Latest News

'ഐസൊലേഷന്‍' ലംഘിച്ചുവെന്നാരോപിച്ച് പോലിസ് പീഡനം; യുപിയില്‍ ദലിത് യുവാവ് ജീവനൊടുക്കി

രോഷന്‍ലാലിന്റെ മരണശേഷം അനൂപ്കുമാര്‍ സിങ്ങിനെതിരേ കുടുംബം പരാതി കൊടുത്തെങ്കിലും യുപി പോലിസ് എഫ്‌ഐആര്‍ ചുമത്താന്‍ തയ്യാറായില്ല.

ഐസൊലേഷന്‍ ലംഘിച്ചുവെന്നാരോപിച്ച് പോലിസ് പീഡനം; യുപിയില്‍ ദലിത് യുവാവ് ജീവനൊടുക്കി
X

ലഖ്‌നോ: ഐസൊലേഷന്‍ നിര്‍ദേശം ലംഘിച്ചുവെന്ന് ആരോപിച്ച് പോലിസ് പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുപിയിലെ ലക്ഷ്മിപൂര്‍ ജില്ലയില്‍ ദലിത് യുവാവ് ആത്മഹത്യ ചെയ്തു. ലക്ഷ്മിപൂരിലെ പിപരിയ ഗ്രാമത്തിലെ രോഷന്‍ ലാല്‍ എന്ന ദിവസത്തൊഴിലാളിയാണ് ആത്മഹത്യ ചെയ്തത്.

കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ആറ് ദിവത്തിനു ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് രോഷന്‍ലാല്‍ ഗ്രാമത്തിലേക്ക് മടങ്ങിയത്. വന്ന ശേഷം പഞ്ചായത്ത് അധികാരികള്‍ നിര്‍ദേശിച്ചതനുസരിച്ച് ഗ്രാമത്തിലെ തന്നെ സ്‌കൂളിലാണ് കഴിഞ്ഞിരുന്നത്.

ആത്മഹത്യക്കു തൊട്ട് മുമ്പ് രോഷന്‍ലാല്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച ഓഡിയോ ക്ലിപ്പില്‍ താന്‍ അനുഭവിച്ച മാനസിക, ശാരീരിക പീഡനങ്ങള്‍ വിവരിക്കുന്നുണ്ട്.

''നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ എന്റെ പാന്റ് പൊക്കിനോക്കു. അവിടെ രക്തം കട്ടിപിടിച്ചിരിക്കുന്നത് കാണാം. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്. എനിക്കിനി ജീവിക്കണ്ട. എന്റെ കൈയൊടിഞ്ഞു. ഇതുകൊണ്ട് ഇനി ഞാന്‍ എന്തുചെയ്യാനാണ്?'' ശബ്ദരേഖയില്‍ രോഷന്‍ ലാല്‍ കരഞ്ഞുകൊണ്ട് പറയുന്നു.

രോഷന്‍ ലാന്‍ മൂന്ന് ഓഡിയോ മെസേജുകളാണ് അയച്ചിട്ടുള്ളത്. ഇത്രയൊക്കെയായിട്ടും എന്നെ സഹായിക്കാന്‍ ആരും വന്നില്ല. അതാണ് ഞാന്‍ ഈ കടുത്ത കൈ ചെയ്യുന്നതെന്നാണ് ഒന്നില്‍ പറയുന്നത്.

ഓഡിയോ ക്ലിപ്പില്‍ തന്റെ അവസാന ആഗ്രഹവും രോഷന്‍ ലാല്‍ പറയുന്നുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കിടക്കുന്ന 80000 രൂപയും അലഹബാദ് ബാങ്കിലെ 20000 രൂപയും അമ്മയ്ക്കു കൊടുക്കണമെന്ന് യുവാവ് അപേക്ഷിക്കുന്നു. കോണ്‍ട്രാക്ടര്‍ക്ക് അയച്ച മെസേജില്‍ അദ്ദേഹം നല്‍കാനുള്ള 25000 രൂപയും അമ്മയ്ക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

തന്നെ മര്‍ദ്ദിച്ച പോലിസുകാരന്‍ അനൂപ് കുമാര്‍ സിങ്ങിനെ ശിക്ഷിക്കണമെന്നും തന്റെ ശരീരത്തില്‍ രക്തം കനത്തു കിടക്കുകയാണെന്നും രോഷന്‍ലാല്‍ മറ്റൊരു ക്ലിപ്പില്‍ പറഞ്ഞു. തന്റെ ആത്മഹത്യക്ക് കാരണം അനൂപ് കുമാര്‍ സിങ്ങാണെന്നും അതില്‍പറയുന്നുണ്ട്.

വീട്ടില്‍ കഴിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ട് താന്‍ ധാന്യമാവ് വാങ്ങാന്‍ പുറത്തിറങ്ങിയതാണെന്നും അത് കണ്ടുവന്ന അനൂപ് കുമാര്‍ സിങ് തന്നെ മര്‍ദ്ദിച്ച് കൈയൊടിച്ചെന്നും ലോഷന്‍ലാല്‍ തന്നെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ക്ലിപ്പില്‍ പറയുന്നു.

രോഷന്‍ലാലിന്റെ മരണശേഷം അനൂപ്കുമാര്‍ സിങ്ങിനെതിരേ കുടുംബം പരാതി കൊടുത്തെങ്കിലും യുപി പോലിസ് എഫ്‌ഐആര്‍ ചുമത്താന്‍ തയ്യാറായില്ല. കൊവിഡ് 19 ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം നടന്ന നാലാമത്തെ ആത്മഹത്യയാണ് ഇത്.

കാണ്‍പൂരില്‍ കൊവിഡ് ബാധിച്ചുവെന്ന് ഭയന്ന് ഒരു യുവാവ് ചൊവ്വാഴ്ച ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി മറ്റ് രണ്ട് യുവാക്കളും രോഗം പിടിപെട്ടുവെന്ന ഭയം മൂലം ആത്മഹത്യ ചെയ്തിരുന്നു.

ദലിത് യുവാവിന്റെ ആത്മഹത്യയില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഐപിസി 302 പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ആവശ്യം.

Next Story

RELATED STORIES

Share it