ഗ്രാമീണ മേഖലയില്‍ പലരും കരുതുന്നത് കൊവിഡും മുസ്‌ലിംകളും തമ്മില്‍ എന്തോ ബന്ധമുണ്ടെന്നാണ്. കൊവിഡ് വ്യാപനത്തെക്കുറിച്ച് തബ്‌ലീഗ് കൊറോണയെന്ന പ്രയോഗം തന്നെ സംഘ്പരിവാര സംഘടനകള്‍ രൂപപ്പെടുത്തിയിരുന്നു. ഇത് ദേശീയ, പ്രാദേശിക മാധ്യമങ്ങളും എന്തിന് ഇടത് മനഃസ്ഥിതിക്കാര്‍ പോലും പ്രചരിപ്പിക്കുകയോ ഉള്ളില്‍ സൂക്ഷിക്കുകയോ ചെയ്യുന്നു.

കര്‍ണാടകയിലെ ബിജെപിയുടെ യുവ എംപി തേജസ്വി സൂര്യ നടത്തിയ ഇടപെടല്‍ നോക്കുക. ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായ തേജസ്വി കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടിരിക്കുന്ന ബ്രുഹത് ബെംഗളൂരു മഹാനഗരപാലിക സൗത്ത് സോണ്‍ ഓഫിസില്‍ ഇടിച്ചു കയറി ചോദിച്ചത് ഇതൊരു മദ്രസയാണോ എന്നാണ്. അവിടെ ജോലി ചെയ്യുന്ന ഏതാനും മുസ്‌ലിം ജീവനക്കാരുടെ പേരും അയാള്‍ ഉറക്കെ വായിച്ചു. കോര്‍പറേഷന്‍കാര്‍ കേട്ടപാടെ അവിടെ ജോലി ചെയ്തിരുന്ന 17 ജീവനക്കാരെയും സസ്‌പെന്റ് ചെയ്തു. അവര്‍ക്കെതിരേ പോലിസ് അന്വേഷണവും ആരംഭിച്ചു. കൊവിഡ് കണ്‍ട്രോള്‍ റൂമില്‍ എന്തുകൊണ്ടാണ് ഇത്രയേറെ മുസ് ലിംകളെ ജോലിക്കെടുത്തതെന്നായിരുന്നു അയാളുടെ ചോദ്യം. അവര്‍ കൊവിഡ് കിടക്കകള്‍ മറിച്ചുകൊടുക്കുന്നുവെന്നും ആരോപിച്ചു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ എംപിയുടേത് വ്യാജആരോപണമാണെന്നു തെളിഞ്ഞു. പക്ഷേ, കണ്‍ട്രോള്‍ റൂമിനെ വര്‍ഗീയവല്‍ക്കരിക്കാനും അവര്‍ക്കിടയിലുണ്ടായിരുന്ന ഐക്യം തകര്‍ക്കാനും ഈ നുണകള്‍ക്കു കഴിഞ്ഞു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും പലരും തിരിച്ചുപോയില്ല. തങ്ങളെ അപമാനിച്ചതായി അവര്‍ക്ക് തോന്നിയിരിക്കണം.

ഇത്തരം നുണകള്‍ പ്രവര്‍ത്തിക്കുന്നത് കര്‍ണാടകയില്‍ മാത്രമല്ല, പശ്ചിമ ബംഗാളില്‍ നിന്ന് ഇതിനുളള നിരവധി ഉദാഹരങ്ങള്‍ ലഭിക്കും.

തിരഞ്ഞെടുപ്പിന് ശേഷം 15ഓളം പേരാണ് പശ്ചിമ ബംഗാളില്‍ കൊല്ലപ്പെട്ടത്. ബംഗാളിലുണ്ടായ തോല്‍വിയില്‍ മുഖം നഷ്ടപ്പെട്ട ബിജെപിയെ സംബന്ധിച്ചിടത്തോളം അതൊരു വീണു കിട്ടിയ ചാന്‍സ് ആയി. പശ്ചിമ ബംഗാളില്‍ മുസ്‌ലിംകള്‍ ഹിന്ദുക്കളെ കൊല്ലുകയാണെന്ന് അവര്‍ പ്രചരിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ ബംഗാളില്‍ നടന്നത് തികച്ചും കക്ഷിരാഷ്ട്രീയ കൊലപാതകം മാത്രമായിരുന്നു. വര്‍ഗീയ സ്വഭാവം അതിനൊട്ടും ഉണ്ടായിരുന്നില്ല. പക്ഷേ, കൊലപാതകങ്ങളെ കുറിച്ച് ബിജെപി പ്രചരിപ്പിച്ചത് തൃണമൂല്‍ നേതാവായ മമതാ ബാനര്‍ജിയുടെ സംരക്ഷണയില്‍ ജിഹാദികള്‍ ഹിന്ദു പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നുവെന്നാണ്. ജിഹാദികള്‍ ഹിന്ദു സ്ത്രീകളെ ബലാല്‍സംഗം ചെയ്ത കഥകള്‍ അക്കാലത്തെ എല്ലാ ബിജെപി നേതാക്കളുംആവര്‍ത്തിച്ചുപറഞ്ഞു. ഹിന്ദു സഹോദരിമാരെ ജിഹാദികള്‍ അപമാനിക്കുന്നുവെന്ന് ആരോപിച്ചു. മുസ് ലിംകളും തൃണമൂല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്ന കാര്യം അവര്‍ മറച്ചുവച്ചു. എന്നുമാത്രമല്ല, ബിജെപിക്കാര്‍ കൊന്നുകളഞ്ഞ നാല് തൃണമൂല്‍ പ്രവര്‍ത്തകര്‍ ഹിന്ദുക്കളുമായിരുന്നുവെന്ന കാര്യവും അവര്‍ മിണ്ടിയില്ല.

എന്തിനെയും വര്‍ഗീയവല്‍ക്കരിക്കുകയെന്നതാണ് അവരുടെ രീതി. അതുവഴി സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കാന്‍ അവര്‍ക്കു കഴിയുന്നു. 2017ല്‍ ബദൂരിയ കലാപത്തില്‍ പ്രതിചേര്‍ക്കപ്പെട്ടയാളുടെ മാതാവിനെ മുസ്‌ലിംകള്‍ ബലാല്‍സംഗം ചെയ്തുവെന്ന് അവര്‍ ആരോപിച്ചു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തിലൂടെ ഒരു കാര്യം വ്യക്തമായി. പ്രതിയുടെ മാതാവ് വളരെ വര്‍ഷം മുമ്പ് മരിച്ചുപോയിരുന്നു.

'മുസ്‌ലിം ഗുണ്ടകള്‍' ഹിന്ദു സ്ത്രീകളെ ആക്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വാര്‍ഗിയ ഒരു ചിത്രം പങ്കുവച്ചിരുന്നു. 2017ലെ ഒരു ഭോജ്പുരി സിനിമയിലെ ഒരു രംഗമായിരുന്നു അത്. നുണപ്രചാരണത്തിന്റെ മറ്റൊരു രീതി.

കാത്വയില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നപ്പോള്‍ ബിജെപിയുടെ മാധ്യമമുഖമായി പ്രവര്‍ത്തിക്കുന്ന സീ ന്യൂസും ദൈനിക് ജാഗ്രണും അതേ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ബലാല്‍സംഗം ചെയ്തവരെ ന്യായീകരിച്ച് റാലികള്‍ നടത്തി. അതില്‍ ബിജെപിയുടെ ഒരു മുതിര്‍ന്ന മന്ത്രി പറഞ്ഞത് ഹിന്ദുക്കള്‍ക്ക് ബലാല്‍സംഗം ചെയ്യാനാവില്ലെന്നാണ്.

2019ല്‍ ഹൈദരാബാദില്‍ ഒരു മൃഗഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്നപ്പോള്‍ അതിനെയും സംഘ്പരിവാര ശക്തികള്‍ വര്‍ഗീയമായി അവതരിപ്പിച്ചു.

ദുര്‍ബലരായ മുസ്‌ലിം യുവാക്കളെ ആള്‍ക്കൂട്ട ആക്ക്രമണത്തിലൂടെയും മറ്റും കൊലപ്പെടുത്തുന്നത് തങ്ങളുടെ അപാരമായ ശക്തിയുടെ പ്രകടനമായാണ് സംഘപരിവാര ശക്തികള്‍ വ്യഖ്യാനിച്ചത്. കഴിഞ്ഞ മാസം ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ഒരു മുസ്‌ലിം യുവാവിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്നിരുന്നു. അവന്‍ ചെയ്ത തെറ്റിന്റെ ഫലമെന്നാണ് അവര്‍ പ്രചരിപ്പിച്ചത്.

യുപിയില്‍ അഫ്രാസുല്‍ എന്ന യുവാവിനെ ശംഭുലാല്‍ റെയ്ഗര്‍ കൊന്ന് കത്തിച്ചുകളഞ്ഞപ്പോള്‍ അതിനെ ന്യായീകരിച്ചത് അഫ്രാസുല്‍ ലൗജിഹാദ് നടത്തിയെന്ന് പറഞ്ഞാണ്. സത്യത്തില്‍ ശംഭുലാല്‍ പറയുന്നത് നുണയാണെന്നത് അയാളുടെ അനുായികള്‍ക്കുപോലും അറിയാമായിരുന്നു.

ലൗജിഹാദിനോളം ശക്തമായ ഒരു പ്രചാരണ ആയുധം ഈ അടുത്ത കാലത്തൊന്നും അവര്‍ക്ക് ലഭിച്ചിട്ടില്ല. ലൗജിഹാദെന്ന സാങ്കല്‍പ്പിക കുറ്റകൃത്യത്തിനെതിരേ ആറ് സംസ്ഥാനങ്ങള്‍ നിയമം പാസ്സാക്കി. രാജ്യത്തെ മുസ്‌ലിം യുവാക്കളെ തുറുങ്കലിലടക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആ നിയമം.

2002 ഫെബ്രുവരിയില്‍ ഗുജറാത്തില്‍ ബിജെപി അനുകൂല മാധ്യമമായ ഗുജറാത്ത് സമാചാര്‍ ഒരു റിപോര്‍ട്ട് പുറത്തുവിട്ടു, 3-4 പെണ്‍കുട്ടികളെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. വാര്‍ത്ത എവിടെനിന്നാണെന്നോ ആരാണ് അയച്ചതെന്നോ ആരാണ് വിവരം നല്‍കിയതെന്നോ പത്രം പറഞ്ഞില്ല. വിഎച്ച്പി നേതാവ് കൗശിക് പട്ടേല്‍ പറഞ്ഞത് പത്ത് പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ്. ഗുജറാത്തി പത്രമായ സന്ദേശ് മറ്റൊരു വാര്‍ത്തയിലൂടെ സമാചാറിനെ കടത്തിവെട്ടാന്‍ ശ്രമിച്ചു. മതഭ്രാന്തന്മാര്‍ ആദിവാസി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു അത്. അവരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുകയും ചെയ്തത്രേ. അതിനും തെളിവുകളൊന്നും ഹാജരാക്കിയില്ല. പത്രത്തിന്റെ എഡിറ്ററോട് ചോദിച്ച മനുഷ്യാവകാശപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞത് ഡെപ്യൂട്ടി എസ്പി തന്ന വിവരമാണ് അതെന്നാണ്. നുണകള്‍ വന്നുപോകുന്നതല്ല, ബോധപൂര്‍വം വരുത്തുന്നു എന്നതാണ് സത്യം.

ശീഹീന്‍ബാഗില്‍ സമരം ചെയ്യുന്നവരെ കുറിച്ച് ബിജെപിക്കാര്‍ പറഞ്ഞുപരത്തിയത് അവിടെയുള്ള മുസ്‌ലിം പുരുഷന്മാര്‍ നാളെ ഹിന്ദു വീടുകളിലെ സഹോദരിമാരെയും പെണ്‍മക്കളെയും ബലാല്‍സംഗം ചെയ്യുമെന്നാണ്. അതുകൊണ്ട് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മോദിയുടെയും അമിത് ഷായുടെയും പാര്‍ട്ടിയായ ബിജെപിക്ക് വോട്ടു ചെയ്യണമെന്നും ബിജെപി നേതാവ് പര്‍വേശ് വര്‍മ പറഞ്ഞുവച്ചു. പ്രതിപക്ഷപാര്‍ട്ടികള്‍ ജയിച്ചാല്‍ ഹിന്ദുക്കളെ മുസ് ലികള്‍ ആക്രമിക്കുമെന്നും അവര്‍ പ്രചരിപ്പിച്ചു.

സ്വന്തം നിലക്ക് നുണകള്‍ ഉല്‍പ്പാദിപ്പിക്കുക മാത്രമല്ല, ജനങ്ങളും അത് ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ആദിമ നിവാസികള്‍ ഹിന്ദുക്കളാണെന്നും മുസ് ലിംകളും കൃസ്ത്യാനികളും പിന്നീട് വന്നു ചേര്‍ന്നവരാണെന്നും അവര്‍ എത്രയോ കാലമായി പ്രചരിപ്പിക്കുന്നു. സംസ്‌കൃതത്തെ എല്ലാ ഇന്ത്യാന്‍ ഭാഷകളുടെയും മാതാവാണെന്നു പറയാനും അവര്‍ക്ക് മടിയില്ല.

നുണയന്ത്രങ്ങളായി പ്രവര്‍ത്തിക്കുന്ന സംഘപരിവാര പ്രവര്‍ത്തകര്‍ മറ്റുള്ളവരെയും അത് പരിശീലിപ്പിക്കുന്നു. സാധാരണ ജനങ്ങളെയും അവര്‍ നുണകള്‍ പറയാന്‍ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും വഴിപിഴപ്പിക്കുകയും ചെയ്യുന്നു. -(വിവരങ്ങള്‍ക്ക് ദി വയറിന് കടപ്പാട്)

Next Story

RELATED STORIES

Share it