Latest News

കൊവിഡ് കാല തിരഞ്ഞെടുപ്പ്: മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ (ഇവിഎം) ബട്ടണ്‍ അമര്‍ത്താന്‍ വോട്ടര്‍മാര്‍ക്ക് കയ്യുറകള്‍ നല്‍കുമെന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലൊന്ന്.

കൊവിഡ് കാല തിരഞ്ഞെടുപ്പ്: മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
X

ന്യൂഡല്‍ഹി: കൊറോണ വ്യാപന കാലത്ത് പൊതുതെരഞ്ഞെടുപ്പുകള്‍ക്കും ഉപതിരഞ്ഞെടുപ്പുകള്‍ക്കമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് കമ്മീഷന്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. രാജ്യത്ത് കോവിഡ് വ്യാപനത്തിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ആദ്യ സംസ്ഥാനം ബിഹാറായിരിക്കും. ഒക്ടോബര്‍-നവംബര്‍ മാസമാണ് വോട്ടെടുപ്പ്. ഇതിനുള്ള വിജ്ഞാപനം സെപ്റ്റംബര്‍ 20നകം പുറപ്പെടുവിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ (ഇവിഎം) ബട്ടണ്‍ അമര്‍ത്താന്‍ വോട്ടര്‍മാര്‍ക്ക് കയ്യുറകള്‍ നല്‍കുമെന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലൊന്ന്. മറ്റുള്ളവ ഇവയാണ്.

1. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മാസ്‌ക് ധരിക്കണം. പോളിംഗ് ബൂത്തിന് മുന്നില്‍ സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവ സ്ഥാപിക്കണം.

2. താപനില പരിശോധിച്ച ശേഷമെ പോളിംഗ് സ്റ്റേഷനുള്ളിലേക്ക് പ്രവേശിപ്പിക്കാവൂ. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം.

3. വോട്ടര്‍മാര്‍ നിര്‍ബന്ധമായും കയ്യുറ ധരിക്കണം.

സാമൂഹിക അകലം ഉറപ്പാക്കാന്‍ വലിയ മുറികളില്‍ പോളിംഗ് സ്റ്റേഷന്‍ സജ്ജീകരിക്കണം.

4. പോളിങ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്ക് ആവശ്യത്തിന് വാഹനം ലഭ്യമാക്കണം.

5. വീടുകള്‍ സന്ദര്‍ശിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പരമാവധി 5 പേരെ മാത്രമെ അനുവദിക്കൂ.

6. എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും നിയമസഭാമണ്ഡലങ്ങളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കേണ്ടത് ഇവരാണ്.

7. നാമനിര്‍ദേശ പത്രികയും സത്യവാങ്ങമൂലവും ഓണ്‍ലൈനായി സമര്‍പ്പിക്കാം. പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കുകയോ പ്രിന്റ് ഔട്ട് റിട്ടേണിങ്ങ് ഓഫീസര്‍ക്ക് നേരിട്ട് നല്‍കുകയോ ചെയ്യാം.

8. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തുന്ന ആള്‍ക്കൊപ്പം പരമാവധി രണ്ട് പേര്‍ക്ക് മാത്രമെ റിട്ടേണിങ്ങ് ഓഫീസറുടെ മുന്നിലേക്ക് പ്രവേശനമുണ്ടാകൂ.

9. സ്ഥാനാര്‍ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക ഓണ്‍ലൈനായും നേരിട്ടും അടയ്ക്കാം.

10. ഭിന്നശേഷിക്കാര്‍, 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് നിരീക്ഷണത്തിലുള്ളവര്‍, അവശ്യസര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് തപാല്‍ വോട്ടിംഗ് രീതി ഉപയോഗിക്കാം.

Next Story

RELATED STORIES

Share it