Latest News

സഞ്ജു പുറത്തായതിൽ വിശദീകരണവുമായി അഗാർക്കർ

സഞ്ജു പുറത്തായതിൽ വിശദീകരണവുമായി അഗാർക്കർ
X

മുംബൈ: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന ക്രിക്കറ്റ് ടീമില്‍നിന്ന് സഞ്ജു സാംസണിനെ തഴഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സഞ്ജു അവസാനം കളിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ സെഞ്ചുറി നേടിയെന്നു മാത്രമല്ല, ബലാബലം നിന്നിരുന്ന ആ പരമ്പര ഇന്ത്യക്ക് അനുകൂലമാക്കുകയും ചെയ്തിരുന്നു. എന്നിട്ടും ടീമിലേക്ക് പരിഗണിക്കാതിരിക്കുന്നതില്‍ ആരാധകര്‍ക്ക് വലിയ വിമര്‍ശനമുണ്ട്.

അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഋഷഭ് പന്തിനും അവസരം നല്‍കിയതിനാല്‍ സഞ്ജു കളത്തിലിറങ്ങുമോ എന്നത് ഉറപ്പില്ല. ഒരുപക്ഷേ, സ്‌പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. ഏകദിനത്തില്‍ ഋഷഭ് പന്തിനും കെഎല്‍ രാഹുലിനുമാണ് അവസരം നല്‍കിയത്.

വ്യാഴാഴ്ച മുംബൈയില്‍ പുതിയ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ ഒരു ചോദ്യമുയര്‍ന്നു. സഞ്ജു സാംസണ്‍, ഋതുരാജ് ഗെയ്ക്ക്‌വാദ്, അഭിഷേക് ശര്‍മ തുടങ്ങിയവരെ ടീമില്‍നിന്ന് തഴഞ്ഞത് സംബന്ധിച്ചായിരുന്നു ചോദ്യം. സിംബാബ്‌വെയ്‌ക്കെതിരേ മികച്ച ഫോമിലായിരുന്നിട്ടും ഗെയ്ക്ക്‌വാദിനും സഞ്ജുവിനും അഭിഷേകിനും ടീമില്‍ ഉള്‍പ്പെടാനായില്ല.

ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയത് അഗാര്‍ക്കറാണ്. 'ടീമില്‍നിന്ന് ഒഴിവാകുന്നത് എല്ലാ താരങ്ങള്‍ക്കും വേദന നിറഞ്ഞതാണ്. എല്ലാവരെയും പതിനഞ്ചംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുക എന്നത് ബുദ്ധിമുട്ടാണ്. ചിലര്‍ ഒഴിവാകും. കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തണം. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ ചിലരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ അവസരമുണ്ടായിരുന്നു. അത് നല്ലതായിരുന്നു. അതുകൊണ്ട് നാളെ ആര്‍ക്കെങ്കിലും ഫോം നഷ്ടപ്പെട്ടാലോ പരിക്കുമൂലം വിട്ടുനില്‍ക്കേണ്ടിവന്നാലോ നമുക്ക് മികച്ച പകരക്കാരുണ്ട്. റിങ്കു സിങ് ടി20 ലോകകപ്പില്‍നിന്ന് പുറത്തായത് അദ്ദേഹത്തിന്റെ തെറ്റുകൊണ്ടല്ല. ചിലപ്പോള്‍ അങ്ങനെ സംഭവിക്കും. എല്ലാവരെയും പതിനഞ്ചംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുക എന്നത് ബുദ്ധിമുട്ടാണ്' അഗാര്‍ക്കര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it