Latest News

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിക്ക് ഭയം: വിഡി സതീശന്‍

നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കി ഇന്ന് പിരിയുന്ന സഭ മാര്‍ച്ച് 11ന് ബജറ്റ് അവതരണത്തോടെ പുനരാരംഭിക്കും

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിക്ക് ഭയം: വിഡി സതീശന്‍
X

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെ മുഖ്യമന്ത്രിക്ക് പേടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിനെ കരിവാരിത്തേക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെളിപ്പെടുത്തലില്‍ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാത്തതിനാല്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു. ഭരണപക്ഷപ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്കിറങ്ങുന്ന അസാധാരണ രംഗങ്ങളാണ് സഭയിലുണ്ടായത്. കോടതിയുടെ പരിഗണനയിലുള്ളതിനാലും അന്വേഷണം തുടരുന്നത് കൊണ്ടും അടിയന്തിര പ്രമേയം അനുവദിക്കില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്.

സ്വപ്നയുടെ വെളിപ്പെടുത്തലിനെ ചൊല്ലി നാടകീയരംഗങ്ങളാണ് ഇന്ന് നിയമസഭയില്‍ അരങ്ങേറിയത്. മുഖ്യമന്ത്രിക്കെതിരെ പറയാന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിച്ചുവെന്ന ഓഡിയോ കൃത്രിമമാണെന്നത് അടക്കം സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളായിരുന്നു അടിയന്തിരപ്രമേയ നോട്ടീസ്. എന്നാല്‍ കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാലും അന്വേഷണം നടക്കുന്നത് കൊണ്ടും പറ്റില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. നോട്ടീസ് അനുവദിക്കില്ലെന്ന നിലപാടില്‍ സ്പീക്കര്‍ ഉറച്ചുനിന്നതോടെ പ്രതിപക്ഷം നടുത്തളത്തിലറങ്ങി പ്രതിഷേധിച്ചു. കോടതി പരിഗണനയിലിരിക്കെ സോളാര്‍ കേസില്‍ നിരവധി തവണ നിയമസഭയില്‍ അടിയന്തിരപ്രമേയം അനുവദിച്ച കീഴ് വഴക്കം പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചിട്ടും സ്പീക്കര്‍ വഴങ്ങിയില്ല. ബഹളത്തിനിടെ സ്പീക്കര്‍ മറ്റ് നടപടികളിലേക്ക് കടന്നു.

പിന്നാലെ പ്രതിപക്ഷം വലിയ ബാനര്‍ വെച്ച് സ്പീക്കറുടെ ഇരിപ്പിടം മറച്ചു. സ്പീക്കര്‍ കുപിതനായി. പിന്നാലെ ഭരണപക്ഷവും സീറ്റില്‍ നിന്നെഴുന്നേറ്റ് നടുത്തളത്തിലേക്കിറങ്ങി. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. കക്ഷിനേതാക്കളുമായി സ്പീക്കര്‍ ചര്‍ച്ച നടത്തി. അരമണിക്കൂറിന് ശേഷം വീണ്ടും സഭ ചേര്‍ന്നപ്പോഴും ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി.

സര്‍ക്കാരിന് അപ്രിയമായ കാര്യങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യേണ്ട എന്നാണ് സ്പീക്കറുടെ നിലപാടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി എന്തിനു പേടിക്കുന്നു. നിരപരാധിയെങ്കില്‍ എന്തിനു ചര്‍ച്ച വേണ്ടെന്നു വെക്കുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു. സ്വപ്നയുടെ ഓഡിയോ ടേപ്പ് കൃത്രിമമെന്ന് സ്വപ്ന പറഞ്ഞിരുന്നു. സ്വപ്നയെ കൊണ്ട് പറയിച്ചതിനു പിന്നില്‍ ഗൂഡാലോചനയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു ഗൂഡലോചന നടന്നു. കസ്റ്റംസിന് സ്വപ്ന കൊടുത്ത മൊഴിയില്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശമുണ്ടെന്നും സതീശന്‍ ആരോപിച്ചു.

സ്വപ്നയുടെ കുറ്റ സമ്മത മൊഴി പുറത്ത് വരുമോ എന്ന് മുഖ്യമന്ത്രിക്ക് പേടിയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്നയെ അകത്താക്കാനാണ് സര്‍ക്കാര്‍ ശ്രമം. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ ഒരു അന്വേഷണവുമില്ല. സോളാര്‍ കേസ് പ്രതിയുടെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സര്‍ക്കാര്‍ സ്വര്‍ണ്ണക്കടത്തില്‍ സ്വീകരിക്കുന്നത് ഇരട്ടതാപ്പാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ശിവശങ്കറിനെ ഇപ്പോഴും മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. ജേക്കബ് തോമസ് പുസ്തകം എഴുതിയപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, ശിവശങ്കരിന് സംരക്ഷണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. രണ്ട് നീതിയാണ് സര്‍ക്കാരിനുള്ളത്.

പ്രതിപക്ഷ നീക്കത്തിനെ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷമായി വിമര്‍ശിച്ചു. സ്വര്‍ണം ആരാണ് കൊണ്ടുവന്നത്, ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്ന രണ്ട് ചോദ്യത്തിനും ഉത്തരമില്ല. പ്രതിപക്ഷം അത് തേടുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിനെ കരിവാരി തേക്കുക മാത്രമാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കി ഇന്ന് പിരിയുന്ന സഭ മാര്‍ച്ച് 11 ന് ബജറ്റ് അവതരണത്തോടെ പുനരാരംഭിക്കും.

Next Story

RELATED STORIES

Share it