Sub Lead

കര്‍ണാടകയിലെ 70 ശതമാനം ജനങ്ങളും പിന്നാക്കക്കാരെന്ന് ജാതി സെന്‍സസ്; ഒബിസി സംവരണം 51 ശതമാനമാക്കാന്‍ ശുപാര്‍ശ

കര്‍ണാടകയിലെ 70 ശതമാനം ജനങ്ങളും പിന്നാക്കക്കാരെന്ന് ജാതി സെന്‍സസ്; ഒബിസി സംവരണം 51 ശതമാനമാക്കാന്‍ ശുപാര്‍ശ
X

ബംഗളൂരു: കര്‍ണാടകത്തിലെ 70 ശതമാനം ജനങ്ങളും ഒബിസി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണെന്ന് ജാതി സെന്‍സസില്‍ കണ്ടെത്തി. സംസ്ഥാനത്തെ 5.98 കോടി ജനങ്ങളില്‍ 4.16 കോടിയും വിവിധ ഒബിസി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ്. അതിനാല്‍ ഒബിസി സംവരണം 51 ശതമാനമാക്കാന്‍ പിന്നാക്ക വിഭാഗ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ജാതി സെന്‍സസ് റിപോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. 50 വോള്യങ്ങളുള്ള റിപോര്‍ട്ട് ഏപ്രില്‍ 17ന് പ്രത്യേക മന്ത്രിസഭാ യോഗം വിശദമായി ചര്‍ച്ച ചെയ്യും.

കര്‍ണാടക ജനസംഖ്യയിലെ 25 ശതമാനം(1.52 കോടി) ആദിവാസി-ദലിത് വിഭാഗങ്ങളാണ്. മുസ്‌ലിം ജനസംഖ്യ 75.25 ലക്ഷമാണ്. ഒബിസി-ആദിവാസി-ദലിത് വിഭാഗങ്ങള്‍ 94 ശതമാനമാണ്. ജനറല്‍ വിഭാഗങ്ങള്‍ വെറും 29.74 ലക്ഷം മാത്രമാണ്. അതിനാല്‍ നിലവിലെ ഒബിസി സംവരണം 32 ശതമാനത്തില്‍ നിന്ന് 51 ശതമാനം ആക്കാന്‍ പിന്നാക്ക കമ്മീഷന്‍ നിര്‍ദേശിച്ചു.

''ഒബിസി ജനസംഖ്യയായ 70 ശതമാനവും നിലവിലുള്ള സംവരണമായ 32 ശതമാനവും തമ്മിലുള്ള വ്യത്യാസം 38 ആണ്. ഈ വ്യത്യാസത്തിന്റെ പകുതിയായ 19 ശതമാനം നിലവിലുള്ള 32 ശതമാനത്തില്‍ ചേര്‍ക്കണം. അപ്പോള്‍ ഒബിസി സംവരണം 51 ശതമാനമാവും. ബാക്കി 19 ജനറല്‍ വിഭാഗത്തില്‍ ചേര്‍ക്കണം. ഇത് ചെയ്താല്‍ സാമൂഹിക നീതി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.''- കമ്മീഷന്‍ റിപോര്‍ട്ട് പറയുന്നു.

ഒബിസികള്‍ക്ക് 51 ശതമാനം സംവരണവും എസ്‌സികള്‍ക്ക് 17 ശതമാനവും എസ്ടികള്‍ക്ക് 7 ശതമാനവും സംവരണം നല്‍കുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, സംവരണത്തില്‍ സുപ്രിംകോടതി നിശ്ചയിച്ച 50 ശതമാനം പരിധി മറികടക്കരുതെന്നാണ് സവര്‍ണ വിഭാഗക്കാരുടെ നിലപാട്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ സവര്‍ണ സംവരണം(സവര്‍ണര്‍ക്കുള്ള സാമ്പത്തിക സംവരണം) നടപ്പാക്കിയതോടെ തന്നെ സംവരണ പരിധി 50 ശതമാനത്തില്‍ അധികമായെന്ന് തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് ചൂണ്ടിക്കാട്ടി. ''തമിഴ്‌നാട്ടില്‍ 69 ശതമാനം സംവരണം ഉണ്ട്. ജാതി സെന്‍സസ് റിപ്പോര്‍ട്ട് ഉപയോഗിച്ച്, നമ്മുടെ സംസ്ഥാനത്ത് 69 ശതമാനം സംവരണം നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാം''- സന്തോഷ് ലാഡ് പറഞ്ഞു.

സംവരണം 50 ശതമാനത്തില്‍ അധികമാക്കേണ്ട അവസ്ഥയുണ്ടെന്നാണ് ജാതി സെന്‍സസ് സൂചിപ്പിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ് പറഞ്ഞു.'' സംവരണം യോഗ്യതയെ (മെറിറ്റ്) ബാധിക്കുമെന്ന വാദം തെറ്റാണ്. ആ വാദം ശരിയാണെങ്കില്‍ മനുഷ്യവികസന സൂചികയുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാവില്ല. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ സംവരണം വളരെ കുറവാണ്. അവര്‍ ബീമാരു സംസ്ഥാനങ്ങളെന്നാണ് (രോഗബാധിത സംസ്ഥാനങ്ങള്‍) അറിയപ്പെടുന്നതെന്നും ബി കെ ഹരിപ്രസാദ് വിശദീകരിച്ചു.

Next Story

RELATED STORIES

Share it