- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകത്തെ ഒരിക്കല്‍ക്കൂടി അമ്പരപ്പിച്ച് ഇന്ത്യന്‍ പൊതു തിരഞ്ഞെടുപ്പ്; കണക്കുകളും വസ്തുതകളും ഒറ്റനോട്ടത്തില്‍
ന്യൂഡല്‍ഹി: എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴും നടക്കുന്ന ജനാധിപത്യത്തിന്റെ ഉത്സവം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞുപഠിച്ച ഇന്ത്യന്‍ പൊതു തിരഞ്ഞെടുപ്പിന്റെ 18ാം എഡിഷന്‍ പൂര്‍ത്തിയാവുകയാണ്. 97 കോടിയോളം വോട്ടര്‍മാരുണ്ടായിരുന്ന 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. പറഞ്ഞുതുടങ്ങിയാല്‍ അവസാനിക്കാത്തയത്ര സവിശേഷതകളുണ്ട് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ ഇന്ത്യന്‍ പൊതു തിരഞ്ഞെടുപ്പിന്. അവയില്‍ നാം അറിയാത്ത ഒരുപാട് വൈവിധ്യമാര്‍ന്ന വിശേഷങ്ങളും കണക്കുകളുമുണ്ട്. അവയൊന്ന് എത്തിനോക്കാം.
രണ്ട് വര്‍ഷത്തെ തയ്യാറെടുപ്പ്
2024 മാര്‍ച്ച് 16നാണ് രാജ്യത്ത് പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പൊതു തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ മുന്നൊരുക്കമെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യമായിവന്നു. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനായി 2022 മുതലെ രാജ്യത്ത് ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു എന്നതാണ് പലരും അറിയാത്തൊരു വസ്തുത. സാങ്കേതികവിദ്യകളിലെ അപ്‌ഡേഷന്‍ അടക്കമുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍, പോളിംഗ് സ്‌റ്റേഷനടക്കമുള്ള സൗകര്യങ്ങള്‍ കണ്ടെത്തുക, മതിയായ അവലോകനങ്ങള്‍ നടത്തുക, വോട്ടിംഗ് ബോധവല്‍ക്കരണം എന്നിങ്ങനെ വിപുലമായ അണിയറ ഒരുക്കങ്ങളാണ് ഇന്ത്യന്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനായി കഴിഞ്ഞ രണ്ട് വര്‍ഷക്കാലം രാജ്യത്ത് നടന്നത്. ഇതിനെല്ലാം ഒടുവിലായിരുന്നു കഴിഞ്ഞ മാര്‍ച്ച് 16ന് ലോക്‌സഭ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.
കൂടുതല്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുക, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുക, പട്ടിക പുതുക്കുക, അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കുക എന്നിങ്ങനെ ഏറെ കടമകള്‍ രാജ്യം പോളിംഗ് ബൂത്തിലെത്തും മുമ്പ് ഇലക്ഷന്‍ കമ്മീഷന് പൂര്‍ത്തീകരിക്കാനുണ്ടായിരുന്നു. വോട്ടവകാശമുള്ള എല്ലാ പൗരന്‍മാരെയും പോളിംഗ് ബൂത്തിലെത്തിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ വലിയ പ്രവര്‍ത്തനങ്ങളിലൊന്ന്. ഇതിലൊന്നും അവസാനിക്കുന്നില്ല... സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തുക, സമാധാനപരമായ ഇലക്ഷനായി കനത്ത സുരക്ഷയൊരുക്കുക, ഏഴ് ഘട്ടമായി പോളിംഗ് പൂര്‍ത്തിയാക്കുക എന്നിങ്ങനെ വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പ്. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം മുതല്‍ ബൂത്ത് തലം വരെ പടര്‍ന്നുകിടക്കുന്ന വിപുലമായ ഇലക്ഷന്‍ സംവിധാനങ്ങള്‍ക്കൊപ്പം 2000ത്തോളം പ്രത്യേക തിരഞ്ഞെടുപ്പ് നിരീക്ഷരും ഉള്‍പ്പെടുന്നതായിരുന്നു ഇതിനുള്ള തയ്യാറെടുപ്പുകള്‍.
കണക്കുകളിലെ കനം
28 സംസ്ഥാനങ്ങള്‍, എട്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍, 543 മണ്ഡലങ്ങള്‍, 140 കോടിയിലധികം ജനങ്ങള്‍, 97 കോടിയോളം വോട്ടര്‍മാര്‍, 2660 രാഷ്ട്രീയ പാര്‍ട്ടികള്‍, 8,360 സ്ഥാനാര്‍ഥികള്‍, 10 ലക്ഷത്തിലധികം പോളിംഗ് സ്‌റ്റേഷനുകള്‍, ഒന്നര കോടി വോട്ടിംഗ് ഉദ്യോഗസ്ഥര്‍, ലക്ഷക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണക്കുകളില്‍ തന്നെയുണ്ട് ഇന്ത്യന്‍ പൊതു തിരഞ്ഞെടുപ്പിന്റെ മഹാവിസ്തീര്‍ണം. രാജ്യത്തെ 97 കോടിയോളം വോട്ടര്‍മാര്‍ എന്ന കണക്ക് ലോക ജനസംഖ്യയുടെ 10 ശതമാനത്തിലധികം വരുമെന്നറിയുക. പര്‍വതങ്ങളും മലകളും കാടുകളും പുഴകളും കടലുകളും തടാകങ്ങളും നിബിഢ വനങ്ങളും മരുഭൂമിയും അടക്കം ഭൂമിശാസ്ത്രപരമായി വൈവിധ്യമേറിയതാണ് ഇന്ത്യ. വലിപ്പത്തില്‍ ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യമെന്ന വിശേഷണമുള്ള മഹാരാജ്യത്താണ് ലോക്‌സഭ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളില്‍ വിജയകരമായി സംഘടിപ്പിച്ചത്. ഇന്ത്യയിലെ 97 കോടി വോട്ടര്‍മാര്‍ എന്ന മഹാസംഖ്യ അമേരിക്ക, റഷ്യ, ജപ്പാന്‍, ജര്‍മനി, ബ്രസീല്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ കൂടിച്ചേരുന്ന ജനസംഖ്യയേക്കാളേറെയാണ്. ഉത്തര്‍പ്രദേശിലെ മാത്രം ജനസംഖ്യ ജര്‍മനി പോലുള്ള വമ്പന്‍ രാജ്യങ്ങളേക്കാള്‍ കൂടുതലാണ് എന്നറിയുമ്പോഴാണ് ഇന്ത്യന്‍ പൊതു തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആഴവും പരപ്പും ബോധ്യമാവുക.
പരമാവധി 500 വോട്ടര്‍മാരെ ഉള്‍ക്കൊള്ളും വിധമാണ് ഓരോ പോളിംഗ് ബൂത്തും തയ്യാറാക്കിയിരുന്നത്. 24 കോടിയോളം ജനസംഖ്യയുള്ള യുപിയില്‍ മാത്രം 1.6 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളുണ്ടായിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് നടന്ന വോട്ടെടുപ്പില്‍ അര്‍ഹരായ എല്ലാ പൗരന്‍മാരുടെയും സമ്മതിദാനാവകാശം ഉറപ്പുവരുത്താന്‍ പോസ്റ്റല്‍ വോട്ടും സര്‍വിസ് വോട്ടും ഹോം വോട്ടുമുണ്ടായിരുന്നു. ആദ്യമായാണ് ഭിന്നശേഷിക്കാര്‍ക്കും 85 വയസിലേറെ പ്രായമുള്ളവര്‍ക്കുമായി വോട്ട് ഫ്രം ഹോം സംവിധാനം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുത്തിയത്. ഇതിനായി 85 വയസിന് മുകളിലുള്ള 81 ലക്ഷം പേരും ഭിന്നശേഷിക്കാരായ 90 ലക്ഷം പേരും രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ മിക്കവരും ഈ പ്രത്യേക അവസരം വിനിയോഗിച്ചു.
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പോളിംഗ് ബൂത്ത്
ഓരോ വോട്ടറുടെയും വോട്ടവകാശം ഉറപ്പുവരുത്താന്‍ തിരഞ്ഞടുപ്പ് കമ്മീഷന്‍ പ്രയത്‌നിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശില്‍ ഒരു വനിത വോട്ടര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ രണ്ട് ദിവസമായി 35 കിലോമീറ്ററിലേറെയാണ് യാത്ര ചെയ്തത്. ഇത്തരത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ കാല്‍നടയായി കിലോമീറ്ററുകള്‍ യാത്ര ചെയ്ത് ബൂത്തുകളില്‍ എത്തിയ സംഭവങ്ങള്‍ അനവധി. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പോളിംഗ് ബൂത്ത് ഇന്ത്യയിലാണ്. 15000 അടിയിലേറെ ഉയരത്തിലാണ് ഹിമാചല്‍പ്രദേശിലെ തഷിഗാങ് പോളിംഗ് ബൂത്ത് സ്ഥിതി ചെയ്യുന്നത്. വെറും 62 വോട്ടര്‍മാര്‍ക്കായാണ് ഇത്രയും ദുര്‍ഘടമായ ഇടത്ത് പോളിംഗ് ബൂത്ത് തയ്യാറാക്കിയത്. ഇവിടേക്കെല്ലാം ഇവിഎം അടക്കമുള്ള പോളിംഗ് സാമഗ്രികള്‍ എത്തിക്കുക വലിയ വെല്ലുവിളിയായിരുന്നു. കശ്മീരിലാവട്ടെ കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചാണ് പോളിംഗ് ഒരുക്കങ്ങള്‍ നടന്നത്. കശ്മീരിലും പല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വ്യോമമാര്‍ഗമാണ് പോളിംഗ് സാമഗ്രികള്‍ എത്തിച്ചത്. അതേസമയം ബംഗാളിലും ഗുജറാത്തിലും ജലമാര്‍ഗമാണ് ഇവിഎമ്മുകളുമായി പോളിംഗ് ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് സഞ്ചരിച്ചത്.
കടല്‍ കടന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ പോളിംഗ് സ്‌റ്റേഷനുകള്‍ വിജയകരമായി ഒരുക്കി. ദ്വീപ് സമൂഹത്തിലെ ഗോത്രവര്‍ഗക്കാരായ വോട്ടര്‍മാര്‍ പലരെയും ആദ്യമായി പോളിംഗ് സ്‌റ്റേഷുകളില്‍ എത്തിക്കാനായത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വലിയ വിജയമായി. ഗുജറാത്തിലെ ഗിര്‍ വനത്തിലെ ബനേജില്‍ ഒരൊറ്റ വോട്ടറെ തേടിയാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് സാമഗ്രികളുമായി 25 കിലോമീറ്റര്‍ താണ്ടിയത്.
44 ദിവസം നീണ്ട വോട്ടെടുപ്പ്
ഏഴ് ഘട്ടമായാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടെടുപ്പ് നടന്നത്. പോളിംഗിന്റെ ആദ്യ ഘട്ടം ഏപ്രില്‍ 19നും രണ്ടാം ഘട്ടം ഏപ്രില്‍ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂണ്‍ ഒന്നിനും നടന്നു. രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26നാണ് കേരളം പോളിംഗ് ബൂത്തിലെത്തിയത്. ജാര്‍ഖണ്ഡിലെ ഉള്‍പ്പടെ മാവോയിസ്റ്റ് ബാധിത മേഖലകളില്‍ ഉള്‍പ്പടെ കനത്ത സുരക്ഷയില്‍ ഇക്കുറി വിജയകരമായി വോട്ടെടുപ്പ് നടന്നു. വലിയ അക്രമ സംഭവങ്ങള്‍ എവിടെ നിന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടില്ല.
സുതാര്യമായ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ് എന്ന് എല്ലാവര്‍ക്കുമറിയാം. ഇതിനായി രാജ്യമെമ്പാടുമുള്ള പോളിംഗ് സ്‌റ്റേഷനുകളില്‍ നിന്നുള്ള വീഡിയോയും ലൈവ് വെബ്കാസ്റ്റും ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് എത്തി. വീഡിയോകള്‍ നിരീക്ഷിക്കാന്‍ 24 മണിക്കൂറും ടീം ഇവിടെ സജ്ജമായിരുന്നു. ഇതിന് പുറമെയാണ് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ചിലവുകള്‍ അടക്കം നിരീക്ഷിച്ചത്. സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനും പ്രത്യേക നിരീക്ഷകരുടെ സാന്നിധ്യം ഗുണകരമായി.
ജൂണ്‍ നാലിനായി കാത്തിരിപ്പ്
രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന രണ്ട് സീറ്റുകള്‍ മാറ്റനിര്‍ത്തിയാല്‍ 543 സീറ്റുകളിലേക്കാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് 2024 നടന്നത്. 272 സീറ്റുകളാണ് അധികാരത്തിലെത്താന്‍ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിനായി ഒരു പാര്‍ട്ടിക്കോ മുന്നണിക്കോ വേണ്ടത്. പ്രധാനമന്ത്രിപദത്തില്‍ ഹാട്രിക് ലക്ഷ്യമിടുന്ന നരേന്ദ്ര മോദിയുടെ എന്‍ഡിഎ മുന്നണിയും പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യാ മുന്നണിയും തമ്മിലായിരുന്നു പ്രധാന അങ്കം. മോദിയെ വീണ്ടും മുന്നില്‍ നിര്‍ത്തി എന്‍ഡിഎ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ മനസിലെ പ്രധാനമന്ത്രി ആരെന്ന് വ്യക്തമാക്കാന്‍ ഇന്ത്യാ മുന്നണി തിരഞ്ഞെടുപ്പ് ഫലം വരാന്‍ കാത്തിരിക്കുകയാണ്. എന്തായാലും രാജ്യവും ലോകവും കാത്തിരിക്കുന്ന ഇന്ത്യന്‍ പൊതു തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ജൂണ്‍ നാലിന് അറിയാം. 2019ലെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി 353 സീറ്റുകളുമായാണ് വീണ്ടും അധികാരത്തില്‍ വന്നത്. ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകള്‍ 2019ല്‍ പിടിച്ചു. കേവല ഭൂരിപക്ഷത്തിനേക്കാള്‍ ഏറെയായിരുന്നു ഈ സംഖ്യ. ഇത്തവണ എന്‍ഡിഎ 400 സീറ്റുകളുടെ അവകാശവാദം ഉന്നയിക്കുമ്പോള്‍ ഭരണമാറ്റമുണ്ടാകും എന്നാണ് ഇന്ത്യാ മുന്നണിയുടെ മനസിലെ പ്രതീക്ഷ.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTജോസഫ് മാര് ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില് ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര് മുക്കോലയില് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്ണൂരില് ട്രെയിന് തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMT