Latest News

മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷക പ്രശ്‌നത്തിന് ആവശ്യമായ പരിഗണന നല്‍കുന്നില്ലെന്ന് ബിജെപി

മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷക പ്രശ്‌നത്തിന് ആവശ്യമായ പരിഗണന നല്‍കുന്നില്ലെന്ന് ബിജെപി
X

മുബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷക പ്രശ്‌നത്തിന് ആവശ്യമായ പരിഗണന നല്‍കുന്നില്ലെന്നാരോപിച്ച് ബിജെപി മുന്‍ മഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. മന്ത്രിമാരുടെ ഓഫിസിനു മുന്നില്‍ പൂനെയിലെ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിനു തൊട്ടുപിന്നാലെയാണ് ബിജെപി നേതാക്കള്‍ സര്‍ക്കാരിനെതിരേ രംഗത്തുവന്നത്.

കര്‍ഷകരുടെ പ്രശ്‌നം പരിഗണിക്കാനും കേള്‍ക്കാനും സംസ്ഥാനത്ത് ഒരു സംവിധാനവുമില്ല. ഇതിനുവേണ്ടിയുള്ള ഉദ്യോഗസ്ഥ നിയമനം തന്നെ ചോദ്യം ചെയ്യേണ്ട അവസ്ഥയിലാണ്. ഇതിനുവേണ്ടി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ചെവി കൊടുക്കുന്നില്ല. അത് കേള്‍ക്കാനും അവര്‍ക്ക് സമയമില്ല-ഫട്‌നാവിസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ട തീരുമാനങ്ങള്‍ എടുക്കുകയോ അവരെ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കര്‍ഷകരുടെ ആത്മഹത്യകള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വതന്ത്രമായ അന്വേഷണം നടത്താന്‍ തയ്യാറാവണം. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം- അദ്ദേഹം ആവശ്യപ്പെട്ടു.

കാര്‍ഷിക മന്ത്രാലയത്തിനു മുന്നില്‍ വിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്ന 48 വയസ്സുള്ള കര്‍ഷകന്‍ കഴിഞ്ഞ ദിവസം ജി ടി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചിരുന്നു.

പൂനെയിലെ സുഭാഷ് ജാധവ് ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ആഭ്യന്തര മന്ത്രി ദിലീപ് വല്‍സെ പാട്ടീലിനെയും കാണാനെത്തിയ സുഭാഷിനെ മന്ത്രിമാരുടെ അടുത്തേക്ക് കയറ്റിവിട്ടിരുന്നില്ല. തുടര്‍ന്നാണ് വിഷം കഴിച്ചത്.

ജാധവിന്റെ പൂനെയിലുള്ള ഭൂമി ആരോ ചിലര്‍ കയ്യേറിയിരുന്നു. ഇക്കാര്യം പോലിസ് സ്‌റ്റേഷനില്‍ അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് അദ്ദേഹം മന്ത്രിമാരുടെ ഓഫിസിലെത്തി ജീവനൊടുക്കിയത്.

ജാധവിന്റെ മരണത്തില്‍ ഐപിസി 306, 34 വകുപ്പുപ്രകാരം പൂനെ പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it