Latest News

വര്‍ഗീയവിഷം തുപ്പിയ പിഎസ്‌സി പത്രാധിപ സമിതി അംഗങ്ങള്‍ക്ക് ശിക്ഷ ഉറപ്പു വരുത്തണമെന്ന് അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍

വര്‍ഗീയവിഷം തുപ്പിയ പിഎസ്‌സി പത്രാധിപ സമിതി അംഗങ്ങള്‍ക്ക് ശിക്ഷ ഉറപ്പു വരുത്തണമെന്ന് അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍
X

തിരുവനന്തപുരം: മതസ്പര്‍ധയിളക്കി വിടുന്ന പരാമര്‍ശത്തിലൂടെ പിഎസ്‌സിയുടെ നാളിതുവരെയുളള വിശ്വാസ്യതക്ക് തീരാ കളങ്കമേല്‍പ്പിച്ച പത്രാധിപ സമിതിയിലെ കുററവാളികള്‍ക്ക് മാതൃകാശിക്ഷ നല്‍കുന്നതില്‍ സര്‍ക്കാര്‍ ഒരു വീഴ്ചയും വരുത്തരുതെന്ന് അല്‍ കൗസര്‍ ഉലമാ സ്‌റ്റേറ്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. മുസ്‌ലിം സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കുറ്റാരോപിതര്‍ക്കെതിരെ പ്രാഥമികനടപടി സ്വീകരിച്ച സര്‍ക്കാറിന്റെ സമീപനം പ്രശംസനീയമാണെന്നും എന്നാല്‍ ഭരണകൂടസ്വാധീനമുപയോഗിച്ച് പ്രതികള്‍ക്ക് രക്ഷപ്പെടാനുളള ഒരു പഴുതും സര്‍ക്കാര്‍ അനുവദിക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു.

ഏപ്രില്‍ 15 ലെ സമകാലികം പംക്തിയില്‍ കൊറോണാ വൈറസിന്റെ ഉദ്ഭവം മര്‍കസ് നിസാമുദ്ദീനാണെന്ന സംഘപരിവാര ജല്‍പനം ബുളളറ്റിന്‍ അതേപടി പകര്‍ത്തിയെഴുതുകയാണ് ചെയ്തത്. കേവലം ഒരു പിഴവായി ഇതിനെ തളളിക്കളയാനാവില്ല. കൊറോണയേക്കാള്‍ ഭീകരമായ വൈറസുകളാണ് ഇത്തരം ഉപജാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ലോകം മുഴുവന്‍ വ്യാപിച്ച മഹാവ്യാധിയിലും മതകീയമാനം നല്‍കാന്‍ കിണഞ്ഞു ശ്രമിക്കുന്ന അല്പന്‍മാര്‍ തങ്ങളുടെ വര്‍ഗീയഅജണ്ടകള്‍ക്ക് ഒരു സമുദായത്തെ നിരന്തരം കരുവാക്കുന്നത് ഏറെ ലജ്ജാകരമാണ്- പ്രസ്താവനയില്‍ പറയുന്നു.

മര്‍കസ് നിസാമുദ്ദീനെതിരെ നിറംപിടിപ്പിച്ച വാര്‍ത്തകളും കണക്കുകളും വ്യാജമായിരുന്നെന്നും തബ്‌ലീഗ് നേതാവിന്റേതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട നിയമവിരുദ്ധ ശബ്ദസന്ദേശം യാഥാര്‍ത്ഥ്യമല്ലെന്നും ഡല്‍ഹി പോലീസ് പോലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ പല മതേതര മാധ്യമങ്ങളുടെയും കപടമുഖംമൂടി അഴിഞ്ഞു വീഴുകയും കൊറോണാ പ്രതിരോധത്തില്‍ നിര്‍ണായക വഴിത്തിരിവായ പ്ലാസ്മാ തെറാപ്പിക്ക് നിറമനസ്സോടെ സന്നദ്ധരായ തബ്‌ലീഗ് പ്രവര്‍ത്തകരെ ആദ്യം'കൊടിയ വിമര്‍ശനമുന്നയിച്ച മീഡിയക്കാരുള്‍പ്പെടെ മാലോകര്‍ മുഴുവന്‍ വാഴ്ത്തിപ്പാടുകയും ചെയ്ത സവിശേഷ സന്ദര്‍ഭത്തിലാണ് കേരളാ പിഎസ്‌സി ബുളളററിന്‍ നുണക്കഥ പുറത്തുവിടുന്നതെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിക്കുന്നു.

പ്രബുദ്ധമെന്നവകാശപ്പെടുന്ന കേരളത്തില്‍പ്പോലും ഇസ്ലാമോഫോബിയ ഭരണ കൂടസ്ഥാപനങ്ങളുടെ മറവില്‍ വമിപ്പിക്കുന്നത് ആപല്‍ക്കരമായ സന്ദേശമാണ് നല്‍കുന്നത്. അത്തരക്കാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുന്നതില്‍ സര്‍ക്കാര്‍ കൃത്യവിലോപം കാണിച്ചാല്‍ വര്‍ഗീയതിമിരം ബാധിച്ച ജന്മങ്ങളെ വീണ്ടും വളരാന്‍ അനുവദിക്കുന്നതിന് തുല്യമാണെന്നും അത് സാമുദായിക രംഗത്ത് സൃഷ്ടിക്കുന്ന വിളളലുകള്‍ അപരിഹാര്യമായിരിക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി.

ബുളളററിന്‍ പിന്‍വലിച്ചത് കൊണ്ടോ, തല്‍ക്കാല നടപടിയെന്നോണം സസ്‌പെന്‍ഷന്‍ നല്‍കിയത് കൊണ്ടോ തീരുന്ന പ്രശ്‌നമല്ല ഇത്. മതസ്പര്‍ധ പ്രചരിപ്പിക്കുക എന്ന ക്രിമിനല്‍ കുററമാണിവിടെ തെളിഞ്ഞിരിക്കുന്നത്. നിയമപരമായി അര്‍ഹിക്കുന്ന പരമാവധി ശിക്ഷ നല്‍കിയേ മതിയാകൂ. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും മുഖം നോക്കാതെയുളള നടപടികള്‍ക്കും പോലീസ് മേലധികാരികള്‍ക്ക് ഇക്കാര്യത്തില്‍ സമ്മര്‍ദ്ദമില്ലാത്ത നീക്കങ്ങള്‍ക്കും കഴിഞ്ഞില്ലെങ്കില്‍ കേരളീയ സാമൂഹിക പശ്ചാത്തലം ഭാവിയില്‍ ഇതിനേക്കാള്‍ ഇരുണ്ടതായി തീരും. ഒപ്പം ഫാഷിസ്‌ററുകള്‍ക്ക് വര്‍ഗീയത കളിക്കാനുളള അങ്കത്തട്ടായി സാക്ഷര കേരളം അധ:പതിക്കുമെന്നും അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ സംസ്ഥാന അധ്യക്ഷന്‍ ഇ.എം സുലൈമാന്‍ മൗലവി വര്‍ക്കിംഗ് പ്രസിഡന്റ് കട്ടപ്പന നാസറുദ്ദീന്‍ മൗലവി, ജനറല്‍ സെക്രട്ടറി എ.പി ഷിഫാര്‍ മൗലവി അല്‍ കൗസരി എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.


Next Story

RELATED STORIES

Share it