Big stories

ഇരട്ടക്കൊലപാതകം: ഒഡീഷ മുന്‍ എംഎല്‍എക്ക് ജീവപര്യന്തം

ഇരട്ടക്കൊലപാതകം: ഒഡീഷ മുന്‍ എംഎല്‍എക്ക് ജീവപര്യന്തം
X

റായ്പൂര്‍: ജീവിതപങ്കാളിയായ യുവതിയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ ഒഡീഷ മുന്‍ എംഎല്‍എയും ബിജു ജനതാദള്‍ നേതാവുമായ അനുപ് സായിക്ക് ജീവപര്യന്തം തടവ്. ഛത്തിസ്ഗഢിലെ റായ്ഘര്‍ ജില്ലാ കോടതിയുടെയാണ് വിധി. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഒഡീഷ രാഷ്ട്രീയത്തില്‍ വലിയ പ്രകമ്പനമുണ്ടാക്കിയ കേസാണ് ഇത്. പടിഞ്ഞാറന്‍ ഒഡീഷയില്‍ വലിയ ജനസ്വാധീനമുണ്ടായിരുന്ന നേതാവാണ് ഇപ്പോള്‍ ജീവപര്യന്തം തടവ്ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സായ്. കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ബിജെഡി പ്രസിഡന്റ് നവീന്‍ പട്‌നായിക് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ബജ്രാജ് നഗറില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂന്ന് തവണ എംഎല്‍എ സ്ഥാനത്തെത്തിയ ആളാണ് സായി. 2000 മുതല്‍ 2009 വരെ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായ ഇദ്ദേഹം 2014ല്‍ ബിജു ജനതാദളില്‍ ചേര്‍ന്നു. ഒഡീഷ സ്‌റ്റേറ്റ് വെയര്‍ഹൗസ് കോര്‍പറേഷന്റെ ചെയര്‍പേഴ്‌സനായിരുന്നു.

2016 മെയ്7നാണ് ഇരട്ടക്കൊലപാതകക്കേസ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കല്‍പന ദാസ്(32), മകള്‍ ബുബ്ലി ദാസ്(14) എന്നിവരുടെ ജീര്‍ണിച്ച മൃതദേഹം ഛത്തിസ്ഗഢ് അതിര്‍ത്തിയില്‍ നിന്ന് റായ്ഘര്‍ പോലിസ് കണ്ടെടുക്കുകയായിരുന്നു.

സായിയും അദ്ദേഹത്തിന്റെ ഡ്രൈവര്‍ ബര്‍ദന്‍ തൊപ്പൊയും സംഭവത്തില്‍ അറസ്റ്റിലായി. ഐപിസി 302, 201, 120 ബി എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

2005ല്‍ മുന്‍ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടിയ കല്‍പന എംഎല്‍എയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. കല്‍പനക്ക് ആദ്യ വിഹാഹത്തിലുണ്ടാ മകളാണ് കൊല്ലപ്പെട്ട മകള്‍ ബുബ്ലി. എംഎല്‍എയുമായി ബന്ധത്തിലായതോടെ കല്‍പനയും മകളും അയാള്‍ എടുത്തുനല്‍കിയ വീട്ടിലേക്ക് താമസം മാറി.

ലിവ് ഇന്‍ റിഷേഷന്‍ഷിപ്പിലായിരുന്നെങ്കിലും നിയമപരമായി വിവാഹം കഴിക്കാന്‍ എംഎല്‍എ തയ്യാറായിരുന്നില്ല. അതിനുവേണ്ടി കല്‍പന നിര്‍ബന്ധിച്ചെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. നിര്‍ബന്ധം ശക്തമായതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.

വിവാഹം കഴിക്കാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ആദ്യം ഒരു ഹോട്ടലില്‍ താമസിപ്പിച്ചു. പിന്നീട് അവിടെനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടയില്‍ തലയ്ക്കടിച്ച് ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം വാഹനാപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നു.

Next Story

RELATED STORIES

Share it