Latest News

ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലെ ശാരീരികബന്ധം പീഡനമായി പരിഗണിക്കാനാവില്ലെന്ന് സുപ്രിം കോടതി

നിയമപ്രകാരം വിവാഹിതരാവാതെ ഒരുമിച്ച് കഴിയുകയും പിന്നീട് പ്രത്യേക കാരണങ്ങളാല്‍ പുരുഷന് വിവാഹം കഴിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ നേരത്തേയുള്ള ബന്ധത്തെ ബലാല്‍സംഗ പരിധിയില്‍ പെടുത്താനാവില്ലെന്നും ഇക്കാര്യത്തില്‍ പീഡനത്തിന് കേസെടുക്കാനാവില്ലെന്നുമാണ് സുപ്രിംകോടതി വ്യക്തമാക്കിയത്.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലെ  ശാരീരികബന്ധം പീഡനമായി  പരിഗണിക്കാനാവില്ലെന്ന് സുപ്രിം കോടതി
X
ന്യൂഡല്‍ഹി: ലിവ് ഇന്‍ റിലേഷനിലുള്ള പങ്കാളികളുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാല്‍സംഗമായി പരിഗണിക്കാനാവില്ലെന്ന് സുപ്രിംകോടതി. നിയമപ്രകാരം വിവാഹിതരാവാതെ ഒരുമിച്ച് കഴിയുകയും പിന്നീട് പ്രത്യേക കാരണങ്ങളാല്‍ പുരുഷന് വിവാഹം കഴിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ നേരത്തേയുള്ള ബന്ധത്തെ ബലാല്‍സംഗ പരിധിയില്‍ പെടുത്താനാവില്ലെന്നും ഇക്കാര്യത്തില്‍ പീഡനത്തിന് കേസെടുക്കാനാവില്ലെന്നുമാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. വിവാഹിതരാവാതെ ഒരുമിച്ച് കഴിയുന്നതിന് നിയമപരിരക്ഷയില്ലെങ്കിലും നിയമത്തിനെതിരല്ലെന്നും ജസ്റ്റിസുമാരായ എ കെ സിക്രി, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നിട് പ്രത്യേക സാഹചര്യത്തില്‍ പുരുഷന്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്താല്‍ അത് പീഢനമായി കണക്കാക്കാനാവില്ല.ഇത്തരം കേസുകള്‍ വിവാഹ വാഗ്ദാനം നല്കി വഞ്ചനയല്ലെന്നും കോടതി വ്യക്തമാക്കി. പീഡനവും സമ്മതത്തോടെ ഉള്ള ലൈംഗികബന്ധവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇത്തരം കേസുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും കോടതി വ്യക്തമാക്കി. ആരോപണവിധേയന് യഥാര്‍ത്ഥത്തില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടോ അതോ ചതിക്കാനുള്ള ഉദ്ദേശത്താലാണോ വിവാഹ വാഗ്ദാനം നല്കിയതെന്ന് കോടതി പരിശോധിക്കണം.

വ്യാജ വാഗ്ദാനവും വാക്ക് പാലിക്കാന്‍ സാധിക്കാത്തതും വ്യത്യസ്ഥമാണ്. കുറ്റാരോപിതന്‍ വിവാഹ വാഗ്ദാനം നല്കിയത് സദുദ്ദേശത്തോടെയാണെങ്കില്‍ സാഹചര്യം മൂലം വിവാഹം കഴിക്കാന്‍ സാധിക്കാതെ വരുന്നത് പീഡനമാവില്ല. ഇത്തരം കേസില്‍ പുരുഷന് ന്യായികരിക്കാവുന്ന കാരണങ്ങള്‍ ഉണ്ടെങ്കില്‍ കേസ് പ്രത്യക തരത്തില്‍ പരിഗണിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.മഹാരാഷ്ട്ര സ്വദേശിയായ ഡോക്ടര്‍ക്കെതിരെ നഴ്‌സായ സഹപ്രവര്‍ത്തക നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. ലിവ് ഇന്‍ റിലേഷനിലായിരുന്ന ഇരുവരും വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും എന്നാല്‍ ഡോക്ടര്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്‌തെന്നുമായിരുന്നു യുവതിയുടെ പരാതി.



Next Story

RELATED STORIES

Share it