Latest News

ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ വധ ഭീഷണി ഞെട്ടിപ്പിക്കുന്നത്: ഡിവൈഎഫ്‌ഐ

സമീപ കാലങ്ങളില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ ജമാഅത്തെ ഇസ്‌ലാമി വല്‍ക്കരണത്തെ സമുദായത്തിനുള്ളില്‍ തുറന്നെതിര്‍ത്ത സുന്നി മത പണ്ഡിതരില്‍ പ്രധാനിയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്

ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ വധ ഭീഷണി ഞെട്ടിപ്പിക്കുന്നത്: ഡിവൈഎഫ്‌ഐ
X

കോഴിക്കോട്: കേരളത്തിലെ മുസ്‌ലിം മത പണ്ഡിതരില്‍ പ്രധാനിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷനുമായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ വധ ഭീഷണി ഞെട്ടിപ്പിക്കുന്നതും പ്രതിഷേധാര്‍ഹവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

സമീപ കാലങ്ങളില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ ജമാഅത്തെ ഇസ്‌ലാമി വല്‍ക്കരണത്തെ സമുദായത്തിനുള്ളില്‍ തുറന്നെതിര്‍ത്ത സുന്നി മത പണ്ഡിതരില്‍ പ്രധാനിയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഏറ്റവുമൊടുവില്‍ വഖഫ് വിഷയത്തില്‍ സര്‍ക്കാരിനെതിരേ വര്‍ഗ്ഗീയ പ്രചരണം ഏറ്റെടുത്ത് വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച മുസ്‌ലിം ലീഗിന്റെ ശ്രമങ്ങളുടെ മുനയൊടിച്ച പ്രസ്താവനകളാണ് ജിഫ്രി തങ്ങളില്‍ നിന്നുണ്ടായതെന്നും പ്രസ്താവനയില്‍ പറയുന്നു.

മത രാഷ്ട്ര വാദികളായ ജമാ അത്തെ ഇസ്ലാമിയുമൊത്ത് ചേര്‍ന്ന് കേരളത്തിലെ മതനിരപേക്ഷ വാദികളായ പാരമ്പര്യ മുസ്‌ലിങ്ങളെ വര്‍ഗ്ഗീയ വല്‍ക്കരിക്കാനുള്ള ലീഗ് ശ്രമങ്ങളില്‍ പരസ്യമായ അസ്വസ്ഥത പ്രകടിപ്പിച്ച ജിഫ്രി തങ്ങള്‍ തനിക്ക് നേരെയുണ്ടായ അസഭ്യ വര്‍ഷത്തേയും പരിഹാസങ്ങളേയും കുറിച്ച് മുന്നേ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അവിടെ നിന്ന് ഒരു പടി കൂടി കടന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന് നേരെയുണ്ടായ വധ ഭീഷണിയെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

തങ്ങളുടെ ആജ്ഞാനുവര്‍ത്തിയായി നില്‍ക്കാത്ത ഏത് മത സംഘടനയ്ക്കും, പണ്ഡിതര്‍ക്കും നേരെയും ആയുധമെടുക്കാന്‍ മടിക്കില്ലെന്ന സന്ദേശമാണ് മുസ്‌ലിം ലീഗ് ഇതിലൂടെ നല്‍കുന്നത്. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഇ കെ വിഭാഗം സമസ്ത പണ്ഡിതന്മാരുടെ അധ്യക്ഷന് തന്നെ ലീഗിന്റെ വര്‍ഗ്ഗീയ നിലപാടുകളോടുള്ള ചെറിയൊരു വിമര്‍ശനത്തില്‍ തന്നെ വധ ഭീഷണി ലഭിക്കുന്നത് കേരളത്തിലെ മുസ്‌ലിം പണ്ഡിത സമൂഹവും പൊതു സമൂഹവും ഗൗരവത്തോടെ കാണണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ആരാധനാലങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള ലീഗിന്റെ തീരുമാനത്തെ ശരിയായ നിലപാടിലൂടെ തകര്‍ത്തത് ജിഫ്രി തങ്ങള്‍ ആയിരുന്നു. മതവിശ്വാസികളെ വര്‍ഗ്ഗീയവല്‍ക്കരിച്ച് നാടിനെ കലാപത്തിലേക്ക് തള്ളിവിട്ട് അരക്ഷിതാവസ്ഥ തീര്‍ക്കുക എന്ന അജണ്ടയാണ് അദ്ദേഹം ഇല്ലാതാക്കിയത്.മത രാഷ്ട്രീയവാദികളായ വര്‍ഗ്ഗീയ ശക്തികളുമായി ചേര്‍ന്ന് സങ്കുചിത താല്പര്യം നടത്തിയെടുക്കാന്‍ ശ്രമിക്കുന്ന മുസ്‌ലിം ലീഗിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന മത പണ്ഡിതര്‍ക്ക് നേരെയുള്ള ഭീഷണികളെ ഡിവൈഎഫ്‌ഐ ഗൗരവത്തോടെ കാണുന്നു. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നേരെയുണ്ടായ വധ ഭീഷണിയെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

Next Story

RELATED STORIES

Share it