Latest News

രാജ്യസഭാ സീറ്റിനായി സിപിഐ: എല്ലാവര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്ന് കോടിയേരി

എല്‍ഡിഎഫിന് ലഭിക്കുന്ന രണ്ടു സീറ്റില്‍ ഒരെണ്ണം വേണമെന്ന് സിപിഐ

രാജ്യസഭാ സീറ്റിനായി സിപിഐ: എല്ലാവര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്ന് കോടിയേരി
X

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണത്തില്‍ സിപിഐ അവകാശവാദമുന്നയിക്കും എന്നതിനോട് പ്രതികരിച്ച് സിപിഎം. എല്ലാവര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. വിഷയം മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി ശശി മുഖ്യന്ത്രിയുടെ ഓഫിസില്‍ എത്തുമോ എന്ന ചോദ്യത്തിന് അതൊക്കെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

കേരളത്തില്‍ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 31ന് നടക്കും. എല്‍ഡിഎഫിന് ലഭിക്കുന്ന രണ്ടു സീറ്റില്‍ ഒരെണ്ണം വേണമെന്ന് സിപിഐ അവകാശവാദം ഉന്നയിക്കും. തോമസ് ഐസക് അടക്കമുള്ളവര്‍ സിപിഎം പരിഗണനയിലുണ്ട്. മത്സരിക്കാനില്ലെന്ന് എ കെ ആന്റണി നേരത്തെ അറിയിച്ച സാഹചര്യത്തില്‍ പകരക്കാരനാകാന്‍ കോണ്‍ഗ്രസ്സില്‍ നിരവധി പേരെ ആലോചിക്കുന്നുണ്ട്.

എ കെ ആന്റണി, സോമപ്രസാദ്, എം വി ശ്രേയാംസ്‌കുമാര്‍ എന്നിവരുടെ കാലാവധി തീരുന്ന ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. സഭയിലെ അംഗസംഖ്യ അനുസരിച്ച് രണ്ട് സീറ്റ് എല്‍ഡിഎഫിനും ഒന്ന് യുഡിഎഫിനുമാണ്. തോമസ് ഐസക്, വിജുകൃഷ്ണന്‍, വിപി സാനു, ചിന്താ ജെറോം തുടങ്ങിയ പേരുകള്‍ സിപിഎം നിരയില്‍ ചര്‍ച്ചയിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ഐസകിനെ രാജ്യസഭയിലേക്ക് പരിഗണിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാജ്യസഭയില്‍ ശക്തമായ ശബ്ദമുയര്‍ത്താന്‍ ഐസക്കാവും കൂടുതല്‍ നല്ലതെന്ന ചിന്ത പാര്‍ട്ടിയിലുണ്ട്.

ശ്രേയാംസ്‌കുമാറിന്റെ സീറ്റ് അദ്ദേഹത്തിന് തന്നെ വീണ്ടും നല്‍കണമെന്ന് എല്‍ജെഡി ആവശ്യപ്പെടും. ഇക്കാര്യത്തില്‍ സിപിഎം നിലപാടാണ് പ്രധാനം. കഴിഞ്ഞ വട്ടം രണ്ട് സീറ്റും സിപിഎം ഏറ്റെടുത്ത സാഹചര്യത്തില്‍ ഇത്തവണ ഒരെണ്ണത്തിന് സിപിഐ അവകാശവവാദം ഉന്നയിക്കും. ഇനി മത്സരിക്കാനില്ലെന്നും കേരളത്തിലേക്ക് മടങ്ങുകയാണെന്നും നേരത്തെ എ കെ ആന്റണി ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ആന്റണി മാറുമ്പോള്‍ ആരെന്ന് ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് കോണ്‍ഗ്രസ്സിനു മുന്നിലെ വെല്ലുവിളി. മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇടത് ചേരി വിട്ട് കോണ്‍ഗ്രസ്സിലേക്ക് എത്തിയ ചെറിയാന്‍ ഫിലിപ്പ്, വി ടി ബല്‍റാം തുടങ്ങിയ പേരുകള്‍ സജീവമാണ്. തൃക്കാക്കര ഉപതിരഞ്ഞെുപ്പില്‍ ഉമാ തോമസ് ഇല്ലെങ്കില്‍ ബല്‍റാമിനെ അവിടെ ഇറക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിലെ ചര്‍ച്ചയോടെ അന്തിമ തീരുമാനത്തിലെക്കെത്തും. മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണെങ്കില്‍ വോട്ടെടുപ്പ് ഉണ്ടാകില്ല. കേരളത്തിനൊപ്പം അഞ്ച് സംസ്ഥാനങ്ങളിലും 31ന് രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് നടക്കും.

Next Story

RELATED STORIES

Share it