Latest News

13കാരിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് എക്‌സൈസ് മന്ത്രിയുടെ നിര്‍ദേശം

13കാരിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് എക്‌സൈസ് മന്ത്രിയുടെ നിര്‍ദേശം
X

കോഴിക്കോട്: 13കാരിയെ ലഹരി നല്‍കി ക്യാരിയറായി ഉപയോഗിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് എക്‌സൈസ് മന്ത്രിയുടെ നിര്‍ദേശം. ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറോട് ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി എം ബി രാജേഷ് നിര്‍ദേശം നല്‍കി. അഴിയൂരിലെ സ്‌കൂളില്‍ എക്‌സൈസ് ഇന്ന് പരിശോധനയും നടത്തും. കഴിഞ്ഞ ദിവസമാണ് അഴിയൂരിലെ സ്‌കൂളിലെ എട്ടാം ക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. ആദ്യം ലഹരി കലര്‍ത്തിയ ബിസ്‌ക്കറ്റ് നല്‍കി. പിന്നീട് ഇന്‍ജക്ഷന്‍ അടക്കം നല്‍കി ലഹരിക്ക് അടിമയാക്കിയ ശേഷം ലഹരി കടത്തിന് ഉപയോഗിച്ചെന്നാണ് കുട്ടി പറഞ്ഞത്. മറ്റു പലരും ഇങ്ങനെ ഉണ്ടെന്നും കുട്ടി വ്യക്തമാക്കിയിരുന്നു.

തന്നെ ലഹരി മരുന്ന് കടത്താന്‍ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ അഴിയൂര്‍ സ്വദേശിയായ യുവാവിനെ പോലിസ് വിളിച്ചുവരുത്തിയെങ്കിലും വിട്ടയച്ചിരുന്നു. തെളിവില്ലെന്ന് കണ്ടാണ് യുവാവിനെ വിട്ടയച്ചതെന്നായിരുന്നു പോലിസിന്റെ വിശദീകരണം. പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തെങ്കിലും ലഹരി മാഫിയക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നില്ലെന്നാണ് പോലിസ് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് ചോമ്പാല പോലിസിന് സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് കാട്ടി പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്.

ലഹരി മാഫിയ തന്നെ ഉപയോഗപ്പെടുത്തിയതായി പെണ്‍കുട്ടി പോലിസിന് വിവരം നല്‍കിയിരുന്നതായാണ് പരാതിയില്‍ പറയുന്നത്. സ്‌റ്റേഷനില്‍ പെണ്‍കുട്ടി എത്തിയ സമയത്ത് ലഹരി സംഘത്തിലെ ചിലയാളുകള്‍ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഈ കാര്യങ്ങളില്‍ വ്യക്തത വരുമെന്നും പരാതിയില്‍ പറയുന്നു. അതെസമയം, പോലിസ് നടപടിക്കെതിരേ അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റും രംഗത്തെത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈകീട്ട് മൂന്നുമണിക്ക് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എഇഒ, സ്‌കൂള്‍ അധികൃതര്‍, പോലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it