Latest News

കൊവിഡ് രണ്ടാം തരംഗം വ്യത്യസ്തം; ഗ്രാമീണ മേഖലയിലേക്കും രോഗവ്യാപനമുണ്ടാവുമെന്ന് മുഖ്യമന്ത്രി

കൊവിഡ് രണ്ടാം തരംഗം വ്യത്യസ്തം; ഗ്രാമീണ മേഖലയിലേക്കും രോഗവ്യാപനമുണ്ടാവുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമാണെന്നും ഗ്രാമീണ മേഖലകളില്‍ രോഗവ്യാപനത്തിന് സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലാന്‍സെറ്റ് ഗ്‌ളോബല്‍ ഹെല്‍ത്ത് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇന്ത്യയില്‍ മരണങ്ങള്‍ വര്‍ധിക്കാന്‍ ഇതു കാരണമാകും. കേരളത്തിലെയും പ്രവണതകള്‍ ഇതേ മട്ടിലാണെന്നും കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

''വ്യക്തമാക്കുന്നത് ഒന്നാമത്തെ തരംഗത്തില്‍ നിന്നും വ്യത്യസ്തമായി നഗരങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ ഗ്രാമീണ മേഖലകളിലേയ്ക്ക് കൂടി ഇന്ത്യയിലെ കൊവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചു എന്നാണ്. ഇന്ത്യയില്‍ ഇത്തവണ മരണങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇതു കാരണമായതായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ആരോഗ്യസംവിധാനങ്ങളുടെ ദൗര്‍ലഭ്യം ഈ സ്ഥിതിവിശേഷത്തെ കൂടുതല്‍ ഗുരുതരമാക്കിയിരിക്കുന്നത്. പഞ്ചാബില്‍ 80 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ ലക്ഷണങ്ങള്‍ വളരെ കൂടിയ ഘട്ടത്തിലാണ് ചികിത്സ തേടിയെത്തിയത് എന്നും പഠനം വ്യക്തമാക്കുന്നു'' മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലും രണ്ടാമത്തെ തരംഗത്തില്‍ ഗ്രാമീണ മേഖലകളില്‍ മുന്‍പുള്ളതിനേക്കാള്‍ കേസുകള്‍ കൂടുന്ന പ്രവണത കാണുന്നുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം നഗര-ഗ്രാമ അന്തരം താരതമ്യേന കുറവാണെന്നതും, ഗ്രാമീണ മേഖലകളിലും ആരോഗ്യ സംവിധാനങ്ങള്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികച്ച രീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതും ആശ്വാസകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും നഗരങ്ങളിലുള്ളതു പോലെത്തന്നെ ശക്തമായ നിയന്ത്രണങ്ങള്‍ ഗ്രാമ പ്രദേശങ്ങളിലും അനിവാര്യമാണെന്നാണ് ഈ വസ്തുത വ്യക്തമാക്കുന്നത്. അതുകൊണ്ട് നിയന്ത്രണങ്ങള്‍ വിട്ടു വീഴ്ചയുമില്ലാതെ ഗ്രാമപ്രദേശങ്ങളിലും നടപ്പിലാക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അക്കാര്യം ഉറപ്പു വരുത്തണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it