Latest News

ഡല്‍ഹി ജഹാന്‍ഗിര്‍പുരി സംഘര്‍ഷം: ഡല്‍ഹി പോലിസ് വിശ്വഹിന്ദുപരിഷത്തിന്റെ കയ്യിലെ കളിപ്പാവ

ഡല്‍ഹി ജഹാന്‍ഗിര്‍പുരി സംഘര്‍ഷം: ഡല്‍ഹി പോലിസ് വിശ്വഹിന്ദുപരിഷത്തിന്റെ കയ്യിലെ കളിപ്പാവ
X

ന്യൂഡല്‍ഹി: ഡല്‍ഹി ജഹാന്‍ഗിര്‍പുരിയില്‍ ഹനുമാന്‍ ജയന്തി റാലിക്കെതിരേ ആക്രമണം നടത്തിയെന്ന് ആരോപിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. അനുമതിയില്ലാതെ നടന്ന ഹനുമാന്‍ ജയന്തി റാലിയാണ് പള്ളിയ്ക്കുമുന്നില്‍ പ്രകോപനം സൃഷ്ടിച്ചതും കല്ലേറ് സംഘടിപ്പിച്ചതും. പള്ളിയില്‍ കാവിപ്പതാക കെട്ടാനുള്ള ശ്രമവും നടന്നു. ഹനുമാന്‍ ജയന്തി റാലിയുടെ ഭാഗമായി നടന്ന മൂന്നാമത്തെ റാലിയാണ് പള്ളിക്കുമുന്നിലൂടെ പോയത്. ആദ്യ റൂട്ട് ഇതായിരുന്നില്ലെന്ന് പോലിസ് തന്നെ കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഈ റൂട്ടിലേക്ക് റാലി തിരിച്ചുവിടുകയായിരുന്നു.

അനുമതി ലഭിക്കാതെ റാലി നടത്തിയതിന് കേസെടുത്ത വാര്‍ത്ത പുറത്തുവന്നതോടെ വിശ്വഹിന്ദു പരിഷത്ത് ഭീഷണിയുമായി രംഗത്തുവന്നു. ഒരു പ്രാദേശിക വിശ്വഹിന്ദുപരിഷത്ത് നേതാവിനെ സംഭവത്തിന്റെ പേരില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഭീഷണി കേട്ടതോടെ ഇയാള്‍ക്കെതിരേയുള്ള കേസ് പോലിസ് ലഘൂകരിക്കുകയും സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കുകയും ചെയ്തു. എഫ്‌ഐആറിലും പോലിസ് തിരുത്തല്‍ വരുത്തി.

പുതിയ പോലിസ് എഫ്‌ഐആറില്‍ വിശ്വഹിന്ദുപരിഷത്ത്, ബജ്‌റംഗദള്‍ എന്നിവരുടെ പേരുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ബജ്‌റംഗദളാണ് പരിപാടി സംഘടിപ്പിച്ചത്. അനുമതിയില്ലാതെ റാലി നടത്തിയതിന് സംഘാടകര്‍ക്കെതിരേ കേസെടുക്കുമെന്ന നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ഡിസിപി ഉഷ രംഗ്‌നാനിയുടെ പ്രസ്താവന ഇതോടെ ഉണ്ടയില്ലാ വെടിയായി.

'വിഎച്ച്പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രവര്‍ത്തകരില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേള്‍ക്കുന്നു. അവര്‍ (പോലിസ്) വലിയ മണ്ടത്തരമാണ് കാണിക്കുന്നത്'' വിഎച്ച്പി നേതാവ് വിനോദ് ബന്‍സാലിന്റെ ഭീഷണി കൊള്ളേണ്ടിടത്ത് കൊണ്ടു. പോലിസ് ജിഹാദികള്‍ക്കുമുന്നില്‍ അടിയറവ് പറയുകയാണെന്നാണ് ബന്‍സാല്‍ ആരോപിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പോലിസ് ഇതുവരെ 23 പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ മുഴുവന്‍ പേരും മുസ് ലിംകളാണ്. അതായത് ആക്രമണം നടത്തിയവരല്ല, ആക്രമണത്തിന് വിധേയരായവരാണ് കേസില്‍ ഉള്‍പ്പെട്ടത്.

അറസ്റ്റിലായ ഒരു മുസ് ലിംമാവട്ടെ ചെറിയ ഒരു കുട്ടിയും. 16 വയസ്സുകാരനെ വയസ്സ് തിരുത്തി 22 വയസ്സുകാരനാക്കിയാണ് പോലിസ് കേസെടുത്തത്.

'അറസ്റ്റിലായപ്പോള്‍, 21 അല്ലെങ്കില്‍ 22 വയസ്സ് പ്രായമുണ്ടെന്ന് അയാള്‍ പോലിസിനോട് പറഞ്ഞു. അവനെ പരിശോധിച്ച ഡോക്ടറും അത് തന്നെ പറഞ്ഞു... ഇപ്പോള്‍ ഞങ്ങള്‍ അവനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയിരിക്കുകയാണ്'പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പോലിസുകാരന്‍ പറഞ്ഞു.

വയസ്സ് തിരുത്തി കേസെടുത്ത സംഭവത്തില്‍ പോലിസിനെതിരേ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ആ ഹരജി ഇന്ന് പരിഗണിക്കും.

ഒരു വിഭാഗത്തിനെതിരേ ആക്രമണം സംഘടിപ്പിച്ച് ഇരകളെത്തന്നെ കേസില്‍പെടുത്തുകയാണ് ഇന്നത്തെ രീതി. നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് ഇതെന്ന് പറയാതെ വയ്യ.

Next Story

RELATED STORIES

Share it