Latest News

പൗരത്വ നിയമം: ബിജെപിയില്‍ മോദിയുടെ നില പരുങ്ങലില്‍

2014 നു ശേഷം ബിജെപിയും നരേന്ദ്ര മോദിയും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇത്. ജനങ്ങളുടെ ഹൃദയമിടിപ്പ് തൊട്ടറിയാമെന്ന് അവകാശപ്പെട്ടിരുന്ന മോദിയുടെ പരാജയമായും പാര്‍ട്ടിയിലെ ചിലര്‍ കരുതുന്നു.

പൗരത്വ നിയമം: ബിജെപിയില്‍ മോദിയുടെ നില പരുങ്ങലില്‍
X

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരേ ഇത്രയും കനത്ത പ്രതിഷേധം പ്രതീക്ഷിച്ചില്ലെന്ന് ബിജെപി നേതാക്കളും പാര്‍ലമെന്റേറിയന്‍മാരും കരുതുന്നതായി റിപോര്‍ട്ട്. മുസ്ലിങ്ങള്‍ക്കിടയില്‍ നിന്ന് ചെറിയ തോതില്‍ പ്രതിഷേധം ബിജെപി കണക്കിലെടുത്തിരുന്നു. പക്ഷേ, പൊതുസമൂഹം ഇത്ര ശക്തമായി പ്രതികരിക്കുമെന്ന് തങ്ങള്‍ കരുതിയില്ലെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഏതാനും മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും വെളിപ്പെടുത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്തു. പൗരത്വ നിയമത്തിനെതിരേയുള്ള പ്രക്ഷോഭങ്ങളില്‍ രാജ്യത്താകമാനം ഇതുവരെ 21 പേരെങ്കിലും ചുരുങ്ങിയത് കൊല്ലപ്പെട്ടിട്ടുണ്ട്.

2014 നു ശേഷം പാര്‍ട്ടിയും നരേന്ദ്ര മോദിയും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇത്. ജനങ്ങളുടെ ഹൃദയമിടിപ്പ് തൊട്ടറിയാമെന്ന് അവകാശപ്പെട്ടിരുന്ന മോദിയുടെ പരാജയമായും പാര്‍ട്ടിയിലെ ചിലര്‍ കരുതുന്നു. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്ന് മതപീഡനം കൊണ്ട് കുടിയേറിയ ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാര്‍സി, സിഖ് മതത്തില്‍ പെട്ടവര്‍ക്ക് നിബന്ധനകള്‍ക്കനുസൃതമായി പൗരത്വം നല്‍കുന്നതിനാണ് 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്തത്. പൗരത്വത്തെ മതപരമായ രീതിയില്‍ നിര്‍വചിക്കുന്നതിനെതിരേയാണ് ജനങ്ങള്‍ സമരരംഗത്തിറങ്ങിയത്.

സഖ്യകക്ഷികളെ പാട്ടിലാക്കിയും സംസാരിച്ചും പ്രതിസന്ധി പരിഹരിക്കാമെന്നാണ് കണക്കുകൂട്ടലായിരുന്നതെങ്കിലും അതും സാധ്യമായില്ല. നിയമത്തെ വിവിധ ഘട്ടങ്ങളില്‍ പിന്തുണച്ച സഖ്യകക്ഷികള്‍ പോലും ഒന്നൊന്നായി പിന്നോട്ടു പോയി. ബിജെപി ഒരു പരിധിവരെ ഒറ്റപ്പെടുകയും ചെയ്തു.

''ബിജെപി ഇത്ര വലിയ പ്രതിഷേധം പ്രതീക്ഷിച്ചില്ല.. ഞാന്‍ മാത്രമല്ല, ബിജെപിയിലെ നേതാക്കളും മന്ത്രിമാരും പാര്‍ലമെന്റ അംഗങ്ങളും ഇത്ര വലിയ രോഷം പ്രതീക്ഷിച്ചില്ല''- കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാന്‍ റോയിട്ടേഴ്‌സിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ഇത് പാര്‍ലമെന്റിലെ ഭൂരിപക്ഷത്തെ ബാധിക്കില്ലെങ്കിലും മോദിയുടെ തന്ത്രജ്ഞനെന്ന പ്രതിച്ഛായയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. അഞ്ച് ട്രില്യന്‍ സമ്പദ്ഘടനയായി ഇന്ത്യയെ മാറ്റുമെന്ന പദ്ധതികളും പ്രചാരവേലകളും ഇതോടെ അസ്തമിച്ചു.

പൗരത്വ ഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭത്തിനു പിന്നില്‍ തൊഴിലില്ലായ്മയും അതുപോലുള്ള ജനങ്ങളുടെ പ്രശ്‌നങ്ങളും വലിയ പങ്കുവഹിച്ചിട്ടുള്ളതായി പേര് വെളിപ്പെടുത്താത്ത ചില മന്ത്രിമാര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

മോദി ഇന്ത്യയുടെ മതേതര ഭരണഘടനയെ അട്ടിമറിച്ചതായും രാജ്യത്തെ ഹിന്ദുത്വ അജണ്ടയിലേക്ക് നയിക്കുന്നതായും ഇന്ത്യയിലെ വലിയൊരു ജനവിഭാഗം ഇപ്പോള്‍ കരുതുന്നു. അവരാണ് സമരരംഗത്തുള്ളതും. ഇത്തരമൊരു ബില്ല് പുറത്തിറക്കുംമുമ്പ് പരിഗണിക്കേണ്ട രാഷ്ട്രീയ സമവാക്യങ്ങള്‍ വേണ്ട വിധം നിര്‍ദ്ധാരണം ചെയ്തില്ലെന്ന് പല നേതാക്കളും മോദിയെ കുറ്റപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്.

പലപ്പോഴും മുസ്ലിങ്ങളെ പരസ്യമായി ശാസിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന അമിത് ഷായ്ക്കു പോലും മുസ്ലിങ്ങള്‍ക്ക് യാതൊരു വിധ പ്രശ്‌നവും നിയമം കൊണ്ടുണ്ടാവില്ലെന്ന് പ്രചാരണം നടത്തേണ്ടിവന്നു.

അതേസമയം, തങ്ങളുടെ അണികളെ ശരിയായ രീതിയില്‍ അണിനിരത്തി പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാമെന്നാണ് ബിജെപി കരുതിയിരുന്നത്. ആ പദ്ധതികളും തകരാറിലായതായി ബിജെപി നേതാക്കള്‍ കരുതുന്നു. ബിജെപിയുടെയും മോദിയുടെയും ഏകാധിപത്യ പ്രവണതയോടുള്ള പ്രതികരണമാണ് ഇപ്പോള്‍ കാണുന്നതെന്നാണ് സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസിലെ ഡയറക്ടര്‍ സഞ്ജയ് കുമാര്‍ വിലയിരുത്തുന്നത്.

Next Story

RELATED STORIES

Share it