Latest News

വിഖ്യാത തെലുങ്ക് സംവിധായകന്‍ കെ വിശ്വനാഥ് അന്തരിച്ചു

വിഖ്യാത തെലുങ്ക് സംവിധായകന്‍ കെ വിശ്വനാഥ് അന്തരിച്ചു
X

ഹൈദരാബാദ്: വിഖ്യാത ഇന്ത്യന്‍ ചിത്രം ശങ്കരാഭരണത്തിന്റെ സംവിധായകന്‍ കെ വിശ്വനാഥ് (കസിനഡുനി വിശ്വനാഥ്- 92) അന്തരിച്ചു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വാണിജ്യചിത്രങ്ങള്‍ക്കപ്പുറം കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് തെലുങ്ക് സിനിമയില്‍ കൂടുതല്‍ ഊന്നല്‍ കൊടുത്ത സംവിധായകനായിരുന്നു കെ വിശ്വനാഥ്. ദേശീയതലത്തില്‍ ഖ്യാതി നേടിക്കൊടുത്ത നിരവധി ചിത്രങ്ങളുടെ സംവിധായകന്‍. 53 ലധികം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.

അഞ്ച് ദേശീയ അവാര്‍ഡുകള്‍, ആറ് സംസ്ഥാന നന്ദി അവാര്‍ഡുകള്‍, പത്ത് സൗത്ത് ഇന്ത്യന്‍ ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ഒരു ബോളിവുഡ് ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. 1992ല്‍ ആന്ധ്രാപ്രദേശ് രഘുപതി വെങ്കയ്യ അവാര്‍ഡ് നല്‍കിയും ആദരിച്ചു. തെലുങ്കിനു പുറമേ ആറ് ഹിന്ദിസിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത സിനിമാ പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് (2017), പദ്മശ്രീ (1992) എന്നിവ നല്‍കി രാജ്യം ആദരിച്ചു. തെലുങ്ക് സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പെഡപുലിവാറുവില്‍ കസിനഡുനി സുബ്രഹ്മണ്യന്റെയും സരസ്വതിയുടെയും മകനായി 1930ലാണ് അദ്ദേഹം ജനിച്ചത്. ജയലക്ഷ്മിയാണ് ഭാര്യ. മക്കള്‍: പത്മാവതി, രവീന്ദ്രനാഥ്, നാഗേന്ദ്രനാഥ്.

Next Story

RELATED STORIES

Share it