Cricket

അട്ടിമറി; ട്വന്റി-20 വനിതാ ലോകകപ്പ് സെമിയില്‍ ഓസിസ് വീണു; ദക്ഷിണാഫ്രിക്ക ഫൈനലില്‍

അട്ടിമറി; ട്വന്റി-20 വനിതാ ലോകകപ്പ് സെമിയില്‍ ഓസിസ് വീണു; ദക്ഷിണാഫ്രിക്ക  ഫൈനലില്‍
X

ദുബായ്: വനിതാ ട്വന്റി20 ലോകകപ്പില്‍ നിന്ന് ഓസ്‌ട്രേലിയ പുറത്ത്. നിര്‍ണ്ണായകമായ ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് ഓസിസിനെ വീഴ്ത്തിയത്. കഴിഞ്ഞ 8 ലോകകപ്പുകളില്‍ 6 തവണയും ജേതാക്കളായ ഓസീസിനെതിരെ 8 വിക്കറ്റിന്റെ അട്ടിമറി ജയത്തോടെയാണ് ദക്ഷിണാഫ്രിക്ക ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഇടം നേടിയത്. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയയെ 134 റണ്‍സില്‍ പിടിച്ചുകെട്ടിയ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ 16 പന്തുകളും 8 വിക്കറ്റും ബാക്കിനില്‍ക്കെ അനായാസം ലക്ഷ്യം കണ്ടു. വെടിക്കെട്ട് അര്‍ധ സെഞ്ചറിയുമായി ടീമിനെ വിജയത്തിലെത്തിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ അനെകി ബോഷാണ് (48 പന്തില്‍ 74 നോട്ടൗട്ട്) പ്ലെയര്‍ ഓഫ് ദ് മാച്ച്. സ്‌കോര്‍: ഓസ്‌ട്രേലിയ 20 ഓവറില്‍ 5ന് 134. ദക്ഷിണാഫ്രിക്ക 17.2 ഓവറില്‍ 2ന് 135. കഴിഞ്ഞവര്‍ഷത്തെ ട്വന്റി-20 വനിതാ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടു തോറ്റതിനുള്ള ദക്ഷിണാഫ്രിക്കയുടെ മധുരപ്രതികാരം കൂടിയാണിത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മുന്‍പ് നടന്ന 10 രാജ്യാന്തര ട്വന്റി-20 മത്സരങ്ങളില്‍ ഒന്‍പതിലും വിജയിച്ച ഓസീസ് ഇത്തവണയും അനായാസം ജയിച്ചുകയറുമെന്നു ആരാധകര്‍ കരുതി. എന്നാല്‍ മൈതാനത്തെ ഉജ്വല പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്ക ആ പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തി. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ ടീം ഓസീസിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ പിടിച്ചുകെട്ടുന്നതില്‍ വിജയിച്ചു. ബെത്ത് മൂണിയും (42 പന്തില്‍ 44) എലിസ് പെറിയും (23 പന്തില്‍ 31) പിടിച്ചുനിന്നെങ്കിലും മികച്ച ടോട്ടലിലെത്താന്‍ അവര്‍ക്കായില്ല.

മറുപടി ബാറ്റിങ്ങില്‍ തസ്മിന്‍ ബ്രിറ്റ്‌സിനെ (15) തുടക്കത്തിലേ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടും (37 പന്തില്‍ 42) അനെകി ബോഷും ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 96 റണ്‍സാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് അടുപ്പിച്ചത്.





Next Story

RELATED STORIES

Share it