Latest News

കുഴൂർ സർക്കാർ സ്കൂളിൽ ഹയർ സെക്കന്ററി അനുവദിക്കുന്നില്ലെന്ന് പരാതി

കുഴൂർ സർക്കാർ സ്കൂളിൽ ഹയർ സെക്കന്ററി അനുവദിക്കുന്നില്ലെന്ന് പരാതി
X

മാള: കുഴൂർ സർക്കാർ ഹൈസ്‌കൂളിൽ ഹയർ സെക്കന്ററി അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാതെ സർക്കാരും ജനപ്രതിനിധികളും. ശതാബ്ദി ആഘോഷിച്ച് ആറ് വർഷമായ കുഴൂർ ഗവൺമെന്റ് ഹൈസ്‌കൂളിന് ഹയർ സെക്കന്ററി അനുവദിക്കണമെന്ന ആവശ്യത്തിനു നേരെയാണ് ബന്ധപ്പെട്ടവരെല്ലാം പുറംതിരിഞ്ഞ് നിൽക്കുന്നത്. കുഴൂർ ഗ്രാമപഞ്ചായത്തിന്റ സിരാകേന്ദ്രമായ പാറപ്പുറത്ത് പ്രവർത്തിക്കുന്ന വിദ്യാലയത്തിലേക്ക് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും എളുപ്പത്തിൽ എത്താനുള്ള സൗകര്യങ്ങളുണ്ട്.

ഗ്രാമപഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ബസ്സുകളിൽ 95 ശതമാനത്തിലധികവും കടന്നുപോകുന്നത് സ്‌കൂളിന് മുന്നിലൂടെയുള്ള കൊടുങ്ങല്ലൂർ-പൊയ്യ-പൂപ്പത്തി-എരവത്തൂർ-നെടുമ്പാശ്ശേരി എയർപോർട്ട് റോഡിലൂടെയാണ്. ഹയർ സെക്കന്ററി ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട്. അത്യാവശ്യത്തിന് ക്ലാസ് മുറികളും ലാബിനാവശ്യമായ സൗകര്യങ്ങളും ശുചിമുറികളും മറ്റും വിദ്യാലയത്തിലുണ്ട്.

അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ നല്ല രീതിയിലുള്ള പഠന നിലവാരവും പുലർത്തി വരുന്ന വിദ്യാലയമാണിത്. പരിസ്ഥിതി സൗഹൃദപരമായതും ഔഷധ സസ്യങ്ങളാലും നിറഞ്ഞതാണ് സ്‌കൂൾ കോംപൗണ്ട്. ഇവിടെ പതിറ്റാണ്ടുകൾക്ക് മുൻപ് യാഥാർത്ഥ്യമായ ജൈവ വൈവിധ്യ പാർക്ക് കഴിഞ്ഞ വർഷമാണ് സർക്കാർ വ്യാപകമായി നടപ്പാക്കണമെന്ന് പറയുന്നത്. പതിറ്റാണ്ടിലേറെയായി സ്‌കൂൾ പി ടി എയും നാട്ടുകാരും നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതാണ് സ്‌കൂളിന് ഹയർ സെക്കന്ററി അനുവദിക്കണമെന്ന ആവശ്യം. തുടർച്ചയായി എസ് എസ് എൽ സി ബാച്ചുകൾ നൂറ് ശതമാനവും മികച്ചതുമായ വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന സ്‌കൂളിന് ഹയർ സെക്കന്ററി അനുവദിക്കാമെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ടി എൻ പ്രതാപൻ എം എൽ എ സ്‌കൂളിലെ ചടങ്ങിൽ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അക്കാര്യത്തിൽ യാതൊരു നീക്കവും നടന്നില്ല. ഇരുപത്തിനാല് വർഷം മുൻപ് കുഴൂർ ഗവൺമെന്റ് ഹൈസ്‌കൂളിന് അനുവദിക്കപ്പെട്ട ഹയർ സെക്കന്ററിയാണ് ഐരാണിക്കുളം ഗവൺമെന്റ് ഹൈസ്‌കൂളിലേക്ക് പോയത്. 2500 കുട്ടികൾ വരെയുണ്ടായിരുന്ന കുഴൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽ ഹയർ സെക്കന്ററി കൂടി ആരംഭിക്കാനാവശ്യമായത്ര അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമായിരുന്നു കാരണം.

എന്നാൽ അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ തള്ളിക്കയറ്റം മൂലം സ്‌കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും കുറഞ്ഞു വന്നു. വർഷങ്ങളായി വളരെ കുറച്ച് വിദ്യാർത്ഥികളാണ് സ്‌കൂളിലുള്ളത്. അഡ്മിഷൻ വർദ്ധിപ്പിക്കാനുള്ള അദ്ധ്യാപകരുടേയും പി ടി എ യുടേയും നിരന്തര ശ്രമവും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചതിനാലും ഏതാനും വർഷങ്ങളായി അഡ്മിഷൻ കൂടി വരുന്നുണ്ട്. ഹൈസ്‌കൂളിലേക്ക് കുട്ടികളെ എത്തിക്കാനായി ആവശ്യമായ വാഹനങ്ങൾ 2015 മുതൽ ഓടുന്നുണ്ട്. ഹയർ സെക്കന്ററി കൂടി വന്നാൽ പഴയ അവസ്ഥയിലേക്ക് സ്‌കൂളിനെ എത്തിക്കാമെന്നാണ് പ്രതീക്ഷ.

നിവേദനങ്ങളുടെ ഫലമായി 2017-18 അധ്യയന വർഷത്തിൽ ജില്ലാ വിദ്യഭ്യാസ ഓഫിസിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വന്നിരുന്നു. അവക്ക് കൃത്യമായി ഉത്തരങ്ങൾ നൽകുകയുമുണ്ടായി. പിന്നീട് യാതൊരു നീക്കവും ഉണ്ടായിരുന്നില്ല. സ്‌കൂളിലെ പി ടി എ വൈസ് പ്രസിഡന്റായ സലിം എരവത്തൂർ 2019 മെയ് 13 ന് വാർത്താ പകർപ്പടക്കം വിദ്യഭ്യാസ വകുപ്പുമന്ത്രിക്ക് നിവേദനം നൽകിയിരുന്നെങ്കിലും അതിലും നീക്കങ്ങളുണ്ടായില്ല. ക്ലാസ്സുകൾ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Next Story

RELATED STORIES

Share it