Latest News

'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ ജെറ്റുകൾ ഇനി ചരിത്രം

ആകാശത്തിലെ രാജ്ഞിക്ക് വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ ജെറ്റുകൾ ഇനി ചരിത്രം
X

മുംബൈ: എയര്‍ ഇന്ത്യയുടെ അഭിമാനമായിരുന്നു ബോയിങ് 747 400 വിഭാഗത്തിലുള്ള ഈ വിമാനം. അവശേഷിച്ച നാലു വിമാനങ്ങളില്‍, 'ആഗ്ര' എന്നു വിളിപ്പേരുള്ള ബി 747 വിമാനത്തിന്റെ ഇന്ത്യയിലെ അവസാനയാത്രയായിരുന്നു അത്. നാലു ദശാബ്ദത്തോളം എയര്‍ ഇന്ത്യയുടെ ഭാഗമായിരുന്നു. പല രാഷ്ട്രപതിമാരുടെയുടെയും പ്രധാനമന്ത്രിമാരുടെയും വിദേശയാത്രകളില്‍ ഒപ്പമുണ്ടായിരുന്നു. യുദ്ധമുഖങ്ങളില്‍നിന്ന് ഒട്ടേറെപ്പേരെ തിരികെ വീട്ടിലെത്തിക്കാനും പ്രതീക്ഷകള്‍ നല്‍കാനും ഈ ചിറകുകള്‍ കൂട്ടുനിന്നു.

നാലുവിമാനങ്ങളും 1993-96 കാലത്താണ് എയര്‍ ഇന്ത്യയുടെ ഭാഗമായത്. 2021 മാര്‍ച്ചിലായിരുന്നു ആഗ്രയുടെ അവസാന സര്‍വീസ്. ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക്. അമേരിക്കന്‍ കമ്പനിയായ എയര്‍സെയിലാണ് ഈ വിമാനങ്ങള്‍ വാങ്ങിയത്. 2022ല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ രജിസ്‌ട്രേഷന്‍ പിന്‍വലിച്ച വിമാനം ഹോംഗ്രൗണ്ടായ മുംബൈയില്‍ പൊടിപിടിച്ചുകിടക്കുകയായിരുന്നു. ഓര്‍മ്മയ്ക്കായി മ്യൂസിയത്തിലേക്കു മാറ്റണമെന്ന് നിര്‍ദേശങ്ങളുണ്ടായിരുന്നു.

ലാഭകരമല്ലാത്തതിനാലാണ് ജംബോ ജെറ്റ് വിമാനങ്ങള്‍ ഒഴിവാക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. ഇന്ധനക്ഷമത കൂടിയ പുതിയവിമാനങ്ങളെ അപേക്ഷിച്ച് പ്രവര്‍ത്തനച്ചെലവും കൂടുതലാണ് 40 വര്‍ഷത്തോളം പഴക്കമുള്ള ഈ ജംബോ ജെറ്റുകള്‍ക്ക്.

വ്യോമയാന മേഖല കൂടുതല്‍ ഇന്ധനക്ഷമമാകുന്നതിനും പരിസ്ഥിതി സൗഹൃദമാകുന്നതിനുമാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതും ജംബോ ജെറ്റുകള്‍ ഒഴിവാക്കാന്‍ കാരണമായിട്ടുണ്ട്. 'പ്രതീകാത്മകമായ ആ സാന്നിധ്യം അവസാനിക്കുകയാണെ'ന്നാണ് ഇതേക്കുറിച്ച് എയര്‍ ഇന്ത്യ പ്രതികരിച്ചത്. ഈ ശ്രേണിയിലെ രണ്ടാം വിമാനവും അധികം വൈകാതെ മുംബൈ വിടും. മറ്റു രണ്ടെണ്ണം ഇന്ത്യയില്‍ത്തന്നെ പൊളിക്കാനാണ് സാധ്യത.

Next Story

RELATED STORIES

Share it