Latest News

ഇഡി കേസ്: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

ഇഡി കേസ്: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
X

ലഖ്‌നോ: ഉത്തര്‍പ്രദേശ് പോലിസ് അന്യായമായി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരായ ഇഡി കേസിലെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും. ലഖ്‌നോ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പലതവണ മാറ്റിവച്ച ശേഷമാണ് ഹരജി ഇന്ന് ലഖ്‌നോ കോടതി പരിഗണിക്കുന്നത്. യുഎപിഎ കേസില്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. നേരത്തെ സപ്തംബര്‍ 29ന് പരിഗണിച്ച കോടതി ഒക്ടോബര്‍ 10ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

ജഡ്ജ് അവധിയായതിനാലാണ് അന്ന് മാറ്റിയത്. അതിന് മുമ്പ് രണ്ടാഴ്ച മുമ്പ് പരിഗണിച്ചപ്പോഴും ഇതേ രീതിയില്‍ മാറ്റിയിരുന്നു. അതിനാല്‍, എത്രയും വേഗം ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട കാപ്പന്റെ അഭിഭാഷകന്‍, യുഎപിഎ കേസില്‍ സുപ്രിംകോടതി ഇതിനോടകം ജാമ്യം നല്‍കിയിട്ടുണ്ടെന്നും ജാമ്യനടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അറിയിച്ചിരുന്നു. നിലവില്‍ ഉത്തര്‍പ്രദേശിലെ മഥുര സെന്‍ട്രല്‍ ജയിലിലാണ് സിദ്ദിഖ് കാപ്പനുള്ളത്.

ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് മാധ്യമപ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം മുന്‍ സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള കടുത്ത നിയമങ്ങള്‍ ചുമത്തുകയായിരുന്നു. പിന്നീട് ഇഡിയും കേസെടുത്തു. രണ്ടുവര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയായിരുന്നു ജാമ്യം. കാപ്പന്‍ ആറാഴ്ച ഡല്‍ഹിയില്‍ തുടരണമെന്ന് ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശിച്ചിരുന്നു.

Next Story

RELATED STORIES

Share it