Latest News

സ്ത്രീകളെയും 65 വയസില്‍ കൂടുതലുള്ളവരെയും 15 വയസില്‍ താഴെയുള്ളവരെയും സ്റ്റേഷനിലേക്ക് വിളിക്കരുത്: മനുഷ്യത്വ നിര്‍ദേശങ്ങളുമായി പോലിസ് മാര്‍ഗ്ഗരേഖ

ഒരാളെ അറസ്റ്റ് ചെയ്യുന്നത് വ്യക്തമായ കാരണം അറിയിച്ചുവേണമെന്നും അറസ്റ്റ് സ്ഥിരം നടപടിയാവരുതെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്.

സ്ത്രീകളെയും 65 വയസില്‍ കൂടുതലുള്ളവരെയും 15 വയസില്‍ താഴെയുള്ളവരെയും സ്റ്റേഷനിലേക്ക് വിളിക്കരുത്: മനുഷ്യത്വ നിര്‍ദേശങ്ങളുമായി പോലിസ് മാര്‍ഗ്ഗരേഖ
X

ന്യൂഡല്‍ഹി: പോലീസിന് കൂടുതല്‍ മനുഷ്യത്വ മുഖം നല്‍കാനുള്ള നിര്‍ദേശങ്ങളുമായി കേന്ദ്രം പോലിസ് കരട് മാര്‍ഗരേഖ പുറത്തിറക്കി.

സ്ത്രീകളെയും 65 വയസില്‍ കൂടുതലുള്ളവരെയും 15 വയസില്‍ താഴെയുള്ളവരെയും സ്റ്റേഷനിലേക്ക് വിളിക്കാതെ വീടുകളില്‍ പോയി ചോദ്യം ചെയ്യണമെന്നും ചോദ്യം ചെയ്യാന്‍ വിളിക്കുന്നവരെ നിശ്ചിത സമയത്തില്‍ കൂടുതല്‍ കസ്റ്റഡിയില്‍ വെക്കാന്‍ പാടില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് (ബിപിആര്‍ഡി) ആണ് മാര്‍ഗരേഖ പുറത്തിറക്കിയത്. ഒരാളെ അറസ്റ്റ് ചെയ്യുന്നത് വ്യക്തമായ കാരണം അറിയിച്ചുവേണമെന്നും അറസ്റ്റ് സ്ഥിരം നടപടിയാവരുതെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്.

വ്യക്തമായി എഴുതി തയാറാക്കി നാട്ടിലെ ബഹുമാന്യവ്യക്തി സാക്ഷിയായി ഒപ്പിട്ടതായിരിക്കണം അറസ്റ്റ് മെമ്മോ. അറസ്റ്റ് ചെയ്യുന്ന വ്യക്തി പറയുന്ന ഒരാളെ നടപടിയെക്കുറിച്ച് അറിയിച്ചിരിക്കണം. അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥനൊപ്പം വളരെക്കുറഞ്ഞ പോലീസേ ഉണ്ടാകാവൂ. അറസ്റ്റിന് പ്രചാരണം കൊടുക്കുന്നത് ഒഴിവാക്കണം. എന്തിനാണ് അറസ്റ്റെന്നും ഏത് അധികാരി പറഞ്ഞിട്ടാണെന്നും വ്യക്തിയെ അറിയിച്ചിരിക്കണം.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കണ്‍ട്രോള്‍ റൂമിലും അറസ്റ്റുസംബന്ധിച്ച വിവരങ്ങള്‍ കൈമാറണം. ജാമ്യമില്ലാക്കേസുകള്‍ പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളിലെ അറസ്റ്റില്‍ മാത്രമേ വിലങ്ങു വെക്കാവൂ. സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാപോലീസ് ഇല്ലെങ്കില്‍ ഒരു സ്ത്രീയെ അനുഗമിക്കാന്‍ അനുവദിക്കണം. എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

ഒരാള്‍ക്കെതിരില്‍ പരാതി ലഭിച്ചാല്‍ സ്ഥലവും സമയവും വ്യക്തമാക്കി കൃത്യമായ നോട്ടീസ് നല്‍കാതെ ഒരാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുത്. കസ്റ്റഡിയിലുള്ളവരുടെ സുരക്ഷയുറപ്പാക്കാന്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തും ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. കസ്റ്റഡിയില്‍ പീഡിപ്പിക്കുന്ന പൊലീസുകാര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാവണം.

അറസ്റ്റിലായവര്‍ക്ക് അഭിഭാഷകന്റെ സേവനം തേടാനുള്ള അവസരം ഉറപ്പാക്കണം. ആവശ്യമെങ്കില്‍ സൗജന്യ നിയമസഹായം നല്‍കണം. അറസ്റ്റിലായവര്‍ക്ക് നിശ്ചിത ഇടവേളകളില്‍ വെള്ളവും ഭക്ഷണവും നല്‍കണം. ഓരോ 48 മണിക്കൂറിലും വൈദ്യപരിശോധന നടത്തണം. ശാരീരിക പീഡനമേല്‍പ്പിക്കാതെ ശാസ്ത്രീയമായി വേണം ചോദ്യം ചെയ്യല്‍. വ്യക്തിശുചിത്വം ഉറപ്പാക്കാന്‍ അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ വൃത്തിയുള്ള വസ്ത്രങ്ങള്‍ ദിവസേന ഉറപ്പാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും കരട് മാര്‍ഗരേഖയിലുണ്ട്.

Next Story

RELATED STORIES

Share it