Latest News

ആവിഷ്‌കാര സ്വാതന്ത്ര്യം! എന്താണത്?

ആവിഷ്‌കാര സ്വാതന്ത്ര്യം! എന്താണത്?
X

പ്രഫ. പി കോയ

ജനാധിപത്യത്തിന്റെ അടിസ്ഥാനസ്വഭാവങ്ങളിലൊന്നാണ് മാധ്യമസ്വാതന്ത്ര്യം എന്നാണ് വെപ്പ്. എന്നാല്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പുകളിലൂടെ അധികാരമേറിയ ഭരണാധികാരികള്‍ വരെ അവസരം കിട്ടുമ്പോള്‍ മാധ്യമങ്ങളെ വരുതിയിലാക്കുകയോ ചങ്ങലക്കിടുകയോ ചെയ്യുന്നു. യുനെസ്‌കോ ഈയിടെ പ്രസിദ്ധീകരിച്ച ഒരു റിപോര്‍ട്ടനുസരിച്ച് ലോകജനസംഖ്യയില്‍ 85 % വരെ മാധ്യമസ്വാതന്ത്ര്യം ക്രമേണയില്ലാതാവുന്ന നാടുകളിലാണ് കഴിയുന്നത്. മാധ്യമങ്ങളുടെ അവസ്ഥയനുസരിച്ച് രാജ്യങ്ങളുടെ റാങ്ക് നിശ്ചയിക്കുന്ന സ്വീഡനിലെ വിഡെം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സര്‍വേ പ്രകാരം അഭിപ്രായസ്വാതന്ത്ര്യം ക്രമേണ താഴോട്ട് തന്നെയാണ്. ഇന്‍സ്റ്റിറ്റിയൂട്ട് അവയുടെ മേലുള്ള നിയന്ത്രണത്തിന് ഒന്നു മുതല്‍ പത്തു വരെ ഗ്രേഡ് നിശ്ചയിച്ചു. പൂജ്യം എന്നാല്‍ ഒട്ടും സ്വാതന്ത്ര്യമില്ലാത്തത്. ഒന്ന് ഒരു നിയന്ത്രണവുമില്ലാത്തത്. . ചൈനയുടെ കാര്യം പോട്ടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്ന് നെഞ്ചത്തടിച്ചു കരയുന്ന ഇന്ത്യയില്‍ ഗ്രേഡ് 0.85 ഉണ്ടായിരുന്നത് 0.55 ആയി. വലതുപക്ഷക്കാരനായ പ്രസിഡന്റ് ഭരിക്കുന്ന ബ്രസീലിപ്പോള്‍ അത് 0.94 ല്‍ നിന്ന് 0.57 ആയി കുറഞ്ഞു.

ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാധ്യമപ്രവര്‍ത്തനം താരതമ്യേന സുഗമമായിരുന്നുവെങ്കില്‍ 2021 ല്‍ അത് കൂടുതല്‍ അപകടകരമായി എന്നു സൂചിപ്പിക്കുന്നു. അമേരിക്കയും സോവിയറ്റു യൂണിയനും തങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഏകാധിപതികളെ സംരക്ഷിച്ചു കൊണ്ടിരുന്ന ശീതയുദ്ധകാലത്തുപോലും കാണാത്തവിധത്തിലാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ കൂടിവരുന്നത്.

ഭരണകൂടങ്ങള്‍ കുറച്ചു മുമ്പു വരെ തങ്ങള്‍ നിര്‍ദ്ദേശിച്ചപോലെ റിപോര്‍ട്ടുകളും അപഗ്രഥനങ്ങളുമെഴുതാത്തവരെ തട്ടിക്കളയാറാണ് പതിവ്. അല്ലെങ്കില്‍ ജയിലിലിടും.(ഇക്കാര്യത്തില്‍ ഇസ്രായേലാണ് വളരെ മുമ്പില്‍. അക്രമങ്ങള്‍ പറത്തുവരാതിരിക്കാന്‍ അവര്‍ ഇതിനകം അമ്പതോളം മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ട്)

റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് കഴിഞ്ഞ വര്‍ഷം 488 മാധ്യമപ്രവര്‍ത്തകര്‍ ജയിലിലായിരുന്നു എന്നു പറയുന്നു. അതേ വര്‍ഷം 46 പേരാണ് കൊല്ലപ്പെട്ടത്. അതിനു കാരണം കൂടുതല്‍ സമര്‍ത്ഥമായ രീതിയില്‍ മാധ്യമലോകത്തിടപ്പെടുന്നതിനുള്ള തന്ത്രങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ വികസിപ്പിച്ചതാണ്. ദേശീയസുരക്ഷാ എന്ന പേരില്‍ ഇന്ത്യയില്‍ നടക്കുന്നപോലെ ഇഷ്ടപ്പെടാത്തവരെ കള്ളക്കേസുണ്ടാക്കി ജയിലിലിടാം. സിദ്ദീഖ് കാപ്പന്‍ തന്നെ ഉദാഹരണം. അല്ലെങ്കില്‍ വന്‍ മുതലാളിമാരെ ഉപയോഗിച്ചു മാധ്യമസ്ഥാപനങ്ങളെ വിലക്കു വാങ്ങാം. ഇഷ്ടപ്പെടാത്ത മാധ്യമങ്ങള്‍ക്ക് പരസ്യം നിഷേധിക്കാം. തേജസിനു സംഭവിച്ചപോലെ. ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം പ്രത്യേക വിവരങ്ങള്‍ നല്‍കി ബാക്കിയുള്ളവയുടെ പ്രചാരം തടയാം. കൊവിഡ് കാലം പല ഗവമെന്റുകള്‍ക്കും വലിയ അനുഗ്രഹമായിരുന്നു. ചില രാജ്യങ്ങള്‍ അതു സംബന്ധിച്ചു വ്യാജവാര്‍ത്ത പ്രചരിക്കുന്നുവെന്ന് പറഞ്ഞ് റിപോര്‍ട്ടര്‍മാരെ ജയിലിലിട്ടു. 144 രാജ്യങ്ങളില്‍ 90 ലും മഹാമാരി കാലത്ത് പത്രസ്വാതന്ത്ര്യത്തിനു മേല്‍ നിയന്ത്രണമുണ്ടായിരുന്നു. ഇന്ത്യയില്‍ കൊവിഡ് മരണത്തിന്റെ കണക്കുകള്‍ കേന്ദ്രസംസ്ഥാന ഭരണകൂടങ്ങള്‍ പൂഴ്ത്തിവെച്ചു.

പരസ്യം നല്‍കാതിരിക്കുക എന്ന തന്ത്രത്തിന് ഒരുപാട് പഴക്കമുണ്ട്. അത് സര്‍ക്കാര്‍ പരസ്യമാവാം; അല്ലെങ്കില്‍ സ്വകാര്യ വാണിജ്യവ്യവസായ സ്ഥാപനങ്ങളുടെ വകയാവാം. ഉദാഹരണത്തിന് അംബാനിയുടെയോ അദാനിയുടെയോ നിയന്ത്രണത്തിലുള്ള ഒരു കമ്പനിക്ക് സര്‍ക്കാറിനോട് മമത കാണിക്കാത്ത പത്രത്തിന് പരസ്യം കൊടുക്കാതിരിക്കാം. റഷ്യയിലും തുര്‍ക്കിയിലും ഇന്ത്യയിലും ആ തന്ത്രം പ്രയോഗിക്കുന്നുണ്ട്. ഭരണാധികാരിയുടെ ഫോട്ടോ എല്ലാ ദിവസവും ഒന്നാം പേജില്‍ വരണമെന്ന് ശഠിക്കുന്ന ഗള്‍ഫ് രാജ്യങ്ങളുണ്ട്.

പുതിയ സാങ്കേതികവിദ്യ തുടക്കത്തില്‍ അഭിപ്രായവിനിമയത്തിന് വളരെ സഹായകമായെങ്കിലും ഭരണകൂടങ്ങള്‍ പെട്ടന്നുതന്നെ അവയെ നിയന്ത്രിക്കുന്നതില്‍ മിടുക്ക് കാണിക്കാന്‍ തുടങ്ങി. ചൈനയാണ് ഇതിന്റെ മികച്ച ഉദാഹരണം. എല്ലാ വിവര വിനിമയസംവിധാനങ്ങളും ചൈനയില്‍ നിരീക്ഷണത്തിലാണ്. പാര്‍ട്ടിയെ ഒരു തരത്തിലും വിമര്‍ശിച്ചുകൂടാ. റിപോര്‍ട്ടര്‍മാരോട് പരസ്യമായി സംസാരിക്കാന്‍ ഒരാളും തയ്യാറാവുകയില്ല. ഷാങ്ഹായില്‍ കൊവിഡ് മൂലം മരണമടഞ്ഞവരുടെ യഥാര്‍ത്ഥ കണക്കിനു ഓലൈനില്‍ ഒരു മണിക്കൂര്‍ മാത്രമായിരുന്നു ആയുസ്സ്. ഒരിക്കല്‍ വലിയ നിയന്ത്രണങ്ങളൊന്നുമില്ലാതെ മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സൗകര്യമുണ്ടായിരുന്ന ഹോംങ്കോങ്ങില്‍ ഇപ്പോള്‍ അതിനു വിലക്കുണ്ട്. ശിക്ഷയും കാഠിന്യമാണ്. ചിലപ്പോള്‍ ജീവപര്യന്തം ജയിലില്‍ കിടക്കേണ്ടിവരും. ഹോംങ്കോംഗ് ഭരണകൂടത്തെ വിമര്‍ശിച്ചിരുന്ന ആപ്പ്ള്‍ ഡെയ്‌ലിയുടെ പ്രസാധനം അധികാരികള്‍ അവസാനിപ്പിച്ചത് ജേര്‍ണലിസം ക്ലാസ്സില്‍ കേസ് സ്റ്റഡിയായി പഠിക്കാന്‍ പറ്റും. ആദ്യം തന്നെ അതിന് പരസ്യം കൊടുക്കരുതെന്ന് രഹസ്യമായ നിര്‍ദ്ദേശമുണ്ടായി. ഇമെയിലുകള്‍ ചാരന്മാര്‍ കട്ടുവായിക്കുന്നത് വര്‍ധിച്ചു. പ്രസാധകനായ ജിമ്മിലായെ വിദേശബന്ധമാരോപിച്ചു ജയിലിലിടുന്നു. അവസാനം പോലിസ് ഓഫിസ് റെയ്ഡു ചെയ്തു എല്ലാം കൊണ്ടുപോയി. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കഴിഞ്ഞ ജൂണില്‍ പത്രം അടച്ചുപൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ പ്രതിഷേധസൂചകമായി അവസാനലക്കത്തിന്റെ 10 ലക്ഷം കോപ്പികളാണ് ജനങ്ങള്‍ വരിനിന്ന് വാങ്ങിയത്. ഒരു ലക്ഷമായിരുന്നു അതിന്റെ ശരാശരി സര്‍ക്കുലേഷന്‍.

സാമൂഹ്യമാധ്യമങ്ങള്‍ വന്നതോടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് കൂടുതല്‍ ഊര്‍ജ്ജം കിട്ടി എന്നു കരുതേണ്ട. അവയിലാണ് തീവ്രവലതുപക്ഷവും വംശീയവാദികളും അഴിഞ്ഞാടുന്നത്. വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിക്കും വിധം വ്യാജഐഡികള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുവര്‍ നുണകള്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യയില്‍ റാണാ അയ്യൂബിനെപോലുള്ളവരുടെ പടങ്ങള്‍ അശ്ലീല വീഡിയോകളുടെ ഭാഗമാക്കി പ്രചരിപ്പിച്ചത് അവര്‍ മോദിയെ വിമര്‍ശിച്ചതുകൊണ്ടാണ്. അവരുടെ വിലാസം പ്രചരിപ്പിച്ചു അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പല മാധ്യമപ്രവര്‍ത്തകരുടെയും മൊബൈല്‍ ഫോട്ടോ ശത്രുക്കള്‍ക്ക് രഹസ്യം ചോര്‍ത്താനുള്ള വഴിയാണ്. ന്യൂയോര്‍ക്കിലെ ഫ്രീഡം ഹൗസിന്റെ കണക്കനുസരിച്ചുള്ള 200 ലധികം മാധ്യമപ്രവര്‍ത്തകരുടെ ഫോണില്‍ പെഗസസ് സ്‌പൈവെയറുണ്ട്. ലോക്‌സഭയില്‍ വരെ മന്ത്രിമാര്‍, ഇതു സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ട്രപ്പീസ് കളിച്ചത് നാം കണ്ടു. ആവശ്യമാണെങ്കില്‍ ഭരണകൂടങ്ങള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ ഇന്റര്‍നെറ്റ് തന്നെഅടച്ചിടും; കശ്മീരില്‍ ചെയ്യുന്നപോലെ. പൊതുവില്‍ ആവിഷ്‌കാരസ്വാതന്ത്ര്യം ഒരലങ്കാരമാണെന്ന് കരുതുന്നവരാണ് പല രാജ്യങ്ങളിലും വംശീയതയുടെയും നെഞ്ചളവും കാണിച്ചു സത്യം പറയുന്നവരെ നിശബ്ദരാക്കുന്നത്.

Next Story

RELATED STORIES

Share it