Latest News

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുതിയ ആസ്ഥാന മന്ദിരം നിര്‍മാണോദ്ഘാടനം ഏപ്രില്‍ 1ന്

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുതിയ ആസ്ഥാന മന്ദിരം നിര്‍മാണോദ്ഘാടനം ഏപ്രില്‍ 1ന്
X

കണ്ണൂര്‍: കോര്‍പറേഷന്‍ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം ഏപ്രില്‍1 ന് വൈകീട്ട് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍ അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ എം പി കെ.സുധാകരന്‍, എം എല്‍ എ മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ ഐഎഎസ് എന്നിവര്‍ പങ്കെടുക്കും. മുന്‍ മേയര്‍മാരായ സുമാ ബാലകൃഷ്ണന്‍, സി.സീനത്ത്, ഇ.പി.ലത, കൗണ്‍സിലില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ ജില്ലാതല നേതാക്കള്‍ മുതലായവര്‍ സംബന്ധിക്കും.

കേരളത്തിലെ ഏറ്റവും പഴക്കമുള്ള നഗരസഭകളിലൊന്നായായിരുന്ന കണ്ണൂരിനോട് പള്ളിക്കുന്ന്, പുഴാതി, ചേലോറ, എളയാവൂര്‍, എടക്കാട് എന്നീ ഗ്രാമ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് കേരളത്തിലെ ആറാമത് കോര്‍പ്പറേഷനായി രൂപീകരിച്ചത് 2015 നവമ്പര്‍ 1 ന് ആണ്. കോര്‍പ്പറേഷന്‍ എന്ന നിലയില്‍ രണ്ടാമത്തെ കൗണ്‍സിലാണ് ഇപ്പോഴുളളത്.

കോര്‍പറേഷന്‍ രൂപവല്‍ക്കരിച്ചതിനു ശേഷം കൗണ്‍സില്‍ നേരിട്ട പ്രധാന വെല്ലുവിളി പുതുതായി അനുവദിച്ച ജീവനക്കാരടക്കമുള്ളവരെ ഉള്‍ക്കൊള്ളുവാന്‍ ഉതകുന്ന രീതിയിലുള്ള ആസ്ഥാന മന്ദിരത്തിന്റെ അഭാവമാണ്. മുനിസിപ്പാലിറ്റിയുടെ ആസ്ഥാനമായിരുന്ന അമ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള സുഭാഷ് ബില്‍ഡിംഗ് പുനര്‍നിര്‍മ്മിക്കുന്നതിന് 2014-15 വര്‍ഷത്തില്‍ അന്നത്തെ മുനിസിപ്പാലിറ്റി ആലോചിക്കുകയും ഡിസൈനും എസ്റ്റിമേറ്റും അടക്കമുള്ള വിശദാംശങ്ങള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2015 നവംബറില്‍ കോര്‍പറേഷന്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് പ്രസ്തുത ഡിസൈനും എസ്റ്റിമേറ്റും മാറിയ സാഹചര്യത്തിനുസരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പരിഷ്‌ക്കരിക്കുകയും 52 കോടി രൂപയുടെ വിശദമായ പദ്ധതി രേഖ അംഗീകാരത്തിനായി സര്‍ക്കാറിലേക്ക് അയക്കുകയും ചെയ്തിരുന്നു.

പുതിയ കൗണ്‍സില്‍ ആസ്ഥാന മന്ദിര നിര്‍മാണത്തിന് ഉയര്‍ന്ന പരിഗണന നല്‍കി. നഗരസഭകള്‍ക്കു ഓഫിസ് ബില്‍ഡിംഗ് പണിയുന്നതിനായി സര്‍ക്കാര്‍ നീക്കിവെച്ച 100 കോടി രൂപയുടെ ബജറ്റ് വിഹിതത്തില്‍ നിന്നും തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന് 25.6 കോടി രൂപയുടെ കിഫ്ബി ഫണ്ട് അനുവദിച്ചു. 2021 ഡിസംബര്‍ അവസാനം പ്രവര്‍ത്തി ടെണ്ടര്‍ ചെയ്തു. യുഎല്‍സിസിഎസ് ആണ് പ്രവര്‍ത്തി ഏറ്റെടുത്തിട്ടുള്ളത്. ഒന്നര വര്‍ഷം കൊണ്ട് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാമെന്നാണ് പ്രതീക്ഷ.

പഴയ ടൗണ്‍ ഹാള്‍ നിന്നിരുന്ന സ്ഥലത്ത് ആകെ അഞ്ചു നിലകളുള്ള കെട്ടിടത്തില്‍ 2 നിലകള്‍ പാര്‍ക്കിങ്ങിനായി മാറ്റിവയ്ക്കും. ഭാവിയില്‍ മൂന്ന് നിലകള്‍ കൂടി നിര്‍മിക്കാന്‍ പറ്റുന്ന രീതിയിലാണ് ഫൗണ്ടേഷന്‍ ഒരുക്കുന്നത്. ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ 250 ഓളം വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. 8521.86 ച.മീറ്ററാണ് കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണ്ണം. ആധുനിക രീതിയിലുള്ള കൗണ്‍സില്‍ ഹാളില്‍ 100 കൗണ്‍സിലര്‍മാരെ ഉള്‍ക്കൊള്ളാവുന്ന രീതിയിലുള്ള കൗണ്‍സില്‍ ഹാള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളും ആസ്ഥാന മന്ദിരത്തില്‍ ഉണ്ടാകും.

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍കോണ്‍സ് എന്ന ഡിസൈന്‍ സ്ഥാപനമാണ് കെട്ടിടത്തിന്റെ വിശദമായ രൂപരേഖയും പദ്ധതി രേഖയും തയ്യാറാക്കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it