Latest News

കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 50പവനും പണവും നഷ്ടപ്പെട്ടു; പോലിസ് കേസ്

ജീവനക്കാരുടെ പങ്കിനെ കുറിച്ച് അന്വേഷണം

കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 50പവനും പണവും നഷ്ടപ്പെട്ടു; പോലിസ് കേസ്
X

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ സ്വര്‍ണവും പണവും വെള്ളിയാഭരണങ്ങളും കാണാതായ സംഭവത്തില്‍ പോലിസ് കേസെടുത്തു. അമ്പത് പവന്‍ സ്വര്‍ണം കാണാതായെന്നാണ് സബ് കലക്ടറുടെ റിപോര്‍ട്ട്. ജീവനക്കാരുടെ പങ്കിനെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ നവജ്യോത് ഘോസ പറഞ്ഞു.

അസ്വാഭാവിക മരണപ്പെടുന്നവരുടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് കാണാതായത്. ആര്‍ഡിഒയുടെ കീഴില്‍ ഒരു സീനിയര്‍ സൂപ്രണ്ടാണ് തൊണ്ടിമുതലുകളുടെ കസ്‌റ്റോഡിയന്‍. 2010 മുതല്‍ 2020വരെയുള്ള 50 പവന്‍ സ്വര്‍ണവും 45,000, 120 ഗ്രാം വെളളിയാഭരണങ്ങളുമാണ് നഷ്ടമായിരിക്കുന്നത്. അസ്വാഭാവിക മരണങ്ങളില്‍ കേസ് അവസാനിച്ചാല്‍ മാത്രമാണ് ആര്‍ഡിഒ കോടതിയില്‍ സൂക്ഷിക്കുന്ന സ്വര്‍ണം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നത്. എന്നാല്‍ ബന്ധുക്കള്‍ പലരും കേസ് അവസാനിച്ചാലും ഇതിനായി അപേക്ഷ നല്‍കി വരാറില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന ഭര്‍ത്താവിന്റെ സ്വര്‍ണം ആവശ്യപ്പെട്ട് ശ്രീകാര്യം സ്വദേശിനി സബ് കലക്ടറെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. സബ്കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ലോക്കര്‍ പരിശധിച്ചപ്പോള്‍ തൊണ്ടിമുതല്‍ നഷ്ടപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. ഇതേ തുടന്ന് പരിശോധന നടത്തിയപ്പോഴാണ് ലക്ഷങ്ങളുടെ തൊണ്ടിമുതല്‍ നഷ്ടമായതായി തെളിഞ്ഞത്. ലോക്കര്‍ തകര്‍ത്തിട്ടില്ല. അതുകൊണ്ട് ഉദ്യോഗസ്ഥര്‍ തൊണ്ടിമുതല്‍ മാറ്റിയെന്നാണ് സംശയം.

സബ്കലക്ടറുടെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. സ്വര്‍ണം കാണാതായ കാലയളവില്‍ ഇരുപതിലധികം പേര്‍ സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ ജോലി ചെയ്തിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരെ പേരൂര്‍ക്കട പോലിസ് ചോദ്യം ചെയ്യും. കവര്‍ച്ചക്കും, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുള്ള മോഷണത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it