Latest News

വായ്പയെടുത്ത് മുങ്ങിയവരുടെ വിവരങ്ങള്‍ ആര്‍ബിഐ പുറത്തുവിട്ടു

മെഹുല്‍ ചോക്‌സിയുടെ മൂന്ന് കമ്പനികളാണ് കടം വാങ്ങി മുങ്ങിയവരില്‍ മുന്നില്‍. മുപ്പത് കമ്പനികളും കൂടി ഏകദേശം 50000 കോടി രൂപയാണ് വീഴ്ച വരുത്തിയിരിക്കുന്നത്.

വായ്പയെടുത്ത്  മുങ്ങിയവരുടെ വിവരങ്ങള്‍ ആര്‍ബിഐ പുറത്തുവിട്ടു
X

ന്യൂഡല്‍ഹി: വായ്പ തിരിച്ചടക്കാതെ മുങ്ങിയ മുപ്പത് പേരുടെ വിവരങ്ങള്‍ ആര്‍ബിഐ പുറത്തുവിട്ടു. വിവരങ്ങള്‍ കൈമാറാനുള്ള സുപ്രിം കോടതി ഉത്തരവ് പുറത്ത് വന്ന് നാല് വര്‍ഷത്തിനു ശേഷമാണ് ആര്‍ബിഐ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായത്. 2019 മെയ് മാസം ദി വയര്‍ ഓണ്‍ലൈന്‍ മാധ്യമം വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് നടപടി.

വായ്പ വാങ്ങി ബോധപൂര്‍വം തിരിച്ചടക്കാത്തവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യത്തിന് ഏകദേശം 10 വര്‍ഷത്തെ പഴക്കമുണ്ട്. വിവരങ്ങള്‍ പുറത്തുവിടുന്നത് രാഷ്ട്രതാല്‍പര്യങ്ങള്‍ക്കും ബാങ്കുകളുമായുള്ള നിയമപ്രകാരമുളള കരാറിനും എതിരാണെന്നായിരുന്നു ആര്‍ബിഐ നിലപാട്.

എങ്കിലും വായ്പ തിരിച്ചുപിടിക്കാനുള്ള കേസുകളുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ ഇത്തരക്കാരുടെ പേരുകള്‍ പലപ്പോഴായി പുറത്തുവിട്ടിരുന്നു. ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ സിബില്‍ ലിമിറ്റഡ് ഈ വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാബേസ് ഉണ്ടാക്കിയിട്ടുണ്ട്.

ഇപ്പോള്‍ പുറത്തുവന്ന വിവരമനുസരിച്ച് മെഹുല്‍ ചോക്‌സിയുടെ മൂന്ന് കമ്പനികളാണ് വായ്പ വാങ്ങി മുങ്ങിയവരില്‍ മുന്നില്‍. മുപ്പത് കമ്പനികളും കൂടി ഏകദേശം 50000 കോടി രൂപയാണ് വീഴ്ച വരുത്തിയിരിക്കുന്നത്. ഗീതാഞ്ജലി ജെംസ്, റോട്ടോമാക് ഗ്ലോബല്‍, സൂം ഡെവലപ്പേഴ്‌സ്, ഡെക്കാണ്‍ ക്രോണിക്കിള്‍ ഹോള്‍ഡിങ്, വിന്‍സം ഡയമണ്ട്‌സ്, ആര്‍ഇഐ അഗ്രോ, സിദ്ദി വിനായക് ലോജിസ്റ്റിക്‌സ്, കുഡൂസ് ചെമ്മി തുടങ്ങിയവരാണ് ലിറ്റിലുള്ള മറ്റുള്ളവര്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവര്‍ക്കെതിരേയുള്ള അന്വേഷണവും കേസുകളും നടന്നുകൊണ്ടിരിക്കുകയാണ്.

2018 ഡിസംബര്‍ വരെ 11000 കമ്പനികള്‍ ബോധപൂര്‍വ്വം കടം തിരിച്ചടക്കാത്തവരായുണ്ട്. സിബില്‍ നല്‍കുന്ന കണക്കനുസരിച്ച് അവരുടെ മൊത്തം വീഴ്ച ഏകദേശം 1.61 ലക്ഷം കോടി രൂപ വരും.

സെന്‍ട്രല്‍ റിപോസിറ്ററി ഇന്‍ഫര്‍മേഷന്‍ ഓണ്‍ ലാര്‍ജ് ക്രഡിറ്റ് ഡാറ്റാബേസില്‍ നിന്നാണ് ഇപ്പോള്‍ നല്‍കിയ മുപ്പത് പേരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുളളത്. അഞ്ച് കോടിയില്‍ കൂടുതല്‍ തുക വായ്പ വാങ്ങിയവരുടെ വിവരമാണ് ഈ ഡാറ്റാ ബാങ്കില്‍ സൂക്ഷിക്കുന്നത്. 2019 മുതല്‍ സെന്‍ട്രല്‍ റിപോസിറ്ററി ഇന്‍ഫര്‍മേഷന്‍ ഓണ്‍ ലാര്‍ജ് ക്രഡിറ്റില്‍ ഒരാള്‍ ബോധപൂര്‍വം തിരിച്ചടക്കാത്തതാണോ എന്ന വിവരം നല്‍കാനുള്ള ഓപ്ഷന്‍ നല്‍കിയിരുന്നു.

കഴിയുമായിരുന്നിട്ടും വായ്പ തിരിച്ചടക്കാത്തവരെയാണ് ആര്‍ബിഐ ബോധപൂര്‍വ്വം വീഴ്ച വരുത്തുന്നവരായി നിര്‍വചിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it