Latest News

കൊവിഡ്: ഇന്ത്യക്ക് ആശ്രയമായത് മുന്‍ പ്രധാനമന്ത്രിമാര്‍ സൃഷ്ടിച്ച ആരോഗ്യ സംവിധാനങ്ങള്‍; കോണ്‍ഗ്രസ്സ് പ്രധാനമന്ത്രിമാരെ ശ്ലാഘിച്ച് ശിവസേന മുഖപത്രം

കൊവിഡ്: ഇന്ത്യക്ക് ആശ്രയമായത് മുന്‍ പ്രധാനമന്ത്രിമാര്‍ സൃഷ്ടിച്ച ആരോഗ്യ സംവിധാനങ്ങള്‍; കോണ്‍ഗ്രസ്സ് പ്രധാനമന്ത്രിമാരെ ശ്ലാഘിച്ച് ശിവസേന മുഖപത്രം
X

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് രാജ്യത്തിന് ആശ്രയമായത് മുന്‍കാലത്തെ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും നെഹ്രുവും സൃഷ്ടിച്ച ആരോഗ്യ സംവിധാനങ്ങളാണെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലിലാണ് ശിവസേന മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെയും പ്രധാനമന്ത്രിമാരെയും അഭിനന്ദിച്ചത്. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതിനെക്കുറിച്ചാണ് എഡിറ്റോറിയല്‍.

''രാജ്യം ഇപ്പോള്‍ അതിജീവിക്കുന്നത് പണ്ഡിറ്റ് നെഹ്രു, ലാല്‍ഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പി വി നരസിംഹറാവു, മന്‍മോഹന്‍ സിങ് എന്നിവര്‍ നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ സൃഷ്ടിച്ച ആരോഗ്യസംവിധാനങ്ങളും അതുണ്ടാക്കിയ ആത്മവിശ്വാസം കൊണ്ടുമാണ്''- എഡിറ്റോറിയലില്‍ എഴുതി.

സെന്‍ട്രല്‍ വിസ്ത പ്രൊജക്റ്റിനുവേണ്ടി കോടിക്കണക്കിനു രൂപ ചെലവഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയും ലേഖനം പരാമര്‍ശിക്കുന്നുണ്ട്. ലോകത്തെ സാധാരണ രാജ്യങ്ങള്‍ പോലും ഇന്ത്യക്ക് സഹായം എത്തിക്കുമ്പോള്‍ കേന്ദ്ര വിസ്ത പദ്ധതിക്ക് പണം മുടക്കുന്നതിനെയും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.

''ബംഗ്ലാദേശ് 10,000 റെംഡെസിവിര്‍ വയലുകള്‍ അയച്ചു. ഭൂട്ടാന്‍ മെഡിക്കല്‍ ഓക്‌സിജന്‍ അയച്ചു. നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക പോലും ആത്മനിര്‍ഭര്‍ ഇന്ത്യയിലേക്ക് സഹായം നല്‍കി. പാവപ്പെട്ട രാജ്യങ്ങള്‍ പോലും അവരുടേതായ രീതിയില്‍ നമ്മെ സഹായിക്കുന്നു. അപ്പോഴും പ്രധാനമന്ത്രി മോദി 20,000 കോടി രൂപയുടെ തന്റെ സ്വപ്‌ന പദ്ധതിയായ കേന്ദ്ര വിസ്ത പ്രൊജക്റ്റ് നിര്‍ത്തിവയ്ക്കാന്‍ തയ്യാറില്ല''-എഡിറ്റോറിയില്‍ എഴുതി.

3.2 കിലോമീറ്റര്‍ ചുറ്റളവിലുള്ള പാര്‍ലമെന്റ് നിര്‍മാണ പദ്ധതിയാണ് കേന്ദ്ര വിസ്ത പ്രൊജക്റ്റ്. പ്രധാനമന്ത്രിയുടെയും വൈസ് പ്രസിഡന്റിന്റെയും നിര്‍മാണം 2022ന് അവസാനിക്കും.

കൊവിഡ് രണ്ടാം തരംഗം ലോകത്ത് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

Next Story

RELATED STORIES

Share it