Latest News

'ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍'; അബേദ്കര്‍ ജയന്തി വിപുലമായി ആചരിക്കും: പി ആര്‍ സിയാദ്

ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍;  അബേദ്കര്‍ ജയന്തി വിപുലമായി ആചരിക്കും: പി ആര്‍ സിയാദ്
X

തിരുവനന്തപുരം: ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ ജന്മദിനം 'ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍' എന്ന പ്രമേയത്തില്‍ വിവിധ പരിപാടികളോടെ വിപുലമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. ഭരണഘടനയെയും ഡോ. ബി ആര്‍ അംബേദ്കറെയും അദ്ദേഹത്തിന്റെ ചിന്തകളെയും അട്ടിമറിക്കാനും അവമതിക്കാനും ആസൂത്രിത നീക്കം നടത്തുന്ന ഫാഷിസ്റ്റ് ഭരണകാലത്ത് ഇത്തരം ചര്‍ച്ചകളും പരിപാടികളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സാമൂഹിക നീതിയിലധിഷ്ഠിതമായ മതേതര സങ്കല്‍പ്പത്തിലൂന്നിയാണ് ഭരണഘടന രൂപകല്‍പ്പന ചെയ്തിട്ടുള്ളതെങ്കില്‍ ഇന്ന് സാഹചര്യം മാറിയിരിക്കുന്നു. ഭരണഘടനയെ നിലനിര്‍ത്തിക്കൊണ്ടു തന്നെ അതിന്റെ അന്തസത്തയെ മുഴുവന്‍ നിര്‍വീര്യമാക്കി പുതിയ പുതിയ ഭേദഗതികള്‍ ചുട്ടെടുക്കുകയാണ് ഭരണകൂടം. ജനാധിപത്യവും മതേതരത്വവും ഇന്ന് എഴുത്തുകളില്‍ മാത്രമായി ഒതുങ്ങി. വംശീയാടിസ്ഥാനത്തില്‍ പൗരാവകാശം പോലും വീതം വെക്കുകയാണ്.

ബ്രാഹ്മണ്യത്തിന്റെ കുടിലവും ജീര്‍ണിച്ചതുമായ ശ്രേണീബദ്ധ ജാതിവ്യവസ്ഥയ്‌ക്കെതിരായിരുന്നു ഡോ. ബി ആര്‍ അംബേദ്കര്‍ തന്റെ പുരുഷായുസ് മുഴുവന്‍ പോരാടിയതെങ്കില്‍ അതേ ബ്രാഹ്മണ്യം സകല ശക്തിയും പുറത്തെടുത്ത് ഹിംസാത്മകമായ സാമൂഹിക സാഹചര്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അപരമത വിദ്വേഷമാണ് ഇന്ന് ഭരണകര്‍ത്താക്കളുടെ സ്ഥിരം പല്ലവി. നിയമ നിര്‍മാണങ്ങളിലധികവും ജനക്ഷേമപരമോ പുരോഗമനപരമോ അല്ല, മറിച്ച് വംശീയമായ അടിച്ചമര്‍ത്തലുകള്‍ക്കും അപരവല്‍ക്കരണത്തിനുമായി മാറിയിരിക്കുന്നു. നിയമം നടപ്പാക്കുന്നിടത്ത് അനീതിയും അന്യായവും കൊടികുത്തി വാഴുന്നു. ഭരണകൂടത്തെ വിമര്‍ശിക്കുകയെന്ന ജനാധിപത്യാവകാശം ദേശദ്രോഹമായി ചിത്രീകരിക്കപ്പെടുന്നു. ഭരണകൂട ഏജന്‍സികള്‍ ഭരണകൂട താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും പ്രതിപക്ഷ കക്ഷികളെയും വിമര്‍ശകരെയും നിശബ്ദമാക്കാനുമുള്ള ഉപകരണങ്ങളായി മാറിയിക്കുന്നു. ജനാധിപത്യത്തിന്റെ വില നിത്യ ജാഗ്രതയാണെന്ന് നാം തിരിച്ചറിയണം. ഭരണഘടനയും ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കാന്‍ പൗരസമൂഹം രാജ്യസ്‌നേഹ തല്‍പ്പരരായി രംഗത്തുവരേണ്ട നിര്‍ണായക സമയമാണിത്. അതിന് അംബേദ്കര്‍ ചിന്തകളും ചര്‍ച്ചകളും കൂടുതല്‍ ഊര്‍ജവും ദിശാബോധവും നല്‍കുമെന്നും അത്തരത്തിലുള്ള വ്യത്യസ്തവും വൈവിധ്യപൂര്‍ണവുമായ പരിപാടികള്‍ ഈ ജയന്തി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും പി ആര്‍ സിയാദ് കൂട്ടിച്ചേര്‍ത്തു.


Next Story

RELATED STORIES

Share it