Latest News

വയനാട് കെന്‍സ പദ്ധതിയുടെ ബില്‍ഡിംഗ് പെര്‍മിറ്റും ലാന്റ് ഡെവലപ്‌മെന്റ് പെര്‍മിറ്റും സ്‌റ്റേ ചെയ്തു

വയനാട് കെന്‍സ പദ്ധതിയുടെ ബില്‍ഡിംഗ് പെര്‍മിറ്റും ലാന്റ് ഡെവലപ്‌മെന്റ് പെര്‍മിറ്റും സ്‌റ്റേ ചെയ്തു
X

കല്‍പ്പറ്റ: വിവാദമായ വയനാട് തരിയോട് കെന്‍സ പദ്ധതിയുടെ ഗ്രാമപഞ്ചായത്ത് ബില്‍ഡിംഗ് അനുമതിയും ലാന്റ് ഡെവലപ്‌മെന്റ് പെര്‍മിറ്റും സംസ്ഥാന തദ്ദേശ ഭരണ െ്രെടബ്യൂണല്‍ സ്‌റ്റേ ചെയ്തു. പദ്ധതിയിലെ നിക്ഷേപകനും പ്രവാസി വ്യവസായിയുമായ ടി രാജന്റെ അപ്പീലിലാണ് സ്‌റ്റേ. രാജന്റെ കൂടി ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടങ്ങളുടെ നിര്‍മാണം നടക്കുന്നത്. എന്നാല്‍ തന്റെ വ്യാജ ഒപ്പിട്ടാണ് ബില്‍ഡിംങ് പെര്‍മിറ്റിന് അപേക്ഷ നല്‍കിയതെന്നാണ് സ്ഥലമുടമയുടെ പരാതി.

പരാതിയില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് കണ്ടെത്തല്‍. അതേസമയം, പദ്ധതിയെക്കുറിച്ചുള്ള നിക്ഷേപകരുടെ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് കെന്‍സ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ശിഹാബ് ഷായുടെ നിലപാട്.

വ്യാജ രേഖ ചമച്ചു എന്നാരോപിച്ച് സ്ഥലമുടമയും രാജനും മറ്റു മൂന്നു പ്രവാസി നിക്ഷേപകരും നല്‍കിയ പരാതിയില്‍ പടിഞ്ഞാറത്തറ പോലിസ് കെന്‍സ ചെയര്‍മാനെതിരെ നേരത്തെ കേസെടുത്തിരുന്നു. കെന്‍സയുടെ പ്രധാന കെട്ടിടങ്ങള്‍ ദുരന്ത നിവാരണ നിയമം ലംഘിച്ചാണ് നിര്‍മിച്ചതെന്ന റിപോര്‍ട്ടില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഈ മാസം പത്തിന് ജില്ലാ കലക്ടര്‍ക്കു മുന്നില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ നോട്ടിസ് നല്‍കി. ജില്ലാ കലക്ടര്‍ നിയോഗിച്ച വിദഗ്ദ സമിതി കെട്ടിട നിര്‍മാണത്തിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായാണ് സൂചന. ജില്ലാ ടൗണ്‍ പ്ലാനര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍, തദ്ദേശഭരണ വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ എന്നിവരാണ് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയത്. സമിതി നല്‍കിയ രണ്ടു റിപോര്‍ട്ടുകളിലും നിര്‍മാണത്തിലെ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തരിയോട് ഗ്രാമ പഞ്ചായത്തിലെ മഞ്ഞൂറയില്‍ ബാണാസുര റിസര്‍വോയറിനോടു ചേര്‍ന്നാണ് കെന്‍സ പദ്ധതിയുടെ നിര്‍മാണം നടക്കുന്നത്. പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചെന്ന പരാതികളിലും കെന്‍സയ്‌ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.

2015ല്‍ റോയല്‍ മെഡോസ് എന്ന റിസോര്‍ട്ട് പദ്ധതിയുടെ പേരിലാണ് പ്രവാസികളില്‍ നിന്ന് കെന്‍സ നിക്ഷേപം സ്വീകരിച്ചത്. ഈ പദ്ധതി പൂര്‍ത്തിയാക്കാതെ അതേസ്ഥലത്തു തന്നെ കെന്‍സ വെല്‍നസ് ഹോസ്പിറ്റലിന്റെ പേരില്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിച്ചതായാണ് പരാതി.

2015ലാണ് കെന്‍സ ഗ്രൂപ്പിന് കീഴില്‍ തരിയോട് വില്ലകളുടെ നിര്‍മാണം ആരംഭിച്ചത്.

400 കോടിയുടെ പദ്ധതികളാണ് കെന്‍സ വയനാട്ടില്‍ പ്രഖ്യാപിച്ചത്. വില്ലാ പദ്ധതി അവസാനഘട്ടത്തിലാണ്.

പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലൊരു വരുമാനം ലക്ഷ്യമിട്ട് ലക്ഷങ്ങള്‍ നിക്ഷേപിച്ചവരെ കെന്‍സ് കെന്‍സ പദ്ധതിയുടെ പേരില്‍ വഞ്ചിച്ചു എന്നാണ് പ്രവാസി നിക്ഷേപകരുടെ ആരോപണം.

പദ്ധതിയില്‍ നിക്ഷേപം നടത്തിയ ടി ലത്തീഫ് അബൂബക്കര്‍, രാജന്‍ നമ്പ്യാര്‍, കെ എ ബഷീര്‍, ബൈജു, തോംസണ്‍ മാത്യു തുടങ്ങിയവര്‍ ചെയര്‍മാന്‍ ഡോ.ശിഹാബിനെതിരെ രംഗത്തു വന്നിരുന്നു.

Next Story

RELATED STORIES

Share it