Latest News

വിമാനത്തിലെ പ്രതിഷേധം: ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നവീന്റെ മുഖത്തിടിച്ചു, ഫര്‍സീന്റെ കഴുത്തുഞെരിച്ചു; എഫ്‌ഐആര്‍ പുറത്ത്

വിമാനത്തിലെ പ്രതിഷേധം: ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നവീന്റെ മുഖത്തിടിച്ചു, ഫര്‍സീന്റെ കഴുത്തുഞെരിച്ചു; എഫ്‌ഐആര്‍ പുറത്ത്
X

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരേ പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍ പുറത്ത്. ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നവീന്റെ മുഖത്തിടിച്ചു. പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിന്റെ കഴുത്ത് ജയരാജന്‍ ഞെരിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. മുഖ്യമന്ത്രിക്കു മുന്നില്‍ വച്ച് പ്രതിഷേധക്കാറായോ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.

ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരേ തിരുവനന്തപുരം വലിയതുറ പോലിസാണ് കേസെടുത്തത്. ഇ പി ജയരാജന്‍, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പി എ സുനീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. വധശ്രമം, മനപ്പൂര്‍വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ജഡ്ജി ലെനി തോമസാണ് ഉത്തരവിട്ടത്.

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലായിരുന്നു കോടതിയുടെ നടപടി. കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രിയെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒപ്പമുണ്ടായിരുന്ന ഇ പി ജയരാജന്‍ തള്ളിവീഴ്ത്തിയിരുന്നു. ഈ സംഭവത്തില്‍ വധശ്രമക്കേസ് ചുമത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്‌തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു. ജയരാജനെതിരെയും കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. മുഖ്യമന്ത്രി നിയമസഭല്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it