Latest News

അര്‍ധരാത്രിയില്‍ പോലിസ് വീട്ടില്‍ കയറി അതിക്രമം നടത്തിയതായി പരാതി

വീടിന്റെ വാതില്‍ തകര്‍ത്തനിലയിലാണ്. കസേരകളും മേശയും തകര്‍ത്തിട്ടുണ്ട്.

അര്‍ധരാത്രിയില്‍ പോലിസ് വീട്ടില്‍ കയറി അതിക്രമം നടത്തിയതായി പരാതി
X

പരപ്പനങ്ങാടി: അര്‍ദ്ധരാത്രിയില്‍ പ്രതിയെ പിടിക്കാനന്ന പേരില്‍ വീട്ടില്‍ കയറിയ പോലീസ് സംഘം അതിക്രമം നടത്തിയതായി പരാതി. പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ചിലെ ചാവനാഹാജിയുടെ പുരയ്ക്കല്‍ സൈതലവിയുടെ വീട്ടിലാണ് പുലര്‍ച്ചെ രണ്ടരമണിയോടെ പരപ്പനങ്ങാടി സിഐ ഹണി കെ ദാസിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അതിക്രമം നടത്തിയത്.


സൈതലവിയുടെ മകന്‍ സഹദിനെ അറസ്റ്റ് ചെയ്യുന്നതിനാണ് പോലിസ് എത്തിയത്. സിപിഎം പ്രവര്‍ത്തകനായ ഇയാള്‍ ലീഗുമായുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളാണ്. സഹദ് ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. പോലീസ് ബലം പ്രയോഗിച്ച് വീടിനകത്ത് കയറുകയും സഹദിന്റെ സഹോദരനായ ശിബിലിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. ഇത് ചോദ്യം ചെയ്ത സൈതലവിയെ സിഐയുടെ നേതൃത്വത്തില്‍ വഴിയിലൂടെ വാഹനത്തിലേക്ക് വിവസ്ത്രനാക്കി വലിച്ചിഴച്ചതായി നാട്ടുകാര്‍ പറഞ്ഞു.


വീടിന്റെ വാതില്‍ തകര്‍ത്തനിലയിലാണ്. കസേരകളും മേശയും തകര്‍ത്തിട്ടുണ്ട്. ഭക്ഷണസാധനങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലാണ്. പോലീസ് നടപടിക്കിടെ സൈതലവിയുടെ ഭാര്യ സുഹറ, രണ്ടര വയസ്സായ പേരമകള്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ പോലീസും നാട്ടുകാരും തമ്മിലും സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ സിഐ ഹണി കെ ദാസിനെ കൈയേറ്റം ചെയ്യുകയും രണ്ട് പോലീസ് കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


സംഭവത്തെ തുടര്‍ന്ന് പോലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞു പോലീസ് കസ്റ്റഡിയിലെടുത്ത ശിബിലിയെ വിട്ടയച്ചതിന് ശേഷമാണ് സംഘര്‍ഷത്തിന് അയവുവന്നത്. സംഘര്‍ഷത്തിനിടെ സൈതലവിയെ കാണാതായതും ആശങ്ക പടര്‍ത്തി. ഇയാള്‍ പോലീസിനെ ഭയന്ന് കടലില്‍ ചാടി നീന്തുകയായിരുന്നുവെന്നാണ് വിവരം. കൃത്യനിര്‍വ്വഹണം തടസ്സപെടുത്തി പ്രതിയെ വാഹനത്തില്‍ നിന്നും ഇറക്കികൊണ്ടുപോയി എന്നീ കുറ്റങ്ങള്‍ക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരപ്പനങ്ങാടി സി ഐ ഹണി കെ ദാസിനെതിരെ നേരത്തെയും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അന്വേഷണ വിധേയമായി ഹണി കെ ദാസിനെ സസ്‌പെന്റ് ചെയ്തിരുന്നു.







Next Story

RELATED STORIES

Share it