Latest News

മ്യാന്‍മറിലെ ഭൂകമ്പത്തില്‍ മരണം 3000 കടന്നു

മ്യാന്‍മറിലെ ഭൂകമ്പത്തില്‍ മരണം 3000 കടന്നു
X


മ്യാന്‍മര്‍: മ്യാന്‍മറിലെ ഭൂകമ്പത്തില്‍ മരണം 3000 കടന്നു. മരിച്ചവരുടെ എണ്ണം 3,085 ആയി ഉയര്‍ന്നതായും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും രാജ്യത്തെ ഭരണകക്ഷിയായ സൈനിക ഭരണകൂടം സ്ഥിരീകരിച്ചു. 341 പേരെ കാണാതായതായും 4,715 പേര്‍ക്ക് പരിക്കേറ്റതായും സൈനിക വക്താവ് സാവ് മിന്‍ ടുണ്‍ പറഞ്ഞു.

ഇന്ത്യയടക്കം 17 രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും സഹായ പ്രവര്‍ത്തകരും 1,000 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചു.മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഇതിനകം തന്നെ ,ദീര്‍ഘകാല സംഘര്‍ഷത്താല്‍ കൂടുതല്‍ വഷളായ മ്യാന്‍മറിന്റെ മാനുഷിക പ്രതിസന്ധിയെ ഭൂകമ്പം കൂടുതല്‍ വഷളാക്കി. ദുരന്തത്തിന് മുമ്പുതന്നെ, 3 ദശലക്ഷത്തിലധികം ആളുകള്‍ കുടിയിറക്കപ്പെട്ടു, ഏകദേശം 20 ദശലക്ഷത്തോളം പേര്‍ക്ക് അടിയന്തരമായി മാനുഷിക സഹായം ആവശ്യമായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. യഥാര്‍ഥ മരണസംഖ്യ റിപോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലായിരിക്കുമെന്ന് പ്രാദേശിക സ്രോതസ്സുകള്‍ പറയുന്നു.

മ്യാന്‍മറില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50 ന് സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. മിനിറ്റുകള്‍ക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ചെറിയ ഭൂചലനങ്ങളുടെ ഒരു പരമ്പരയും തന്നെ ഉണ്ടാവുകയായിരുന്നു.മേഖലയിലുടനീളം ഭൂകമ്പം അനുഭവപ്പെട്ടു, ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തും ചൈനയുടെ കിഴക്കന്‍ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും കെട്ടിടങ്ങള്‍ കുലുങ്ങി.

Next Story

RELATED STORIES

Share it