Latest News

ഗോവയില്‍ ബീഫിന് ക്ഷാമം: പരിഹാരം കാണുമെന്ന് ബിജെപി മുഖ്യമന്ത്രി

ബിജെപി ഭരിക്കുന്ന ഗോവയില്‍ ഗോവധം നിരോധിച്ചത് ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്

ഗോവയില്‍ ബീഫിന് ക്ഷാമം: പരിഹാരം കാണുമെന്ന് ബിജെപി മുഖ്യമന്ത്രി
X
പനാജി: ഗോവയിലെ ബീഫ് ദൗര്‍ലഭ്യത്തിന് ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് ബിജെപി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നുമുള്ള ബീഫ് വരവിന് ഇടിവ് സംഭവിച്ചതോടെയാണ് തീരദേശ സംസ്ഥാനമായ ഗോവയില്‍ ബീഫിന് ക്ഷാമം അനുഭവപ്പെട്ടത്. ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്കു വേണ്ടി വന്‍തോതില്‍ ബീഫ് ആവശ്യമായ സാഹചര്യത്തിലും ഗോവയില്‍ ബീഫ് കിട്ടാനില്ല. ഇതോടെയാണ് ആവശ്യമായ അളവില്‍ ബീഫ് എത്തിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇടപെടുന്നത്.


ബിജെപി ഭരിക്കുന്ന ഗോവയില്‍ ഗോവധം നിരോധിച്ചത് ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്. ഗോവധം നിരോധിച്ചതോടെ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നുമാണ് ഗോവയിലേക്ക് ബീഫ് എത്തിയിരുന്നത്. ഇപ്പോള്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാറും ഗോവധം നിരോധിച്ചതോടെ ഗോവയിലേക്കുള്ള ബീഫ് വരവ് മുടങ്ങി. വിനോദ സഞ്ചാര കേന്ദ്രമായ ഗോവയിലെ ജനങ്ങളിലധികവും ബീഫ് ഉപയോഗിക്കുന്നവരാണ്. 'ഉത്സവകാലത്തിന് മുന്നോടിയായി തന്നെ ബീഫ് ദൗര്‍ലഭ്യം അനുഭവപ്പെടുന്നത് സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഉചിതമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്. സംസ്ഥാനത്ത് ആവശ്യമായ ബീഫ് ലഭ്യമാക്കാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കി വരികയാണ്'. എന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതേസമയം ബീഫ് ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഗോവ സര്‍ക്കാരിന് കീഴിലെ അറവുശാലകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാണ് എന്‍സിപി നേതാവും എംഎല്‍എയുമായ ചര്‍ച്ചില്‍ അലിമാവോ പ്രതികരിച്ചത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗോവ മീറ്റ് കോംപ്ലക്‌സ് ലിമിറ്റഡ് കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തനരഹിതമാണ്. പ്രതിദിനം 200 മൃഗങ്ങളെ വരെ കശാപ്പ് ചെയ്യാന്‍ സൗകര്യമുള്ള ഈ അറവുശാല തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നാണ് എന്‍സിപി എംഎല്‍എയുടെ ആവശ്യം.




Next Story

RELATED STORIES

Share it