Latest News

സംസ്ഥാനത്ത് സാമൂഹിക വ്യാപനമുണ്ടോ? ഇന്നു മുതല്‍ ആന്റിബോഡി പരിശോധന

സംസ്ഥാനത്ത് സാമൂഹിക വ്യാപനമുണ്ടോ? ഇന്നു മുതല്‍ ആന്റിബോഡി പരിശോധന
X

തിരുവനന്തപുരം: ഒരു ഇടവേളയ്ക്കു ശേഷം കൊവിഡ് 19 കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സാമൂഹികവ്യാപനം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിനുള്ള പരിശോധന ഇന്ന് ആരംഭിക്കും. തിരഞ്ഞെടുത്ത വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ സാംപിളുകള്‍ എടുത്ത് പരിശോധന നടത്തുകയാണ് ചെയ്യുക. ആദ്യം ആരോഗ്യപ്രവര്‍ത്തരുടെ സാംപിളുകളാണ് എടുക്കുക. പിന്നീട് സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരുടെ സാംപിളുകള്‍ ശേഖരിക്കും.

ജനങ്ങളുമായി ഇടപെട്ടുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍, ചുമട്ടുതൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, 65 വയസ്സിനു മുകളിലുള്ളവര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിങ്ങനെ വിഭാഗത്തില്‍ നിന്നുള്ളവരുടെ സാംപിളുകളാണ് ശേഖരിക്കുക. ഏതൊക്കെ വിഭാഗമാണ് വേണ്ടതെന്നതിനെ കുറിച്ച് ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും.

ഇത്തരം വിഭാഗങ്ങളില്‍ നിന്നുള്ള ഏതാനും പേരുടെ രക്തം ശേഖരിച്ച് അതില്‍ കൊവിഡ് വൈറസിനെതിരേയുള്ള ആന്റിബോഡി പരിശോധന നടത്തും. അത് പോസിറ്റീവാണെങ്കില്‍ തൊണ്ടയിലെയോ മൂക്കിലെയോ സ്രവം എടുത്ത് പിസിആര്‍ പരിശോധനയും പൂര്‍ത്തിയാക്കും. പിസിആര്‍ പരിശോധനയ്ക്ക്് 24 മണിക്കൂര്‍ വേണ്ടിവരും.

പരിശോധനയ്ക്ക് വേണ്ടി 1000 കിറ്റുകള്‍ വീതമാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് നല്‍കിയിട്ടുള്ളത്. തൃശൂര്‍, കണ്ണൂര്‍, പാലക്കാട്, തിരുവന്തപുരം ജില്ലകളിലാണ് അദ്യ ഘട്ട പരിശോധന നടത്തുക.

Next Story

RELATED STORIES

Share it