Latest News

ഹാഗിയ സോഫിയ: ഒരു പ്രതീക്ഷയുടെ സാക്ഷാത്കാരം

ഹാഗിയ സോഫിയ: ഒരു പ്രതീക്ഷയുടെ സാക്ഷാത്കാരം
X

ഇസ്താംബൂള്‍: ഹാഗിയ സോഫിയയില്‍ ഇന്ന് വെള്ളിയാഴ്ച നിസ്‌കാരം നടക്കുമ്പോള്‍ തുര്‍ക്കിയിലെ ആദ്യത്തെ ഇസ്‌ലാമിക പ്രധാനമന്ത്രി നജ്മുദ്ദീൻ അർബകാന്റെ
അനുയായികളായ അനറ്റോലിയന്‍ യൂത്ത് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഇതൊരു കാത്തിരിപ്പിന്റെ സാക്ഷാത്കാരമാണ്. വര്‍ഷങ്ങളായി അവര്‍ നടത്തിയ പോരാട്ടത്തിന്റെ അവസാനം ഹാഗിയ സോഫിയ ഒരു പള്ളിയായി വീണ്ടും രൂപാന്തരപ്പെടുകയും അവിടെ ആദ്യ നിസ്‌കാരം നടക്കുകയുമാണ്. ഇതിനു മുമ്പ് 1500 വര്‍ഷം പഴക്കമുള്ള ഈ മിനാരങ്ങള്‍ക്കു മുന്നില്‍ അവര്‍ പലതവണ പ്രതിഷേധ നിസ്‌കാരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്നവര്‍ ആ മന്ദിരത്തിനുളളില്‍ നിസ്‌കാരം നടത്തും.

''നമ്മളും ലോകത്തെ എല്ലാ മുസ്‌ലിങ്ങളും ഹാഗിയ സോഫിയ വീണ്ടും പള്ളിയായി മാറണമെന്ന് ആഗ്രഹിക്കുന്നവരാണ്. സുല്‍ത്താന്‍ മുഹമ്മദ് അല്‍ഫതഹ് ഇസ്താംബൂളിലെത്തിയപ്പോള്‍ അദ്ദേഹമത് സ്വന്തം പണം മുടക്കി ഒരു സ്മാരകമെന്ന നിലയില്‍ ക്രിസ്ത്യാനികളില്‍ നിന്ന് വാങ്ങിയതാണ്. പിന്നീട് മുസ്‌ലിംകങ്ങള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കുകയും ചെയ്തു'' അസോസിയേഷന്‍ നേതാവ് യൂനുസ് ജന്‍ക് പറഞ്ഞു.

86 കൊല്ലം മ്യൂസിയമായി നിലനിന്ന ഹാഗിയ സോഫിയ പള്ളിയാണെന്നും ആരാധനക്ക് തുറന്നുകൊടുക്കണമെന്നും കഴിഞ്ഞ ദിവസം തുര്‍ക്കി കോടതി വിധി പ്രഖ്യാപിച്ചിരുന്നു. വിധി വന്ന് അധികം വൈകാതെ രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍ ഈ മാസം 24 മുതല്‍ ഹാഗിയ സോഫിയയില്‍ ജുമുഅ നമസ്‌കാരം നടക്കുമെന്നും കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കെട്ടിടം പള്ളിയായി പുനപ്പരിവര്‍ത്തനം ചെയ്യുകയാണെന്നും ഉര്‍ദുഗാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതുപ്രകാരമുള്ള ആദ്യ വെള്ളിയാഴ്ച നിസ്‌കാരമാണ് ഇന്ന് നടക്കുന്നത്.

ഉസ്മാനിയ്യ ഭരണാധികാരിയായ മുഹമ്മദ് അല്‍ഫതഹ് കോണ്‍സ്റ്റാന്റിനോപ്പോള്‍ കീഴടക്കിയതിനു പിന്നാലെ ക്രിസ്ത്യാനികളില്‍നിന്നു വില കൊടുത്തു വാങ്ങുകയും തുടര്‍ന്ന് മസ്ജിദാക്കി വഖഫ് ചെയ്യുകയും ചെയ്ത കെട്ടിടമാണ് ഹാഗിയ സോഫിയ. വഖഫ് ചെയ്ത വ്യക്തിയുടെ ആഗ്രഹത്തിനു വിരുദ്ധമായി അത് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുര്‍ക്കി ഉന്നത കോടതി കെട്ടിടം വീണ്ടും പള്ളിയായി പുനര്‍പ്പരിവര്‍ത്തിപ്പിക്കാന്‍ ഉത്തരവിട്ടത്. കെട്ടിടം വിലകൊടുത്ത് വാങ്ങിയതിന്റെ രേഖകളും പുറത്തുവന്നിരുന്നു.

വിശ്വാസികള്‍ കയ്യൊഴിഞ്ഞതോടെ യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെ ഇത്തരത്തില്‍ നിരവധി ചര്‍ച്ചുകള്‍ ഇതര മതസമൂഹങ്ങള്‍ക്കും മറ്റുമായി വില്‍പ്പന നടത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it