- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഹിന്ദുക്കളെ ഇല്ലാതാക്കുന്ന ഹിന്ദുത്വരാഷ്ട്രം
രാജീവ് ശങ്കരന്‍
രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ രൂപീകരണത്തിനു മുമ്പേതന്നെ രാജ്യം ആരുടേതാണ് അല്ലെങ്കില്‍ ഏതു രീതിയിലാണ് രാജ്യം വരേണ്ടതെന്നുള്ള ഒരു ചോദ്യം ഉയര്‍ന്നിരുന്നു. പ്രധാനമായും കോണ്‍ഗ്രസ്സിലാണ് ഇത് ഉയര്‍ന്നിരുന്നത്. സ്വാതന്ത്ര്യ സമരത്തിനു വേണ്ടി ഉപയോഗിക്കേണ്ട രീതിയെന്ത് എന്നതിനെ സംബന്ധിച്ചുള്ള ഒരുപാട് ചര്‍ച്ചകള്‍ അക്കാലത്തുണ്ടായിരുന്നു. കോണ്‍ഗ്രസ്സിനകത്തു ബാലഗംഗാധര തിലകിനെപ്പോലെ, ഗോപാലകൃഷ്ണ ഗോഖലെയെപ്പോലുള്ള തീവ്ര നിലപാടുകളും മൃദു നിലപാടുകളും സ്വീകരിച്ചിരുന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ ഒരു യോജിച്ച നിലപാടിലാണ് എത്തിയിരുന്നത്. അങ്ങനെയാണ് ഗണേശോല്‍സവം പോലുള്ള സംഗതികള്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഉപാധികളായി മാറുന്നത്. ഇങ്ങനെയുള്ള ഒരുപാട് ആശയസംഘട്ടനങ്ങള്‍ക്കു ശേഷമാണ് രാഷ്ട്രീയ സ്വയംസേവക് സംഘ് രൂപീകരിക്കപ്പെടുന്നത്. സവര്‍ക്കര്‍ ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രം ഉയര്‍ത്തുമ്പോള്‍തന്നെ അതിന്റെ തുടര്‍ച്ചയായിട്ട് പലതരത്തിലുള്ള സംഭാഷണങ്ങളുണ്ടായി. അപ്പോഴൊക്കെ രാജ്യം എന്നുള്ള സങ്കല്‍പ്പം എന്തായിരിക്കണമെന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. അന്നുമുതല്‍തന്നെ ഭൂമിശാസ്ത്രപരമായ ഒരു അതിര്‍ത്തിയല്ല രാജ്യം എന്നുള്ള സങ്കല്‍പ്പമാണ് ആര്‍എസ്എസ് മുന്നോട്ടുവച്ചിരുന്നത്. രാജ്യം എന്നത് സാംസ്‌കാരികമായി ഒരു ചരടില്‍ യോജിപ്പിക്കപ്പെട്ട അസ്തിത്വമാണെന്ന, ഒരേ സംസ്‌കാരമുള്ള ജനതയാണെന്ന സങ്കല്‍പ്പം അന്നുമുതല്‍ നിലവിലുണ്ട്. പിന്നീട് ഗോള്‍വാള്‍ക്കര്‍ എഴുതിയ 'വിചാരധാര'യിലും ദീന്‍ ദയാലു ഉപാധ്യായ എഴുതിയ ലേഖനങ്ങളിലുമൊക്കെ രാഷ്ട്രത്തെ അവര്‍ വിശദീകരിക്കുന്നത് ഭൂമിശാസ്ത്രപരമായ ഒരു രേഖയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ഭൂമിശാസ്ത്രപരമായ അതിരുകളുണ്ടെങ്കില്‍തന്നെ അതിനപ്പുറത്ത് നിലനില്‍ക്കുന്ന ഒരു സാംസ്‌കാരികമായ അസ്തിത്വത്തിന്റെ ഭാഗമായിട്ടാണ് അവര്‍ അതിനെ വിവരിക്കാന്‍ ശ്രമിച്ചത്.
സവര്‍ക്കറുടെ ദ്വിരാഷ്ട്ര സിദ്ധാന്തം
സവര്‍ക്കര്‍ ആദ്യമായി ദ്വിരാഷ്ട്ര സിദ്ധാന്തം അവതരിപ്പിക്കുമ്പോള്‍ ഇന്ത്യ എന്ന അവരുടെ അഖണ്ഡ ഭാരതത്തില്‍ രണ്ടു രാഷ്ട്രങ്ങളുണ്ടെന്നു പറയുന്നുണ്ട്. അങ്ങനെ പറഞ്ഞുകൊണ്ടാണ് രണ്ടു രാഷ്ട്രങ്ങള്‍ എന്ന ദ്വിരാഷ്ട്ര സിദ്ധാന്തം അവതരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ മുസ്‌ലിംലീഗല്ല, വി ഡി സവര്‍ക്കറാണ് ആദ്യമായിട്ട് ദ്വിരാഷ്ട്ര വാദം ഉന്നയിക്കുന്നത്. അന്നു പറഞ്ഞത് രാഷ്ട്രത്തിനകത്തു മുസ്‌ലിം ഐഡന്റിറ്റി അല്ലെങ്കില്‍ മുസ്‌ലിംകള്‍ എന്നൊരു വിഭാഗവും ഹിന്ദുക്കള്‍ എന്നുപറയുന്ന വേറൊരു രാഷ്ട്രവുമുണ്ട് എന്നാണ്. അതു സ്ഥാപിക്കാനാണ് സവര്‍ക്കര്‍ ശ്രമിച്ചത്. ഹിന്ദുത്വയില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രം എന്ന സങ്കല്‍പ്പം സവര്‍ക്കറുടെ കാലം മുതല്‍തന്നെ ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്നുണ്ട്. അതിന്റെ ഒരു വളര്‍ച്ചയാണ് നാം പിന്നീട് കാണുന്നത്. ആ വളര്‍ച്ച സ്ഥിരീകരിക്കുന്നതിന് ആര്‍എസ്എസ് പ്രതീക്ഷിച്ചതിനെക്കാള്‍ സമയമെടുത്തിട്ടുണ്ട്. കാരണം, സ്വാതന്ത്ര്യസമരത്തിനു നേതൃത്വംകൊടുത്തത് കോണ്‍ഗ്രസ്സാണ്. കോണ്‍ഗ്രസ് പില്‍ക്കാലത്ത് നെഹ്‌റുവിയന്‍ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോയത്. നെഹ്‌റുവാണെങ്കില്‍ മതേതര പ്രതിച്ഛായയുള്ള ഒരു നേതാവായിരുന്നു. ഒരു മതേതര ജനാധിപത്യ രാജ്യമാണ് അദ്ദേഹം വിഭാവനം ചെയ്തത്. ആ പ്രത്യയശാസ്ത്രത്തിനാണ് പ്രാധാന്യം ലഭിച്ചത്. അതുകൊണ്ടാണ് ഇടക്കാലത്ത് നെഹ്‌റു വിദേശത്തായിരുന്ന ഒരു സമയത്ത് ആര്‍എസ്എസുമായി യോജിക്കണമെന്നൊരു പ്രമേയം കോണ്‍ഗ്രസ് പാസാക്കിയത്. നെഹ്‌റു തിരിച്ചുവന്നതിനു ശേഷം അങ്ങനെ പറ്റില്ലെന്നുപറഞ്ഞുകൊണ്ട് ആ പ്രമേയം തിരുത്തുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ നേതൃനിരയിലുള്ള ചില ആളുകളെങ്കിലും ഇനി മുന്നോട്ടുപോവേണ്ടത് ആര്‍എസ്എസിന്റെ രീതിക്കാണെന്നു വിശ്വസിക്കുകയും ചെയ്തിരുന്നു. ഇതൊരു ചരിത്രമാണ്.
ആര്‍എസ്എസിന്റെ രൂപീകരണത്തിനുമുമ്പ്, സ്വാതന്ത്ര്യസമര കാലത്തുതന്നെ രാജ്യത്തിന്റെ സ്വഭാവം എന്തായിരിക്കണമെന്നതുമായി ബന്ധപ്പെട്ടു പലവിധത്തിലുള്ള ആശയസംഘട്ടനങ്ങള്‍ നിലനിന്നിരുന്നു. അതിന്റെ തുടര്‍ച്ചയിലാണ് ആര്‍എസ്എസ് രൂപീകരിക്കപ്പെടുന്നതും സവര്‍ക്കര്‍ ഹിന്ദുത്വ എന്നുപറയുന്ന സിദ്ധാന്തമുണ്ടാക്കുന്നതും. എന്നാല്‍, രാജ്യം സ്വതന്ത്രമാവുന്ന ഘട്ടത്തില്‍ ഇതു നടപ്പാക്കാന്‍ സാധിക്കാത്ത ഒരു അവസ്ഥ ആര്‍എസ്എസിനുണ്ടായി. ഭരണഘടനാ നിര്‍മാണ സഭയുടെ അധ്യക്ഷനായത് ബി ആര്‍ അംബേദ്കറാണ്. അദ്ദേഹത്തിന്റെ ജനാധിപത്യ സങ്കല്‍പ്പങ്ങളും ലോക വീക്ഷണങ്ങളും ജനാധിപത്യ വികസിതമായിരുന്ന രാജ്യങ്ങളുടെ ഭരണഘടന അടിസ്ഥാനമാക്കിയതും ജാതി അദ്ദേഹത്തിന്റെ ജീവിതത്തിലേല്‍പ്പിച്ച ആഘാതങ്ങളുമൊക്കെ അടിസ്ഥാനമാക്കിയിട്ടാണ് യഥാര്‍ഥത്തില്‍ ഭരണഘടന രൂപംകൊള്ളുന്നത്. ഭരണഘടനാ നിര്‍മാണ സഭയില്‍ത്തന്നെ ഹിന്ദു മഹാസഭയെ അനുകൂലിക്കുന്ന, ആര്‍എസ്എസിനെ അനുകൂലിക്കുന്ന ആളുകള്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച്, മതനിരപേക്ഷ ജനാധിപത്യത്തെക്കുറിച്ച്, അങ്ങനെ പല കാര്യങ്ങളെക്കുറിച്ചും തര്‍ക്കങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതൊക്കെ തള്ളപ്പെടുന്നത് ഡോ. ബി ആര്‍ അംബേദ്കര്‍ അതിന്റെ അധ്യക്ഷനായതുകൊണ്ടു മാത്രമാണ്. വി ഡി സവര്‍ക്കര്‍ ആഗ്രഹിച്ചതുപോലെ ഹിന്ദുത്വ ആശയത്തിലധിഷ്ഠിതമായ ഒരു സംവിധാനമല്ല രാജ്യത്ത് നിലവില്‍വന്നത്. പിന്നെ അവര്‍ ശ്രമിച്ചത് പുതിയ സംവിധാനത്തിലൂടെ ഒരു ഹിന്ദുരാഷ്ട്രം എങ്ങനെ സ്ഥാപിക്കാമെന്നതിനു വേണ്ടിയായിരുന്നു. ഇതായിരുന്നു ആര്‍എസ്എസിന്റെ പ്രധാനപ്പെട്ട അജണ്ട. ഇതിനുവേണ്ടിയുള്ള തന്ത്രങ്ങളാണ് പിന്നീട് ആവിഷ്‌കരിക്കപ്പെടുന്നത്. ആ ആവിഷ്‌കാരത്തിന്റെ തുടര്‍ച്ചയായിട്ടാണ് ആസൂത്രിതമായിട്ടുള്ള വര്‍ഗീയകലാപങ്ങളുണ്ടാവുന്നത്. അയോധ്യ, രാമജന്മഭൂമി എന്നൊരു വിഷയം വലിയതോതില്‍ ഉന്നയിക്കപ്പെടുന്നത്. ബാബരി മസ്ജിദ് പൊളിക്കപ്പെടുന്നത്. ഇതൊക്കെ ആ തന്ത്രത്തിന്റെ ഭാഗമായിട്ടാണ്.
ഇങ്ങനെ രൂപീകരിച്ച, ഇങ്ങനെ വളര്‍ന്നുവന്ന ഹിന്ദുത്വ ദേശീയവാദം ഒരുഘട്ടത്തിലെത്തുമ്പോള്‍ കൃത്യമായിട്ട് അതിന്റെ ലക്ഷ്യം പറയുന്നുണ്ട്. ഹിന്ദു എന്ന പാരമ്പര്യം അംഗീകരിക്കുന്നവര്‍ക്കുവേണ്ടി മാത്രമാണ് ഈ രാജ്യം നിലനില്‍ക്കേണ്ടതെന്ന് അവര്‍ കൃത്യമായിട്ട് പറയുന്നുണ്ട്. അതായത്, പരമ്പരാഗതമായി ഹിന്ദുക്കളായിരുന്നു. പിന്നീടെപ്പോഴോ മറ്റു മതവിശ്വാസങ്ങളിലേക്കു മാറ്റപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യന്‍, ഇസ്‌ലാം, ജൈന, ബുദ്ധമതങ്ങളിലേക്കെല്ലാം മാറ്റപ്പെട്ടിട്ടുണ്ട്. എങ്കിലും രാജ്യത്തിന്റെ പാരമ്പര്യം എന്നുപറയുന്നത് ഹിന്ദുമതമാണ്. ഹിന്ദുവാണെന്ന് അംഗീകരിക്കാന്‍ പറ്റുന്നവര്‍ക്കു മാത്രമേ ഈ രാജ്യത്ത് തുടരാന്‍ പറ്റൂ എന്നുള്ളൊരു സിദ്ധാന്തം അവതരിപ്പിക്കപ്പെടുന്നുണ്ട്. എങ്ങനെയാണോ ഹിറ്റ്‌ലര്‍ ആര്യന്‍ മേധാവിത്വം പറഞ്ഞത് അതിന്റെ വേറൊരു രൂപമാണിത്. അതായത്, ആര്യന്‍ മേധാവിത്വം അംഗീകരിക്കുന്നവര്‍ക്കു മാത്രമുള്ള രാജ്യമാണ് ജര്‍മനി എന്ന് പറഞ്ഞതുപോലെത്തന്നെയാണ് ഹിന്ദു പാരമ്പര്യം അംഗീകരിക്കുന്ന ആളുകള്‍ക്കു മാത്രമുള്ള രാജ്യമാണ് ഇന്ത്യന്‍ യൂനിയനെന്ന് ആര്‍എസ്എസ് സിദ്ധാന്തവല്‍ക്കരിക്കാന്‍ ശ്രമിച്ചത്.
അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ആര്‍എസ്എസ് എടുത്തിരിക്കുന്ന തീരുമാനമെന്നു വേണമെങ്കില്‍ പറയാം. കാരണം, അഹിന്ദു എന്നൊരു പ്രയോഗം വേണ്ടെന്നു തീരുമാനിക്കുമ്പോള്‍ അങ്ങനെ പറയുന്നതുകൊണ്ടുള്ള പ്രശ്‌നത്തെയല്ല, മറിച്ച് ഹിന്ദുക്കളല്ലാത്ത ആരും ഈ രാജ്യത്തില്ലെന്നു സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അഹിന്ദു എന്നു പറയുമ്പോള്‍ ഹിന്ദുക്കളല്ലാത്തവരും ഇവിടെ ഉണ്ടെന്നാണ് അര്‍ഥം. അതു മാറിക്കൊണ്ട് എല്ലാവരും ഹിന്ദുക്കളാണെന്നു സ്ഥാപിക്കുക എന്നതാണ് അവരുടെ ആത്യന്തികമായ ലക്ഷ്യം. അതിന് അവര്‍ ചില മാനദണ്ഡങ്ങള്‍ വയ്ക്കുന്നുണ്ട്.
മതമല്ലാത്ത ഹിന്ദുമതം
ആര്‍എസ്എസ് നിശ്ചയിക്കുന്ന ഹിന്ദു ആചാരങ്ങളില്‍ ഹിന്ദുമതത്തെ സംബന്ധിച്ചു വ്യവസ്ഥാപിതമായ ആചാരങ്ങളോ നിബന്ധനകളോ ഇല്ല എന്നുള്ളതാണ് വസ്തുത. രേഖകളില്‍ ഞാനൊരു ഹിന്ദുവാണ്. ഹിന്ദുമത വിശ്വാസപ്രകാരമുള്ള അച്ഛനും അമ്മയ്ക്കും പിറന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടു ഞാന്‍ രേഖകളില്‍ ഹിന്ദുവാണ്. പക്ഷേ, എന്നെ പഠിപ്പിക്കുമ്പോള്‍ ഇന്നതാണ് ഹിന്ദുമതത്തിന്റെ ആചാരമെന്ന് എനിക്കു പറഞ്ഞുതന്നിട്ടില്ല. അല്ലെങ്കില്‍ അങ്ങനെ പറഞ്ഞുതരാന്‍ പറ്റില്ല. അങ്ങനെ പറഞ്ഞുതരാന്‍ പാകത്തില്‍ ഒരു ആചാരം നിലവിലില്ല. ക്രിസ്ത്യാനിയെയോ ഇസ്‌ലാമിനെയോ പോലെ ഒരു ടെക്സ്റ്റിനെ ആധാരമാക്കിക്കൊണ്ട് ഇതാണ് ഹിന്ദു എന്നു നിര്‍വചിക്കുന്ന ഒരു സംവിധാനവും ഒരു ടെക്സ്റ്റും നിലവിലില്ല. പലതരത്തിലുള്ള ടെക്സ്റ്റുകളുണ്ട്. പലതരത്തിലുള്ള വ്യാഖ്യാനങ്ങളുണ്ട്. ഹിന്ദു പറയുന്നത് ഒരു സംസ്‌കാരമായി എടുക്കുകയാണെങ്കില്‍ അതിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ട തത്ത്വങ്ങളില്‍ ദൈവനിഷേധം അല്ലെങ്കില്‍ ദൈവങ്ങളില്ല എന്ന സിദ്ധാന്തവുമുണ്ട്. ഉദാഹരണത്തിന് ചാര്‍വ്വാക ഫിലോസഫി അങ്ങിനെയാണ്. ഹിന്ദുത്വ ഐഡിയോളജിക്കാരൊക്കെ വലിയ സംഭവമായിട്ട് കാണുന്ന മഹാഭാരതം എന്നതു നമുക്ക് ഉദാഹരണമായിട്ടെടുക്കാം. അതിന്റെ രചയിതാവായിട്ട് പറയുന്ന േവദവ്യാസന്‍ പറയുന്നത് ഇതിലില്ലാത്തത് ഒന്നും ഇനി ലോകത്തുണ്ടാവില്ല എന്നാണ്. കുടുംബബന്ധങ്ങളെ സംബന്ധിച്ച്, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ സംബന്ധിച്ച് അല്ലെങ്കില്‍ അങ്ങനെ മറ്റു ഏതാണ്ട് എല്ലാത്തിനെക്കുറിച്ചും വ്യാസന്‍ സംസാരിക്കുന്നുണ്ട്. അപ്പോള്‍ ഇതിലില്ലാത്തതൊന്നും ഇനി ഉണ്ടാവില്ലെന്നു വ്യാസന്‍ ഉറപ്പിച്ചുപറയുന്നുണ്ട്. ഏതാണ്ട് ശരിയുമാണ്. അതിലില്ലാത്ത ഒന്നും വേറെ എവിടെയും കാണാനും സാധിക്കുകയില്ല. പക്ഷേ, അവിടെപ്പോലും ദൈവങ്ങള്‍ക്കു സംഭവിക്കുന്ന പിഴവുകള്‍, ദൈവങ്ങള്‍ കാണിക്കുന്ന ചതികള്‍, ഭരണാധികാരികള്‍ക്കു സംഭവിക്കുന്ന വീഴ്ചകള്‍ അല്ലെങ്കില്‍ ഭരണകൂടത്തിനു സംഭവിക്കുന്ന പാളിച്ചകള്‍ വിശദമായിട്ട് പരാമര്‍ശിക്കുകയാണ്.
ഒരു യുദ്ധത്തില്‍ ദൈവം ഒരുപക്ഷത്തു ചേര്‍ന്നുകൊണ്ട് മറുപക്ഷത്തെ ചതിക്കാനെടുക്കുന്ന നടപടികള്‍ വരെ വളരെ വിശദമായിട്ട് മഹാഭാരതത്തില്‍ പറയുന്നുണ്ട്. അങ്ങനെ അത്രയും ലിബറലായിട്ടുള്ള ഒരു ടെക്സ്റ്റാണ് സത്യംപറഞ്ഞാല്‍ മഹാഭാരതം. ദൈവങ്ങളുടെ കാര്യമെടുത്താലോ മുപ്പത്തി മുക്കോടി ദൈവങ്ങളാണ് പറയപ്പെടുന്നത്. ഉദാഹരണത്തിന്, ഉക്രെയ്‌നിലെ ജനസംഖ്യ നാലു കോടിയാണ്, അതിനെക്കാള്‍ എത്രയോ ഇരട്ടിയായ ദൈവങ്ങളെക്കുറിച്ചാണ് ആര്‍എസ്എസുകാര്‍ ഉദ്ദേശിക്കുന്ന, ഹിന്ദുമതം സംസാരിക്കുന്നത്. ആര്‍ക്കു വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ആരാധിക്കാന്‍ സാധിക്കുന്ന എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാന്‍ പറ്റുന്ന രീതിയിലാണ് അതിന്റെ ഘടന. അതുകൊണ്ട് വ്യവസ്ഥാപിതമായ ഒരു മതസമ്പ്രദായം, മതപഠനം എന്നുപറയുന്നത് ഇതിലില്ല. അതുണ്ടാക്കിയെടുക്കുക എന്നുള്ളതാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. അതുവഴി ഇതിനെ ഹിന്ദു രാഷ്ട്രമായി ഹിന്ദു ദേശീയതയായി സ്ഥാപിച്ചെടുക്കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. അതിന് ഒരുപാട് തടസ്സങ്ങളുണ്ട്. ഹിന്ദുവായിട്ട് ഐഡന്റിഫൈ ചെയ്യപ്പെടാത്ത ഒരുപാട് ആളുകളുണ്ട്. ഒരു ഉദാഹരണമെടുത്താല്‍ യുപിയില്‍ യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പിന്റെ ഒരു ആയുധം എന്നുപറയുന്നത് 80:20 ഫോര്‍മേഷനാണ്. അതായത്, 80 ശതമാനം ഹിന്ദുക്കളും 20 ശതമാനം മുസ്‌ലിംകളും എന്നുള്ളതാണ് അയാള്‍ പറയുന്ന ന്യായം. അങ്ങനെ പറയുമ്പോള്‍ ഈ 80 ശതമാനം ഹിന്ദുക്കള്‍ എങ്ങനെ നമുക്കു സ്ഥാപിക്കാന്‍ സാധിക്കും. കാരണം, അവിടെ മറ്റു പിന്നാക്ക വിഭാഗങ്ങളുണ്ട്, ദലിതുകളുണ്ട്, ആദിവാസികളുണ്ട്, പിന്നാക്ക വിഭാഗങ്ങളില്‍ത്തന്നെ നിരവധിയായ ഉപവിഭാഗങ്ങളുണ്ട്. ദലിതു വിഭാഗങ്ങളില്‍ ഉപവിഭാഗങ്ങളുണ്ട്. ഇവരൊന്നും സ്വയം ഹിന്ദുവായി ഐഡന്റിഫൈ ചെയ്യുന്നില്ല. കാരണം, അവന്‍ ഹിന്ദു എന്ന ഐഡന്റിറ്റിയില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അല്ലെങ്കില്‍ അങ്ങനെയല്ല നിലവില്‍ അവന്റെ സ്വത്വമുള്ളത്. അപ്പോള്‍ അതിനെ മറികടന്നുകൊണ്ട് പുതിയൊരു സ്വത്വം സൃഷ്ടിക്കുക എന്നുള്ളതാണ് ഉദ്ദേശ്യം. ഹിന്ദു എന്നുപറയുന്ന ഒറ്റ ത്രെഡിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരുക. ഹിന്ദുത്വ എന്നുപറയുന്നത് ഒരു പൊളിറ്റിക്കല്‍ അജണ്ടയായിരുന്നു. ആ അജണ്ട ഏതാണ്ട് സാധ്യമായി എന്നാണ് ഇപ്പോള്‍ ആര്‍എസ്എസ് വിചാരിക്കുന്നത്. അതായത്, ഒരു തവണ അധികാരത്തില്‍വന്നു. ആ അധികാരത്തുടര്‍ച്ചയുണ്ടായി. പ്രതിപക്ഷത്തെ ദുര്‍ബലമാക്കിയിരിക്കുന്നു. അടുത്ത തവണ ബിജെപി തന്നെ അധികാരത്തില്‍ വരുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇനി നടപ്പാക്കേണ്ടത് എന്താണ്? ഹിന്ദു എന്നുപറയുന്ന ആത്മീയമായ, മതപരമായ ഒരു ക്രൈറ്റീരിയയെ ഇതിനകത്തേക്കു കൊണ്ടുവരുക എന്നതാണ് അടുത്ത പദ്ധതി. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തേ എന്റെ പൂര്‍വികര്‍ ഹിന്ദുക്കളാണെന്ന് അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ തുടരാന്‍ അര്‍ഹതയില്ല എന്നുപറഞ്ഞതിന്റെ വേറൊരു വേര്‍ഷനാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. അതായത്, എല്ലാവരും ഹിന്ദുക്കളാണ്. നേരത്തേ പറഞ്ഞപോലെ ഞാന്‍ അഭിമാനിയായ ഹിന്ദുവാണ് എന്ന് ഒരുവിഭാഗം പറയുന്നു.
ഹിന്ദുക്കളിലെ വകഭേദം
അഭിമാനിയായ ഹിന്ദു എന്നുപറഞ്ഞാല്‍ ആര്‍എസ്എസ് നിഷ്‌കര്‍ഷിക്കുന്ന വിധത്തിലുള്ള ആചാരനുഷ്ഠാനങ്ങളൊക്കെ നിര്‍വഹിക്കുന്ന ഹിന്ദുവാണെന്നു വേണമെങ്കില്‍ പറയാം. സംശയാലുവായ ഹിന്ദുവാണ് രണ്ടാമത്തേത്. രേഖകളില്‍ ഹിന്ദുവാണ്, പ്രയോഗത്തില്‍ അതിന്റെ ആചാരനുഷ്ഠാനങ്ങളൊന്നും അനുഷ്ഠിക്കുന്നില്ല എന്നുള്ളവര്‍. മറ്റൊന്ന്, സൗഹൃദമല്ലാത്ത ഹിന്ദു. അതായത്, രേഖകളില്‍ ഹിന്ദുവായിരിക്കെത്തന്നെ ഹിന്ദുത്വ എന്നുപറയുന്ന സംഗതിക്കെതിരേ പ്രവര്‍ത്തിക്കുന്ന ആളുകള്‍, അല്ലെങ്കില്‍ അവര്‍ക്കിടയില്‍ വിവേചനമുണ്ടാക്കുന്ന ആളുകള്‍. അടുത്തത്, അജ്ഞാനിയായ ഹിന്ദുവാണ്. ഇവര്‍ മറ്റു മതങ്ങളിലേക്കു മാറിയ ഹിന്ദുവാണ്. ആര്‍എസ്എസിന്റെ ഭാഷയില്‍ എല്ലാവരും ഹിന്ദുക്കളായിരുന്ന അഖണ്ഡ ഭാരതത്തില്‍നിന്നു മാതംമാറിയവര്‍. ഹിന്ദുക്കളില്‍ ഈ നാലു വിഭാഗമേ ഉള്ളൂവെന്നു സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഞാന്‍ ഉദ്ദേശിക്കുന്ന ന്യായമായ ചോദ്യം, ഈ പറയുന്ന നാലു വിഭാഗത്തിലും ഞാന്‍ പെടില്ല എന്നതാണ്. ഞാനൊരു അഭിമാനിയായ ഹിന്ദുവല്ല, കാരണം, ഞാന്‍ മതത്തെ അനുസരിക്കുന്നില്ല. ആര്‍എസ്എസ് പറയുന്ന രീതിക്കനുസരിച്ചു ഞാന്‍ മതകര്‍മങ്ങള്‍ ചെയ്യുന്നില്ല. രേഖകളില്‍ ഞാന്‍ ഹിന്ദുവാണ്. സംശയാലുവായ ഹിന്ദുവല്ല, കാരണം രേഖകളില്‍ ഞാന്‍ ഹിന്ദുവാണ്. പക്ഷേ, ഹിന്ദു ആചാരങ്ങള്‍ക്ക് എതിരായിട്ട് ഞാന്‍ ഒന്നും ചെയ്യുന്നില്ല. എന്റെ കുടുംബത്തിലുള്ള എല്ലാ ആളുകള്‍ക്കും ആ വിശ്വാസമനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്, അല്ലെങ്കില്‍ അവര്‍ ചെയ്യുന്നതിനെ ഞാന്‍ എതിര്‍ക്കുന്നില്ല. സൗഹൃദപരമല്ലാത്ത ഹിന്ദുവല്ല, കാരണം ഞാനൊരിക്കലും ഹിന്ദുക്കള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നില്ല. ഹിന്ദുത്വ എന്നുപറയുന്ന ഹിന്ദുത്വയുടെ പേരിലുണ്ടാക്കുന്ന ഫാഷിസ്റ്റ് സ്വഭാവങ്ങളുടെ ഭാഗമായി വിഭാഗീയത ഉണ്ടാക്കുന്നതിനെ ഞാന്‍ എതിര്‍ക്കുന്നുണ്ട്. അല്ലാതെ ഭിന്നിപ്പുണ്ടാക്കുന്നില്ല. ഞാന്‍ മതംമാറിയ ആളല്ല, അതുകൊണ്ടു ഞാന്‍ അജ്ഞാനിയായ ഹിന്ദുവുമല്ല. അപ്പോള്‍ ഞാന്‍ എന്തു ഹിന്ദുവാണ്. ഇവിടെയാണ് ശശി തരൂരിന്റെ 'വൈ അയാം നോട്ട് എ ഹിന്ദു' (എന്തുകൊണ്ട് ഞാന്‍ ഒരു ഹിന്ദു ആവുന്നില്ല) അല്ലെങ്കില്‍ 'വൈ അയാം എ ഹിന്ദു' (എന്തുകൊണ്ട് ഞാന്‍ ഹിന്ദു ആവുന്നു) എന്നുപറയുന്ന പ്രയോഗം ശ്രദ്ധേയമാവുന്നത്. ഹിന്ദുവാണ് എന്നത്, ഞാനെപ്പോഴും അഭിമാനത്തോടെ പറയും. ഹിന്ദുവാകുക എന്നുപറയുന്നത് എനിക്കു സന്തോഷമുള്ള കാര്യമാണ്. കാരണമെന്തെന്നുവച്ചാല്‍ ഇത്രയും ലിബറലായിട്ടുള്ളൊരു സിസ്റ്റം ഇത്രയും സ്വാതന്ത്ര്യം നല്‍കുന്നൊരു സിസ്റ്റം ലോകത്ത് വേറെയുണ്ടെന്നു ഞാന്‍ വിചാരിക്കുന്നില്ല. ഞാന്‍ പുതിയ കാലത്തിരുന്നുകൊണ്ടാണ് സംസാരിക്കുന്നത്; പഴയ കാലത്തിരുന്നുകൊണ്ടല്ല. അതൊരു മതമായിട്ടല്ല, ഒരു സംസ്‌കാരമായിട്ടാണ് ഞാന്‍ പറയുന്നത്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.
ലക്ഷ്യം വരേണ്യവല്‍ക്കരണം മാത്രം
ആര്‍എസ്എസ് നിര്‍വചിക്കുന്ന ഹിന്ദു എന്നുപറയുന്നത് അതു യഥാര്‍ഥ ഹിന്ദുവല്ല, അത് ഹിന്ദുപോലുമല്ല. അത് അവരുടെ അജണ്ടയ്ക്കനുസരിച്ചു രാഷ്ട്രീയ തീരുമാനങ്ങളെടുക്കാനുള്ള പാകത്തില്‍, അല്ലെങ്കില്‍ ആര്‍എസ്എസ് ഉദ്ദേശിക്കുന്ന തരത്തിലുള്ള ഹിന്ദുത്വ ദേശീയതയ്ക്കനുസരിച്ച് ഒരു രാജ്യം സൃഷ്ടിക്കാന്‍ പാകത്തിലുള്ള ഒരു അജണ്ടയാണ്. ആ അജണ്ടയോട് നമുക്ക് ഒരുമിച്ചു നില്‍ക്കാന്‍ കഴിയില്ല. കാരണം, അവര്‍ക്കുവേണ്ടത് പഴയ സവര്‍ണാധിപത്യത്തില്‍ കേന്ദ്രീകൃതമായിട്ടുള്ള ഒരു സാമൂഹിക ഘടനയാണ്. അതിലേക്കു കൊണ്ടുവരാന്‍ വേണ്ടിയാണ്് അവര്‍ ആ ശ്രമങ്ങളൊക്കെ നടത്തിക്കൊണ്ടിരിക്കുന്നത്. ആര്‍എസ്എസ് ഉദ്ദേശിക്കുന്ന വിധത്തിലുള്ളൊരു വരേണ്യവിഭാഗത്തിന് അധികാരം ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ എല്ലാവരും ഹിന്ദുക്കളാണ് എന്നുപറയുന്ന നാലു തട്ടുണ്ടാക്കിയത്. അതൊരു രാഷ്ട്രീയ അജണ്ടയാണ്. അത് ഇന്ത്യന്‍ യൂനിയന്‍ എന്നുപറയുന്ന ബഹുസ്വരമായ ഒരു സമൂഹത്തില്‍, ബഹുജാതികളുള്ളൊരു സമൂഹത്തില്‍ അത്ര എളുപ്പത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ല.
ഗുജറാത്ത് ഉദാഹരണമായിട്ടെടുക്കാം. ഗുജറാത്ത് അവരുടെ പദ്ധതികള്‍ വിജയകരമായി നടപ്പാക്കപ്പെട്ട ഇടമാണ്. അവിടെ ഇപ്പോഴും ജാതിവിവേചനം എന്നതു വലിയ വിഷയമാണ്. തല്‍ക്കാലത്തേക്ക് അതു മൂടിവയ്ക്കാന്‍ സാധിക്കുന്നുണ്ട്. കാരണം, രാഷ്ട്രീയമായ മേധാവിത്വം അവര്‍ക്കുണ്ട്. ജാതി പ്രശ്‌നം നേരിട്ട് അനുഭവിച്ചയാളാണ് ഞാന്‍. നേരിട്ട് കണ്ടറിഞ്ഞയാളാണ്. അതുകൊണ്ട് അവിടെപ്പോലും നടപ്പാക്കാന്‍ കഴിയാത്ത ഒരു സമവാക്യം രാജ്യത്തു നടപ്പാക്കുക എന്നുപറയുന്നത് സാധ്യമായ കാര്യമല്ല. ഇസ്‌ലാം, ക്രിസ്ത്യന്‍, പാഴ്‌സി, ജൈനന്‍, ബുദ്ധ തുടങ്ങിയ മറ്റു മതവിഭാഗങ്ങളെ ഹിന്ദുത്വയുടെ ഭാഗമാണെന്നു സ്ഥാപിച്ചെടുക്കാനുള്ള ഒരു വ്യര്‍ഥമായ ശ്രമത്തിന്റെ ഭാഗം മാത്രമാണ് ഇപ്പോള്‍ ആര്‍എസ്എസ് കൊണ്ടുവന്നിരിക്കുന്ന അഹിന്ദു എന്ന പദം ഒഴിവാക്കുന്നു എന്നത്. അതിനൊപ്പം ഒരു കാര്യം നമ്മള്‍ മനസ്സിലാക്കണം. അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ വലിയ വിമര്‍ശനം ഇന്ത്യ നേരിടുന്നുണ്ട്. അതു മതസ്വാതന്ത്ര്യത്തെക്കുറിച്ച്, പൗരാവകാശത്തെക്കുറിച്ച് ഒക്കെയാണ്. ഒരു ജനാധിപത്യ രാജ്യത്ത് അവിടത്തെ ന്യൂനപക്ഷം എത്രത്തോളം സുരക്ഷിതമായിരിക്കുന്നു എന്നുള്ളതാണ് ആ രാജ്യത്തിന്റെ ഏറ്റവും വലിയ അളവുകോല്‍. ആ അളവുകോല്‍ വച്ചുനോക്കുമ്പോള്‍ ഇന്ത്യാ മഹാരാജ്യം അത്രത്തോളം ഭേദപ്പെട്ടതാണെന്നു നമുക്കു പറയാന്‍ സാധിക്കില്ല. അന്താരാഷ്ട്ര സമൂഹം വസ്തുതകള്‍ നിരത്തിത്തന്നെ അതിനെ കാണിക്കുന്നുണ്ട്. അതിനെ മറികടക്കാനുള്ള ഒരു തന്ത്രം കൂടിയാണ് എല്ലാവരെയും ഹിന്ദുവായി പരിഗണിക്കല്‍. എല്ലാവരെയും ഞങ്ങള്‍ ഇങ്ങനെയാണ് കാണുന്നതെന്നും ആരെയും ഞങ്ങള്‍ ഒഴിവാക്കുന്നില്ല, എല്ലാവരും ഹിന്ദു എന്നുപറയുന്ന ഒരു സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ആ ഭാഗമായി നില്‍ക്കുന്ന മുഴുവന്‍ ആളുകളെയും ഞങ്ങള്‍ ഒരുമിച്ചു നിര്‍ത്തുകയാണെന്നും അവകാശപ്പെടാന്‍ മാത്രമുള്ള ഒരു തന്ത്രം മാത്രമായിട്ടേ ഇതിനേ കാണാന്‍ സാധിക്കൂ.
(തേജസ് ദൈ്വവാരികയില്‍ മാര്‍ച്ച് 15-31 ലക്കത്തില്‍നിന്ന്)
RELATED STORIES
ക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT