Latest News

അട്ടപ്പാടി മധു വധക്കേസ്; ഒരു സാക്ഷികൂടി കൂറുമാറി

അട്ടപ്പാടി മധു വധക്കേസ്; ഒരു സാക്ഷികൂടി കൂറുമാറി
X

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. 12ാം സാക്ഷി വനം വകുപ്പ് വാച്ചര്‍ അനില്‍കുമാറാണ് കൂറുമാറിയത്. പോലിസിന്റെ നിര്‍ബന്ധം മൂലമാണ് രഹസ്യമൊഴി നല്‍കിയതെന്നും മധുവിനെ അറിയില്ലെന്നും അനില്‍കുമാര്‍ കോടതിയില്‍ മൊഴി നല്‍കി. നേരത്ത 10ാം സാക്ഷി ഉണ്ണികൃഷ്ണന്‍, 11ാം സാക്ഷി ചന്ദ്രന്‍ എന്നിവര്‍ വിചാരണയ്ക്കിടെ പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറിയിരുന്നു. പോലിസ് ഭീഷണിക്ക് വഴങ്ങിയാണ് ആദ്യം മൊഴി നല്‍കിയതെന്നാണ് ഇരുവരും കോടതിയില്‍ പറഞ്ഞത്. ഇതോടെ മൂന്ന് പ്രോസിക്യൂഷന്‍ സാക്ഷികളാണ് കൂറുമാറിയിരിക്കുന്നത്.

കൂറുമാറ്റം തടയാന്‍ സാക്ഷികള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ചുമതലയേറ്റ ശേഷം ഇന്നാണ് സാക്ഷിവിസ്താരം പുനരാരംഭിച്ചത്. അഡ്വ. രാജേഷ് എം മേനോനാണ് അട്ടപ്പാടി മധു കേസിലെ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. 2018 ഫെബ്രുവരി 22നാണ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികളാണുള്ളത്. കേസില്‍ വിചാരണ നീളുന്നതിനെതിരേ മധുവിന്റെ കുടുംബം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും രണ്ടുലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തുവെന്നുമാണ് കുടുംബം നേരത്തെ ആരോപിച്ചിരുന്നത്.

Next Story

RELATED STORIES

Share it