Latest News

'ബുള്ളി ഭായ്'; മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ മുസ് ലിം യുവതികളെ അവഗണിച്ച് മുഖ്യമന്ത്രി

ബുള്ളി ഭായ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ മുസ് ലിം യുവതികളെ അവഗണിച്ച് മുഖ്യമന്ത്രി
X

ശ്രീജ നെയ്യാറ്റിന്‍കര

തിരുവനന്തപുരം; മുസ് ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കുവച്ചതിനെതിരേ പരാതി നല്‍കാനെത്തിയ പൗരത്വ സമരപ്രതിഷേധങ്ങളിലൂടെ പ്രശസ്തയായ പെണ്‍കുട്ടികളെ അവഗണിച്ച മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് സാമൂഹികപ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. സാമൂഹിക മാധ്യങ്ങളിലൂടെ പങ്കുവച്ച കുറിപ്പിലാണ് പെണ്‍കുട്ടികളോട് നേരിട്ട് സംസാരിച്ച് അനുഭവം ശ്രീജ പങ്കുവയ്ക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രി ഈ പെണ്‍കുട്ടികളെ ഇരുത്തി സംസാരിച്ചില്ല എന്ന തരത്തില്‍ വ്യത്യസ്ത കുറിപ്പുകളോട് കൂടി ഇങ്ങനൊരു ഫോട്ടോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടു. പിന്‍തിരിഞ്ഞു നില്‍ക്കുന്നതു കാരണം ഇവര്‍ ആരാണെന്ന് മനസിലായതുമില്ല. അന്വേഷിച്ചപ്പോഴാണ് പൗരത്വ പ്രക്ഷോഭ പോരാളി ആയിഷ റെന്നയും കൂട്ടരും ആണെന്നറിഞ്ഞത്. ഓണ്‍ലൈനില്‍ മുസ്‌ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച 'ബുള്ളി ഭായ്' വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ പോയതാണെന്നും മനസിലായി.

ആയിഷയാണ് അതെന്നറിഞ്ഞ പാടെ ഞാന്‍ ഫോണെടുത്ത് വിളിച്ചു. അപ്പോഴും എന്റെ ധാരണ ആ ഫോട്ടോ അവര്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു കഴിഞ്ഞെണീറ്റപ്പോള്‍ എടുത്തതായിരിക്കും എന്നായിരുന്നു.

പക്ഷേ ആയിഷ റെന്ന പറഞ്ഞത് കേട്ടപ്പോള്‍ സത്യത്തില്‍ സങ്കടവും ദേഷ്യവും നിരാശയും വന്നു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കാന്‍ എത്തിയ അവര്‍ ഇരിക്കാനായി തുനിഞ്ഞപ്പോള്‍ 'വേണ്ട ഇരിക്കണ്ട സമയമില്ല പരാതി തന്നിട്ട് പൊയ്‌ക്കോളൂ' എന്ന് യാതൊരു പരിഗണനയും നല്‍കാതെ മുഖത്മന്ത്രി പറഞ്ഞെന്ന് ആയിഷ പറയുമ്പോള്‍ ആ ശബ്ദത്തിലെ നിരാശ ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രീ

ആ മൂന്ന് മുസ് ലിം പെണ്‍കുട്ടികള്‍ ആയിഷ റെന്ന, ലദീദ ഫര്‍സാന, നിദാ പര്‍വീണ്‍ അവര്‍ താങ്കളെ കാണാന്‍ വന്നത് അവരുടെ വീട്ടില്‍ നടക്കുന്ന കല്യാണത്തിന് താങ്കളെ ക്ഷണിക്കാനല്ല ഹിന്ദുത്വ ഭീകരവാദികളില്‍ നിന്ന് അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത ആക്രമണത്തെ കുറിച്ച് സംസാരിക്കാനാണ്. ആ മൂന്നു പെണ്‍കുട്ടികളേയും ഓണ്‍ലൈണില്‍ വില്പയ്ക്ക് വച്ച ഹിന്ദുത്വ ഭീകരതയില്‍ നിന്ന് സംരക്ഷണം നല്‍കണം എന്ന് ആവശ്യപ്പെടാനാണ്. അവര്‍ക്ക് താങ്കള്‍ ഇരിപ്പിടം നല്‍കണ്ട എന്നാല്‍ അവരെയൊന്ന് കേള്‍ക്കാനുള്ള മനസ് കാണിക്കണമായിരുന്നു. അവരെയൊന്ന് പരിഗണിക്കണമായിരുന്നു. അവര്‍ക്ക് ശുഭാപ്തി വിശ്വാസം പകരുന്ന രണ്ട് വാക്കെങ്കിലും പറയണമായിരുന്നു. അതിന് കഴിയാത്ത ആളൊന്നുമല്ല താങ്കള്‍. പൗരത്വ പ്രക്ഷോഭകാലത്ത് സംഘികളുടെ ആക്രമണത്തിനിരയായ ജെഎന്‍യു വിദ്യാര്‍ത്ഥി ഐഷാ ഘോഷിനെ താങ്കള്‍ ആശ്വസിപ്പിക്കുന്ന ചിത്രം ഞാന്‍ എന്റെ ഫേസ് ബുക്ക് വാളില്‍ സന്തോഷത്തോടെ പങ്കുവച്ചിരുന്നു. സ്വന്തം പാര്‍ട്ടിയിലെ അണികളല്ലാത്തത് കൊണ്ടാണോ താങ്കള്‍ ഈ പെണ്‍കുട്ടികളെ ഇത്തരത്തില്‍ അവഗണിച്ചത്?

പൗരത്വ പ്രക്ഷോഭ കാലത്ത് ജാമിഅ മില്ലിയ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ സംഘി പോലിസിനെ ചൂണ്ടുവിരലില്‍ നിര്‍ത്തി പൊരുതിയ പോരാളികളായ ആ മുസ് ലിം പെണ്‍കുട്ടികള്‍ ഹിന്ദുത്വയുടെ ക്രൂരമായ വേട്ടയ്ക്കിരയായി അങ്ങേയറ്റം അരക്ഷിതാവസ്ഥയില്‍ പരാതിയുമായി വരുമ്പോള്‍ ചേര്‍ത്തുപിടിച്ച് കരുത്ത് പകരേണ്ട ഒരു ഭരണാധികാരി അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക പോലും ചെയ്യാതെ അവരെ തിരിച്ചയയ്ക്കുന്നത് എന്ത് രാഷ്ട്രീയ ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ്? തങ്ങളുടെ ശരീരം വില്പനയ്ക്ക് വച്ചിരിക്കുന്ന ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോടല്ലാതെ അവര്‍ ആരോടാണ് പറയുക?

ഒരു വശത്ത് ഹിന്ദുത്വ അജണ്ടകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ രാഷ്ട്രീയ പ്രതികരണം നടത്തുന്ന മനുഷ്യരെ വേട്ടയാടി ജയിലിലിടുന്നു... മറ്റൊരു വശത്ത് ഹിന്ദുത്വ ഭീകരതയുടെ വെട്ടയ്ക്കിരയായി അഭയം തേടി വരുന്ന പെണ്‍കുട്ടികളെ ആട്ടിയോടിക്കുന്നു.

എന്നിട്ട് പാടി നടക്കുന്നതോ ബ്രണ്ണന്‍ കോളേജില്‍ സംഘികളുടെ കത്തികള്‍ക്കിടയിലൂടെ നടന്ന വീരഗാഥയും. അതെങ്ങനാ സംഘികള്‍ക്ക് പാദസേവ ചെയ്യുന്ന സത്യകഥ സ്വയം പാടി നടക്കാന്‍ കഴിയില്ലല്ലോ.

അയ്യയ്യേനാണക്കേടിത് ആഭ്യന്തരമന്ത്രി.

ആയിഷ റെന്ന. ലദീദ ഫര്‍സാന. നിദാ പര്‍വീണ്‍

Next Story

RELATED STORIES

Share it