Latest News

33 രൂപ തിരികെ കിട്ടാന്‍ റെയില്‍വേയോട് പോരാടിയത് രണ്ടുവര്‍ഷം

33 രൂപ തിരികെ കിട്ടാന്‍ റെയില്‍വേയോട് പോരാടിയത് രണ്ടുവര്‍ഷം
X

ജയ്പൂര്‍: രണ്ടുവര്‍ഷത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ 33 രൂപ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് സുജീത്ത് സ്വാമിയെന്ന് യുവ എന്‍ജിനീയര്‍. ട്രെയിന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്തപ്പോള്‍ ഈടാക്കിയ 33 രൂപ തിരികെ കിട്ടാനായിരുന്നു സുജീത്ത് എന്ന 30കാരന്‍ രണ്ടുവര്‍ഷം പോരാടി റെയില്‍വേയില്‍ നിന്നും വിജയം നേടിയത്.

രാജസ്ഥാനിലെ കോട്ടയില്‍നിന്നും ന്യൂഡല്‍ഹിയിലേക്ക് ജൂണ്‍ രണ്ടിന് യാത്ര ചെയ്യാന്‍ 2017 ഏപ്രിലിലായിരുന്നു സുജീത്ത് ടിക്കറ്റ് ബുക്ക് ചെയ്തത്. 765 രൂപയായിരുന്നു ടിക്കറ്റ് വില. വെയ്റ്റിങ് ലിസ്റ്റിലായിരുന്ന സുജീത്ത് പിന്നീട് ടിക്കറ്റ് കാന്‍സല്‍ ചെയ്തു. കാന്‍സല്‍ ചെയ്തപ്പോള്‍ 665 രൂപയാണ് സ്വാമിക്ക് തിരികെ ലഭിച്ചത്. കാന്‍സല്‍ ചെയ്യുമ്പോള്‍ ഈടാക്കേണ്ടിയിരുന്ന 65 രൂപയ്ക്ക് പകരം 100 രൂപയാണ് സുജിത്തിന്റെ പക്കല്‍നിന്നും റെയില്‍വേ ഈടാക്കിയത്. 65 രൂപ ക്ലെറിക്കല്‍ ചാര്‍ജും 35 രൂപ സേവന നികുതിയും (ജിഎസ്ടി) ചേര്‍ത്താണ് 100 രൂപ ഈടാക്കിയത്.

സേവന നികുതി ഇനത്തിലാണ് 35 രൂപ ഈടാക്കിയത്. പക്ഷേ ജിഎസ്ടി നിലവില്‍ വരുന്നതിന് തൊട്ടു മുമ്പത്തെ ദിവസമാണ് സുജിത്ത് ടിക്കറ്റ് കാന്‍സല്‍ ചെയ്തത്. എന്നിട്ടും തന്റെ കൈയ്യില്‍നിന്നും 35 രൂപ ഈടാക്കിയതോടെ സുജിത്ത് വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്തു. ജിഎസ്ടി നടപ്പിലാക്കുന്നതിനു മുമ്പായാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്നും കാന്‍സല്‍ ചെയ്തത് ജിഎസ്ടി നിലവില്‍ വന്നശേഷമാണെന്നും, അതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്തപ്പോള്‍ ഈടാക്കിയ സേവന നികുതി തിരികെ നല്‍കാനാവില്ലെന്നുമാണ് ഐആര്‍സിടിസി മറുപടി കൊടുത്തത്.

2018 ഏപ്രിലില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നും അനുകൂല മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വാമി ലോക് അദാലത്തിനെ സമീപിച്ചിരുന്നു. പക്ഷേ കേസ് അദാലത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് കാണിച്ച് പരാതി തള്ളി. തുടര്‍ന്നാണ് സ്വാമി വീണ്ടും റെയില്‍വേയെ സമീപിച്ചത്.

2017 ജൂലൈ 1ന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും കാന്‍സല്‍ ചെയ്തവര്‍ക്കും ബുക്ക് ചെയ്യുന്ന സമയത്ത് ഈടാക്കിയ സേവന നികുതി മുഴുവന്‍ നല്‍കാന്‍ തീരുമാനമായെന്ന് ഐആര്‍സിടിസി പിന്നീട് സുജീത്തിന് മറുപടി കൊടുത്തു. സേവന നികുതിയായി ഈടാക്കിയ 35 രൂപ തിരികെ നല്‍കുമെന്നും സ്വാമിയുടെ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായി റെയില്‍വേ അറിയിച്ചു. പക്ഷേ 2 രൂപ കുറച്ച് 33 രൂപയാണ് 2019 മേയ് 1ന് സ്വാമിയുടെ അക്കൗണ്ടിലെത്തിയത്.

2 രൂപ കുറച്ചതിനെതിരേ റെയില്‍വേയ്‌ക്കെതിരേ വീണ്ടും കേസുമായി മുന്നോട്ടുപോകുമെന്നാണ് സുജീത്ത് പിടിഐയോട് പറഞ്ഞത്.അതേസമയം, ജിഎസ്ടി നിലവില്‍ വരുന്നതിനു മുമ്പ് 9 ലക്ഷം യാത്രക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്നും ജൂലൈ ഒന്നിനും 11നും ഇടയ്ക്ക് ടിക്കറ്റ് കാന്‍സല്‍ ചെയ്തവരില്‍നിന്നും സേവന നികുതി ഈടാക്കിയിട്ടുണ്ടോയെന്നറിയാന്‍ വിവരാവകാശ നിയമപ്രകാരം മറ്റൊരു അപേക്ഷയും ഇദ്ദേഹം നല്‍കിയിട്ടുണ്ട്. ഈ യാത്രക്കാരില്‍നിന്നും 3.34 കോടി രൂപയാണ് സേവന നികുതിയായി ഈടാക്കിയത്. പല യാത്രക്കാര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ല. പലരും ഇത് മറന്നിട്ടുണ്ടാകുമെന്നും യുവാവ് പറഞ്ഞു.


Next Story

RELATED STORIES

Share it