Latest News

ജാതിതിരിച്ച് സ്‌പോര്‍ട്‌സ് ടീമുകള്‍; തിരുവനന്തപുരം മേയറുടെ നടപടി വിവാദത്തില്‍

തിരുവനന്തപുരം കോര്‍പറേഷന്റെ നേതൃത്വത്തിലാണ് ജാതി തിരിച്ച് സ്‌പോര്‍ട്ട്‌സ് ടീം പ്രഖ്യാപിച്ചത്

ജാതിതിരിച്ച് സ്‌പോര്‍ട്‌സ് ടീമുകള്‍; തിരുവനന്തപുരം മേയറുടെ നടപടി വിവാദത്തില്‍
X

തിരുവനന്തപുരം: എസ്‌സി-എസ്ടിയ്ക്കും ജനറല്‍ വിഭാഗത്തിനും വെവ്വേറെ സ്‌പോര്‍ട്‌സ് ടീമുകള്‍ പ്രഖ്യാപിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍. കോര്‍പറേഷന്റെ നേതൃത്വത്തിലാണ് ജാതി തിരിച്ച് സ്‌പോര്‍ട്ട്‌സ് ടീം പ്രഖ്യാപിച്ചത്. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളില്‍ നഗരസഭാ ഔദ്യോഗികമായി ടീം ഉണ്ടാക്കുന്നത്. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുക. ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ് സി/എസ്ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക.

നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് ടീമിന് പരിശീലനം നല്‍കുന്നത്. ജാതി തിരിച്ചുള്ള ടീമുകളെ പ്രഖ്യാപിച്ചതായി മേയര്‍ തന്നെയാണ് ഫേസ് ബുക്കിലൂടെ അറിയിച്ചത്. ജാതി തിരിച്ചുള്ള മേയറുടെ പ്രഖ്യാപനത്തിനെതിരേ ദലിത് സംഘടനകളുള്‍പ്പെടെ നിരവധി സംഘനകള്‍ രംഗത്തെത്തി. എന്നാല്‍, നല്ല ഉദ്യേശത്തോടെയാണ് അങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മേയറുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നഗരസഭയ്ക്ക് സ്വന്തമായി സ്‌പോര്‍ട്‌സ് ടീം

'നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാലാഭിലാഷം യാഥാര്‍ഥ്യമാവുകയാണ്. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളില്‍ നഗരസഭാ ഔദ്യോഗികമായി ടീം ഉണ്ടാക്കും. ഇന്നലെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സെലക്ഷന്‍ ക്യാമ്പ് സന്ദര്‍ശിച്ചു. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുക. ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ് /എസ്ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക. ഇവര്‍ക്കാവശ്യമായ പരിശീലനം നഗരസഭ നല്‍കുകയും തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായികമത്സരങ്ങളില്‍ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഇതൊരു സ്ഥിരം സംവിധാനമാക്കാനാണ് ആലോചിക്കുന്നത്. അതിന് വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യും. അതിന് വേണ്ടി കായിക താരങ്ങളുമായും, കായികപ്രേമികളുമായും കായികരംഗത്തെ വിദഗ്ധരുമായും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുമായും ഉടന്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് ബൃഹത്തായ ഒരു പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കും.

നമ്മുടെ കുട്ടികളുടെ കായികമായ കഴിവുകളെ കണ്ടെത്തി അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി നാടിന്റെ അഭിമാനങ്ങളായി അവരെ മാറ്റി തീര്‍ക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിനാവശ്യമായതെല്ലാം നഗരസഭ ചെയ്യാന്‍ പരിശ്രമിക്കുകയാണ്. എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'.

Next Story

RELATED STORIES

Share it